കുതിരയെപ്പോലെ പണിയെടുക്കുക, ആവശ്യമെങ്കിൽ ഒരു തൊഴിയും കൊടുക്കാം; സ്ത്രീകളോട് സ്മൃതി ഇറാനി

സ്മൃതി ഇറാനി | Photo: PTI
സ്മൃതി ഇറാനി | Photo: PTI

തൊഴിലിടങ്ങളിലും സമൂഹത്തിലും സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെയും അമിതപ്രതീക്ഷകളെയും തുറന്നുകാട്ടി മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 'ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ' സംസാരിക്കവെയാണ്, പരമ്പരാഗത സ്ത്രീസങ്കൽപ്പങ്ങളെ സ്മൃതി ചോദ്യം ചെയ്തത്.

ഒരു സ്ത്രീയായാൽ ഒരു സ്ത്രീയെപ്പോലെ മാന്യമായി പെരുമാറണം, പെൺകുട്ടിയെ പോലെ സുന്ദരിയായിക്കണം, കുതിരയെപ്പോലെ പണിയെടുക്കണം, പുരുഷനെപ്പോലെ ചിന്തിക്കണം' എന്ന പഴയൊരു ചൊല്ല് പരാമർശിച്ചുകൊണ്ടായിരുന്നു സ്മൃതിയുടെ സംഭാഷണം. അപ്രായോഗികമായ ഈ നാല് മാനദണ്ഡങ്ങളും ഒരുപോലെ പാലിക്കാൻ നിർബന്ധിതരാകുന്ന സ്ത്രീകളുടെ അവസ്ഥയെ സ്മൃതി ആക്ഷേപഹാസ്യത്തിലൂടെ ചൂണ്ടിക്കാട്ടി. 'എനിക്ക് ഒരിക്കലും ഒരു പെൺകുട്ടിയെപ്പോലെ ,സുന്ദരിയായിരിക്കാൻ പറ്റില്ല. മാന്യമായി പെരുമാറാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഒരു കുതിരയെപ്പോലെ പണിയെടുക്കുമ്പോൾ ഇടയ്ക്കൊക്കെ ഒന്ന് തൊഴിച്ചുപോവുക എന്നത് സ്വാഭാവികമാണ്'. അവർ പറഞ്ഞു.

തൊഴിലിടങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ഒരേരീതിയിൽ പെരുമാറുമ്പോൾ സമൂഹം പുലർത്തുന്ന ഇരട്ടത്താപ്പിനെയും സ്മൃതി തുറന്നുകാട്ടി. കാര്യങ്ങൾ ഉറച്ച ശബ്ദത്തിൽ വ്യക്തമായി പറയുമ്പോൾ അയാളെ ആത്മവിശ്വാസമുള്ള നേതാവ് എന്നാണ് വിശേഷിപ്പിക്കുക, എന്നാൽ അതേ നിലപാട് ഒരു സ്ത്രീയാണ് കാണിക്കുന്നതെങ്കിൽ അവരെ അഹങ്കാരിയെന്നും ശല്യക്കാരിയെന്നും മുദ്രകുത്തും. ഒരേ പെരുമാറ്റം പക്ഷെ അത് വ്യാഖ്യാനിക്കപ്പെടുന്നത് രണ്ടുതരത്തിൽ.

സമൂഹത്തിന്റെ അനാവശ്യ പെരുമാറ്റച്ചട്ടങ്ങളിൽ തളയ്ക്കപ്പെടാതെ ബുദ്ധിയും കഴിവുകളും ഉപയോഗിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് അവർ സ്ത്രീകളോട് പറഞ്ഞു. അവസരങ്ങൾ തേടിയെത്തും. ആവശ്യമുള്ളപ്പോൾ ശക്തമായി പ്രതികരിക്കാൻ മടിക്കരുത്. സ്വന്തം കാലിൽ നിന്ന് ചിന്തിക്കണം. പുരുഷന്മാരെ പോലെ ചിന്തിക്കേണ്ട, സ്ത്രീകളെ പോലെ പെരുമാറേണ്ട, പെൺകുട്ടികളെ പോലെ സുന്ദരികളായിരിക്കേണ്ട. നിങ്ങളുടെ കാലിൽ നിന്ന് ചിന്തിക്കുക. അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ആവശ്യമുള്ളപ്പോൾ ശക്തമായി പ്രതികരിക്കാൻ മടിക്കരുത്. ഈ നിമിഷത്തിലുണ്ടായിരിക്കുക, വേഗതയുണ്ടായിരിക്കുക, സന്നദ്ധതയുണ്ടായിരിക്കുക. നിങ്ങളുടെ സഹജവാസനയെയും ബുദ്ധിസാമർഥ്യത്തെയും ഈ ലോകത്തിലൂടെ മുന്നോട്ടുപോകാനുള്ള നിങ്ങളുടെ കഴിവിനെയും വിശ്വസിക്കുക. സ്ത്രീകളോടായി സ്മൃതി പറഞ്ഞു.

Content Highlights: Smriti Irani criticized unrealistic societal expectations placed on women at the India Global Forum., Highlighted the double standards in how male and female behavior is perceived in the workplace., Urged women to trust their instincts, think independently, and break free from traditional gender norms.