ദിവസക്കൂലിക്ക് ജോലി ചെയ്തിട്ടുണ്ട്, കടംവാങ്ങി മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു; സ്മൃതി ഇറാനി

#Lifestyle Desk
സ്മൃതി ഇറാനി | ഫോട്ടോ: PTI
സ്മൃതി ഇറാനി | ഫോട്ടോ: PTI

രാഷ്ട്രീയത്തിലും മീഡിയയിലും കരിയറിന്റെ ഉന്നതിയും വീഴ്ചയും ഒരുപോലെ അനുഭവിച്ചറിഞ്ഞ മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി മനസ്സ് തുറക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 2024-ലെ അമേഠിയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കും ശേഷം തനിക്ക് കടന്നുപോകേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ച് തുറന്നപറഞ്ഞിരിക്കുകയാണ് സ്മൃതി. പതനങ്ങളിൽ നിന്ന് വീണ്ടും എഴുന്നേറ്റ് നിൽക്കാനുള്ള ധൈര്യമാണ് ഒരു വ്യക്തിയുടെ യഥാർത്ഥ പരീക്ഷണമെന്ന് സ്മൃതി പറയുന്നു.

2024-ൽ അമേഠിയിലെ പരാജയത്തിനുശേഷം പലരും താൻ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതായി വിലയിരുത്തിയെങ്കിലും ആ കാലഘട്ടം തനിക്ക് ഏറെ ആശ്വാസകരമായിരുന്നുവെന്ന് സ്മൃതി ഇറാനി വെളിപ്പെടുത്തി. 'രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പഴയ സ്മൃതിക്ക് എന്തെങ്കിലും തെളിയിക്കാൻ ഉണ്ടായിരുന്നു. എന്നാൽ 2024-ലെ പരാജയത്തിനുശേഷമുള്ള സ്മൃതിക്ക് സമൂഹത്തിന് എന്തെങ്കിലും സംഭാവന നൽകാനാണ് ആഗ്രഹം. 'തന്റെ തോൽവിയെ കളിയാക്കി വിശകലനം ചെയ്ത അനുഭവ പരിചയമുള്ള മാധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ച സംഭവവും അവർ പങ്കുവെച്ചു. താഴെത്തട്ടിൽ പോയി ആളുകളുമായി ഇടപെടുന്ന തന്റെ ശൈലിയെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു അതെന്നും അവർ പറഞ്ഞു.

മന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം തൊഴിൽ തേടി വിനോദസഞ്ചാര-മാധ്യമ മേഖലകളിലേക്ക് തിരിച്ചെത്തിയ കാര്യവും സ്മൃതി പങ്കുവെച്ചു. ജിയോ ഹോട്ട്സ്റ്റാർ-സ്റ്റാർ വൈസ് ചെയർമാൻ ഉദയ് ശങ്കറിനെ ഫോണിൽ വിളിച്ച് ഒരു ജോലി വേണമെന്ന് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. മുൻ കേന്ദ്രമന്ത്രിയായ ഒരാൾ വീണ്ടും ദിനംപ്രതി 12 മണിക്കൂർ ജോലി ചെയ്യുന്നതിലേക്ക് തിരിച്ചെത്തുന്നത് സെറ്റിലുള്ളവരെ അത്ഭുതപ്പെടുത്തി.

2024 ജൂൺ 4-ന് വോട്ടെണ്ണൽ ഫലം വന്ന ദിവസം വൈകുന്നേരം 6 മണിക്ക് അമേഠിയിലെ വസതിയിലെ പൂജാമുറിയിൽ പ്രാർത്ഥിച്ചിരുന്ന അനുഭവവും അവർ ഓർത്തെടുത്തു. 'എല്ലാം നല്ലതിനുതന്നെ' എന്ന് പറഞ്ഞ്, താൻ ഒറ്റയ്ക്ക് ഡൽഹിയിലേക്ക് വണ്ടിയോടിച്ചു പോവുകയായിരുന്നു. 'പത്ത് വർഷം ഞാൻ സേവനം ചെയ്ത മണ്ണിൽ നിന്ന് മടങ്ങുമ്പോൾ, അന്ന് ഞാൻ യാത്ര ചെയ്ത റോഡ് ആദ്യമായി അമേഠിയിൽ വന്നപ്പോൾ അവിടെ ഉണ്ടായിരുന്നില്ലെന്ന് ഓർത്തു. ഒരു ലക്ഷത്തോളം വീടുകളാണ് കേന്ദ്രപദ്ധതിയിലൂടെ അവിടെ നിർമിച്ചു നൽകിയത്.'

