മോഡല്‍, നര്‍ത്തകി, എഴുത്തുകാരി, ബിസ്സിനസ്സുകാരി...; ബഹുമുഖപ്രതിഭയാണ് 'മിസ്സിസ് ഡൈനാമിക്ക്' ശ്രുതി

#എമിന്റ പോൾ
ശ്രുതി കെ. ദാസ്
ശ്രുതി കെ. ദാസ്

കൊച്ചി: വീട്ടുകാരോടും കൂട്ടുകാരോടുമെല്ലാം ഒരു ബിസിനസ്സ് ട്രിപ്പിന്റെ കഥ പറഞ്ഞാണ് ശ്രുതി കെ. ദാസും ഭര്‍ത്താവ് അഭയ് അശോകും ജൂലൈയില്‍ ഡല്‍ഹിക്ക്  ഫ്ളൈറ്റ് കയറിയത്. മിസ്സിസ്സ് ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ക്വീന്‍ 2025  മത്സരിക്കാന്‍ ശ്രുതിക്ക്  അവസരം ലഭിച്ചപ്പോഴും ആരേയും ഇപ്പോ അറിയിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. 36 മത്സരാര്‍ഥികളില്‍ ഒരാളാണ്.  ഒപ്പം മത്സരിക്കുന്നവരെല്ലാം പ്രൊഫഷണല്‍ മോഡല്‍സ്. മോഡലിങ്ങും സൗന്ദര്യ മത്സരവുമെല്ലാം ശ്രുതിക്ക്  പുതിയൊരു ലോകമായിരുന്നു.

കഴിവിന്റെ പരമാവധി പുറത്തെടുക്കണം. സമ്മാനം ഒന്നും ലഭിച്ചില്ലെങ്കിലും പങ്കെടുത്തതിന്റെ ഒരു വ്യക്തിമുദ്ര സൃഷ്ടിക്കണം. ഇതൊക്കെയായിരുന്നു മനസ്സില്‍. യാത്ര വെറുതെ ആയില്ല. ഗ്രാന്റ് ഫിനാലെ മത്സരവേദിയില്‍ ഫൈനലിസ്റ്റുകളില്‍ ഒരാളാവുകയും 'മിസ്സിസ് ഇന്ത്യ ഡൈനാമിക്ക്' ടൈറ്റിലും നേടിയെടുത്താണ് ഈ 32-കാരി തിരികെ കേരളത്തിലെത്തിയത്. കേരളത്തില്‍ നിന്നും മത്സരത്തിനെത്തിയ ഏകവ്യക്തിയും ശ്രുതി ആയിരുന്നു.

ബഹുമുഖ പ്രതിഭ

ബിസ്സിനസ്സുകാരി, എഴുത്തുകാരി, നര്‍ത്തകി എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ശ്രുതിക്കുള്ളത്. തൃശൂര്‍ കണിമംഗലം സ്വദേശിനിയായ ശ്രുതി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, എഴുത്ത്  എന്നിങ്ങനെ വിവിധ കലകളില്‍ സ്‌ക്കൂള്‍ കാലഘട്ടത്തിലേ  മുന്നിലുണ്ടായിരുന്നു. സിബിഎസ്ഇ കലോത്സവ മത്സരങ്ങളില്‍ കലാതിലക പട്ടം ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍. എങ്കിലും പഠനം തന്നെ ആയിരുന്നു ശ്രുതിക്ക് പ്രധാനം. 

കെഎസ്ഇബിയില്‍ എഞ്ചിനീയറായിരുന്ന അച്ഛന് ശിവദാസിന്റെ വഴിയില്‍ എഞ്ചിനീയറിങ്ങില്‍ എത്തിച്ചേര്‍ന്നു.  ബിടെക്ക് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഹോണേഴ്സോടെ പാസ്സാവുകയും പിന്നീട് എംടെക്ക് റാങ്കോടെ പാസ്സാവുകയും ചെയ്തു. 2018-ല്‍ അഭയ് അശോകുമായുള്ള വിവാഹം. അതോടെ തൃശൂരുകാരിയായ ശ്രുതി ആലുവയിലേക്ക് മാറി. അന്ന് പിഎച്ച്ഡി തീസിസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ശ്രുതി. 

