നീ നഗ്‌നയായിരുന്നോ എന്ന് അമ്മ ചോദിച്ചു,അതിനുശേഷം കരയാൻ തുടങ്ങി; പോൺ സിനിമ അഭിനയത്തെക്കുറിച്ച് സണ്ണി

അഡൽറ്റ് ഫിലിം സ്റ്റാറിൽ നിന്നും ബോളിവുഡ് നടിയിലേക്കുള്ള സണ്ണി ലിയോണിന്റെ യാത്ര അസാധാരണമാണ്. കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയുമാണ് അവർ സിനിമാ മേഖലയിൽ തന്റേതായ ഒരു ഇടം നേടിയത്. അവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കരൺജിത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന വെബ് സീരീസ് പുറത്തിറങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു അധ്യായത്തെക്കുറിച്ച് സണ്ണി ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. അഡൽറ്റ് എന്റർടെയിൻമെന്റ് രംഗത്തേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തിൽ മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മയുടെ വേദനാജനകമായ പ്രതികരണത്തെക്കുറിച്ചാണ് സണ്ണി മനസ്സുതുറന്നത്. അഡൽറ്റ് ഫിലിം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിച്ചപ്പോൾ അമ്മ അനുഭവിച്ച മാനസിക വിഷമവും കണ്ണീരും തന്നെ എത്രത്തോളം ഉലച്ചു കളഞ്ഞുവെന്നും അവർ തുറന്നുപറഞ്ഞു. കാനഡയിലെ ഒരു സിഖ് കുടുംബത്തിൽ കരൺജിത് കൗർ വോഹ്‌റയായി ജനിച്ച സണ്ണി ലിയോൺ, കുടുംബത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ഈ മേഖലയിൽ എത്തിയത്.
തുടക്കത്തിൽ തന്റെ ഈ കരിയറിനെക്കുറിച്ച് കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. എന്നാൽ ഒരു വിദേശ ടിവി ഷോയിൽ സണ്ണി ലിയോണി പ്രത്യക്ഷപ്പെട്ടതോടെ ബന്ധുക്കൾക്കിടയിൽ ഈ വിവരം പ്രചരിക്കാൻ തുടങ്ങി. തുടർന്നാണ് സണ്ണിയും സഹോദരനും ചേർന്ന് മാതാപിതാക്കളോട് ഇക്കാര്യം നേരിട്ട് വെളിപ്പെടുത്താൻ തീരുമാനമെടുക്കുന്നത്. പെന്റ്ഹൗസ് 'പെറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരവും ഒരു ലക്ഷം ഡോളർ സമ്മാനത്തുകയും ലഭിച്ചത് മാതാപിതാക്കളുടെ വിഷമം കുറയ്ക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ കാര്യങ്ങൾ തുറന്നുപറഞ്ഞത്. എന്നാൽ അത് കേട്ട മാതാപിതാക്കൾ ആകെ തകർന്നുപോയെന്നാണ് സണ്ണി പറഞ്ഞത്.
'എല്ലാം കേട്ടതിന് ശേഷം വലിയൊരു മൗനത്തിന് ശേഷം അത്യധികം വികാരഭരിതയായി അമ്മ എന്നോട് ചോദിച്ചത് 'നീ നഗ്‌നയായിരുന്നോ?!' എന്നാണ്. അതിനുശേഷം അമ്മ നിർത്താതെ കരയാൻ തുടങ്ങി. എന്റെ തീരുമാനം തെറ്റായിരുന്നുവെന്നും, അത് കേട്ടപ്പോൾ ഞാൻ അനുഭവിച്ച കുറ്റബോധം വാക്കുകൾക്ക് അതീതമായിരുന്നുവെന്നും അമ്മ എന്നെ ബോധ്യപ്പെടുത്തിയെന്നുമാണ് അവരുടെ തുറന്നുപറച്ചിൽ. എന്നാൽ തന്റെ പിതാവിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നുവെന്നും സണ്ണി ഓർക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുൻപ് നീ ഞങ്ങളോട് ആലോചിച്ചില്ല, എന്നാൽ ഇപ്പോൾ നീ ഈ വഴി തെരഞ്ഞെടുത്ത സ്ഥിതിക്ക് അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ പിതാവ് ഒരിക്കലും തന്റെ തൊഴിലിനെ അംഗീകരിച്ചിട്ടില്ലെന്നും സണ്ണി കൂട്ടിച്ചേർത്തു. 'ഒരു അച്ഛനും അത് ആഗ്രഹിക്കില്ല, ഒരു മാതാപിതാക്കളും അത് ആഗ്രഹിക്കില്ല.'-സണ്ണി പറഞ്ഞു.