40 വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിലെ തെരുവിൽ സെക്കൻഡ് ഹാന്റ് പുസ്തകങ്ങൾ വിറ്റ് ഉപജീവനം നയിച്ചിരുന്ന പിതാവിന് നൽകിയ വാഗ്ദാനം പൂർത്തിയാക്കാൻ കഴിഞ്ഞതാണ് 2024-ലെ തോൽവി തനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമെന്ന് സ്മൃതി വൈകാരികമായി പറഞ്ഞു. താൻ വാടകയ്ക്ക് താമസിച്ചിരുന്ന ചെറിയ മുറിക്ക് എതിർവശത്ത് പിതാവ് പുസ്തകം വിറ്റ തെരുവിൽ തന്നെ ഇപ്പോൾ താമസിക്കുന്നത്. ആ വീട്ടിലേക്ക് 75കാരനായ പിതാവിനെ കൊണ്ടുവന്നപ്പോൾ ഗേറ്റിൽനിന്ന് അദ്ദേഹം കരയുകയായിരുന്നു എന്നും അവർ ഓർക്കുന്നു.

കൗമാരകാലത്ത് ദിവസവേതനത്തിന് ബ്യൂട്ടി ക്രീമുകൾ വിറ്റതും മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ പിതാവിൽ നിന്ന് പണം കടം വാങ്ങിയതുമെല്ലാം സ്മൃതി ഓർക്കുന്നുണ്ട്. 1996-ലാണ് അവർ മത്സരത്തിൽ പങ്കെടുക്കുന്നത്. കൊറിയർ സർവീസിൽ ജോലി ചെയ്യുകയാണ് അന്ന്. എന്നാൽ ആ തീരുമാനത്തെ അച്ഛൻ സന്തോഷത്തോടെയല്ല സ്വീകരിച്ചതെന്നും അവർ പറയുന്നു, വീട്ടിൽ നെയിൽപോളിഷ് വരെ ഇടാൻ അനുവാദം ഉണ്ടായിരുന്നില്ല. ഒടുവിൽ ഫൈനലിസ്റ്റ് ആയപ്പോഴാണ് സ്വന്തമായി മേക്കപ്പ് ചെയ്യാനും വസ്ത്രം വാങ്ങാനും പണം വേണമെന്ന് മനസ്സിലായത്. അച്ഛന്റെ കയ്യിൽനിന്ന് പണം കടംവാങ്ങി. ഇത് തിരികെ തന്നില്ലെങ്കിൽ ആരെ ചൂണ്ടിക്കാണിക്കുന്നോ അയാളെ വിവാഹം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞതും അവർ പറയുന്നുണ്ട്.

വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങൾക്കും അവർ കൃത്യമായ മറുപടി നൽകി. ക്യാബിനറ്റ് മന്ത്രിയായിരിക്കെ രാത്രികളിൽ പഠനം നടത്തി ആർഡൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസിൽ ബി.എ ഓണേഴ്‌സ് ബിരുദം നേടി. കൂടാതെ ബെർക്കിലിയിൽ നിന്ന് ഫിൻടെക്കിലും കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിസിനസ് എത്തിക്‌സിലും എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസം പൂർത്തിയാക്കി. ശിവനെയും പാർവതിയെയും മാതാപിതാക്കളായി കാണുന്ന തനിക്ക് ജീവിതത്തിലെ തിരിച്ചടികളിൽ ആരോടും പ്രതികാര മനോഭാവമില്ലെന്നും ദൈവം തനിക്ക് നൽകിയ വഴികളിൽ ഉറച്ചുനിൽക്കുമെന്നും പറഞ്ഞാണ് സ്മൃതി സംഭാഷണം അവസാനിപ്പിക്കുന്നത്.

Content Highlights: Smriti Irani reflects on her 2024 Amethi Lok Sabha election defeat and life after politics., Details her return to media and entertainment sector with a 12-hour daily work schedule., Recalls early struggles including selling beauty creams, borrowing money for Miss India, and her father's past., Addresses education trolls by highlighting her degrees from Arden University, Berkeley, and Cambridge.