2018-ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ബിസ്സിനസ്സ് എന്ന ആശയം മനസ്സിലുടക്കുന്നത്. അങ്ങനെ കൊച്ചി മരടില്‍ ചര്‍മ്മ സംരക്ഷണത്തിനുള്ള ഉത്പ്പന്നങ്ങളുടെ സ്ഥാപനം സ്പിരുവേ സ്‌കിന് കഫേ ആരംഭിച്ചു.  2024-ല്‍ തന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളെ ആസ്പ്പദമാക്കി തന്റെ കവിതകളുടെ സമാഹാരമായ 'Whirl of Wonders-journey through life's infinite loops' എന്ന പുസ്‌കവും പ്രസിദ്ധീകരിച്ചു. 

മത്സരവേദിയിലെ മറക്കാനാവാത്ത അനുഭവം

മിസ്സിസ്സ് ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ക്വീന്‍ മത്സരത്തിന്റെ വേദിയിലെ ടാലന്റ് റൗണ്ടില്‍ ഒരു ക്ലാസ്സിക്കല്‍ നൃത്തരൂപം അവതരിപ്പിച്ച് ജഡ്ജസിന്റെയും സഹമത്സരാര്‍ഥികളുടെയും മനം കവര്‍ന്നിരുന്നു ശ്രുതി. 'മാ കാളി' എന്ന പ്രകടനത്തിലൂടെ സ്ത്രീ ശാക്തീകരണം എന്ന വിഷയമായിരുന്നു അവതരിപ്പിച്ചത്. മറ്റൊരാള്‍ തന്നെ സഹായിക്കാന് എത്തും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കാതെ ഓരോ സ്ത്രീയും തന്റെ നിലപാടുകള്‍ക്കും അവകാശങ്ങള്‍ക്കുമായി മുന്നോട്ട് കയറി വരണം എന്നായിരുന്നു നൃത്തത്തിലെ സന്ദേശം.

സ്വപ്നങ്ങള്‍

പുതിയൊരു പുസ്തകം മനസ്സിലുണ്ട്. അതിനുള്ള പണിപ്പുരയിലാണ് ശ്രുതി. ചുറ്റുമുള്ളവര്‍ക്കും പ്രചോദനമാകണമെന്നും ഒന്നിലും പിന്നോട്ട് പോകരുതെന്നുമാണ് ലക്ഷ്യങ്ങള്‍. മിസ്സിസ്സ് ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ക്വീന്‍ മത്സരത്തിലെ പ്രകടനത്തിന് ശേഷം നിരവധി മോഡലിങ് അവസരങ്ങളും ശ്രുതിയെ തേടി എത്തുന്നുണ്ട്. ഒരിടത്ത് മാത്രം ഒതുങ്ങാതെ ബിസിനസ്സിലും എഴുത്തിലും മോഡലിങ്ങിലും നൃത്തത്തിലുമെല്ലാം തന്റെ സ്വപ്നങ്ങള്‍ നെയ്യണം എന്നാണ് ശ്രുതിയുടെ ആഗ്രഹം.

ജീവിച്ചു എന്നതിന് ഒരു കൈയ്യൊപ്പ്

വിഷാദരോഗം ശ്രുതിയെ ഒരിക്കല്‍ പിടികൂടിയിരുന്നു. ജീവിതത്തില്‍ ഒന്നും ആയില്ല എന്നുള്ള ചിന്തകള്‍ ഉള്ളുലച്ചു നടന്ന സമയങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ശ്രുതിയില്‍ അന്നത്തെ വിഷാദമില്ല. ലഭിക്കുന്ന എന്തും അവസരമാക്കി മാറ്റുന്ന ശ്രുതിയാണ് ഇപ്പോഴുള്ളത്. കഴിവുകളുണ്ടായിട്ടും ഒന്നിലും ശോഭിക്കാന് കഴിയാതെ വരുന്നവരോട് ശ്രുതിക്ക് ഒന്നേ പറയാനുള്ളൂ. കിട്ടുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ജീവിച്ചു എന്നതിന് ഒരു കൈയ്യൊപ്പ് ചാര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ശ്രുതി പറയുന്നു.  

Content Highlights: Story of Sruthy K Das, a multi talented Kerala woman & Misses India International Queen contestants