മകളുടെ അഡൽറ്റ് സിനിമകളിലേക്കുള്ള കടന്നുവരവ് സണ്ണിയുടെ അമ്മയുടെ മദ്യപാന ശീലത്തെ അതിരൂക്ഷമാക്കിയെന്നും അവർ തുറന്നുപറഞ്ഞിട്ടുണ്ട്. അമ്മ മുൻപേ തന്നെ മദ്യപിക്കുമായിരുന്നുവെങ്കിലും, ഈ വാർത്ത താങ്ങാനാകാതെ വന്നതോടെയാണ് അവർ പൂർണ്ണമായും മദ്യത്തിന് അടിമപ്പെട്ടതെന്നും സണ്ണി വെളിപ്പെടുത്തി. അഡൽറ്റ് ഫിലിം ചെയ്യാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം പണമാണെന്ന് സണ്ണി സമ്മതിച്ചു. ആഴ്ചയിൽ 10,000 മുതൽ 15,000 ഡോളർ വരെ സമ്പാദിക്കാൻ കഴിയുമെന്ന് താൻ മനസ്സിലാക്കി, മറ്റേതൊരു ജോലിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വളരെ കൂടുതലായിരുന്നുവത്.'അപ്പോൾ ഞാൻ എന്റെ കുടുംബത്തെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. അവർക്ക് എന്താണ് ശരി, എന്താണ് തെറ്റ് എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. ഞാൻ ഉപജീവനം കണ്ടെത്തുകയായിരുന്നു. തന്റെ മാതാപിതാക്കൾ ദരിദ്രരല്ലെങ്കിലും, തനിക്കും സഹോദരനും ആഗ്രഹിക്കുന്നതെല്ലാം നൽകാൻ അവർക്ക് എല്ലായ്‌പ്പോഴും കഴിയില്ലെന്നും അവൾ ഓർത്തു. സാമ്പത്തിക സ്വാതന്ത്ര്യമാണ് താൻ ആഗ്രഹിച്ചത്. അത് നേടാനുള്ള ഏറ്റവും വേഗമേറിയ മാർഗമാണിതെന്ന് സണ്ണി വിശ്വസിച്ചു.
തന്റെ കരിയറിനെക്കുറിച്ച് വാർത്തകൾ കാരണം മാതാപിതാക്കൾക്ക് ബന്ധുക്കളിൽ നിന്ന് നിരന്തരമായ വിമർശനം നേരിടേണ്ടി വന്നുവെന്നും നടി പറഞ്ഞു. 'അച്ഛൻ അസ്വസ്ഥനാണെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു, അദ്ദേഹം കരയുമായിരുന്നു. എന്നെ നിർബന്ധിച്ച് തടഞ്ഞാൽ എനിക്ക് കൂടുതൽ ജിജ്ഞാസ ഉണ്ടാകുമെന്നും പിന്നീട് ഞാൻ ആ ലോകത്തിൽ നിന്ന് തിരിച്ചുവരില്ലെന്നുമാണ് അവർ കരുതിയത്. എന്റെ ബന്ധുക്കളും എന്നോട് സംസാരിക്കാറില്ല.-സണ്ണി തുറന്നുപറഞ്ഞു. എതിർപ്പുകൾ ഉണ്ടായിട്ടും സണ്ണി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. സണ്ണി കരിയറിൽ തീരുമാനങ്ങൾ മാറ്റാൻ തയ്യാറാകാതിരുന്നതോടെ അവരുടെ വിഷാദവും മാനസിക സമ്മർദ്ദവും വർദ്ധിച്ചു. 2008-ൽ സണ്ണി ബോളിവുഡിലേക്കും ഇന്ത്യൻ റിയാലിറ്റി ഷോകളിലേക്കും എത്തുന്നതിന് തൊട്ടുമുൻപാണ് അമ്മ മരണപ്പെടുന്നത്.
2012-ൽ ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോൺ ഹിന്ദി സിനിമയിൽ വിജയകരമായ ഒരു കരിയർ കെട്ടിപ്പടുത്തി . ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ പരിചിതയായതിനു പുറമേ, രാഗിണി എംഎംഎസ് 2, ഏക് പഹേലി ലീല, മസ്തിസാദെ, വൺ നൈറ്റ് സ്റ്റാൻഡ്, കെന്നഡി തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. ബേബി ഡോൾ, ദേശി ലുക്ക്, ലൈല മെയിൻ ലൈല തുടങ്ങിയ ഹിറ്റ് ഡാൻസ് നമ്പറുകളിലൂടെയും അവർ ജനപ്രീതി നേടി.ഇന്ന് ഇന്ത്യയിലെ മുൻനിര ജനപ്രിയ നടിമാരിൽ ഒരാളായി അവർ മാറി.
Content Highlights: Sunny Leone entered the adult film industry primarily for financial independence., Her decision deeply impacted her mother's mental health and alcoholism., Her father disapproved of the career choice but held her responsible for her decisions., The transition from adult films to Bollywood success in India., Reflecting on the emotional toll and family criticism faced during her early career.