അപ്പയെ കാണുന്നുണ്ട്, അമ്മയുടെ കൈയില്‍; ഉരുള്‍പൊട്ടലില്‍ മരിച്ച ഭര്‍ത്താവിന്റെ മുഖം പച്ചകുത്തി സന്ധ്യ

''എല്ലാവരും പറയുന്നു, ഒരു മാസം കഴിഞ്ഞുവെന്ന്... ശരിക്കും കഴിഞ്ഞോ. അച്ഛനൊപ്പം അദ്ദേഹം വാതില്‍ തുറന്നിറങ്ങിയത് ഇന്നലെയല്ലേ'' -ഒരു രാത്രിയില്‍ ജീവിതമില്ലാതായതിന്റെ അവിശ്വസനീയതയില്‍ ചൂഴ്ന്നുനില്‍ക്കുകയാണ് സന്ധ്യയിപ്പോഴും. പ്രിയപ്പെട്ട ലെനിന്‍ ഒപ്പമില്ലെന്ന് വിശ്വസിക്കാന്‍ സന്ധ്യയ്ക്കിനിയുമാവുന്നില്ല. ഒരിക്കലും മായ്ക്കാനാവാത്ത ആ സ്‌നേഹത്തെ എന്നന്നേക്കുമായി ശരീരത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് സന്ധ്യ.
''അദ്ദേഹത്തിന് പച്ചകുത്തുന്നത് ഏറെ ഇഷ്ടമായിരുന്നു, ശരീരത്തില്‍ അഞ്ച് ടാറ്റൂ ഉണ്ടായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് വിവാഹവാര്‍ഷികത്തില്‍ അദ്ദേഹം എന്റെ പേര് നെഞ്ചിലെഴുതി. ഞാന്‍ അദ്ദേഹത്തിന്റെ പേര് കൈയിലും ടാറ്റൂ ചെയ്തു. അദ്ദേഹത്തിന്റെ ചിത്രം ബത്തേരിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് മനോജാണ് കഴിഞ്ഞയാഴ്ച ടാറ്റൂ ചെയ്തുതന്നത്. പണം ഞാന്‍ കരുതിയിരുന്നു. പക്ഷേ, മനോജ് വാങ്ങിയില്ല'' -സന്ധ്യ നിറകണ്ണുകളോടെ പറഞ്ഞു.
''എന്റെ അപ്പയെ കാണിച്ചേ''യെന്ന് കൊഞ്ചി രണ്ടരവയസ്സുകാരന്‍ വിഘ്നേഷ് അപ്പോഴേക്കും അമ്മയുടെ മടിയില്‍ കയറി. അച്ഛന്‍ ലെനിനും അച്ഛച്ഛന്‍ സുദര്‍ശനും ദുരന്തത്തില്‍ മരണപ്പെട്ട വിവരം കുഞ്ഞിനറിയില്ല. മൂത്തമകള്‍ ലയ വെള്ളാര്‍മല സ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയ കവിതയില്‍ ദുരന്തത്തെ വിവരിച്ചിരുന്നത് ഇതിനിടെ വാര്‍ത്തയായിരുന്നു. രണ്ടാമത്തെയാള്‍ ലക്ഷ്മി ഏഴുവയസ്സുകാരിയാണ്. ''മീനങ്ങാടിയിലായിരുന്നു ഞങ്ങള്‍ താമസം, ഏഴുമാസംമുന്‍പാണ് ചൂരല്‍മലയിലെ വാടകവീട്ടിലേക്ക് മാറിയത്'' -സന്ധ്യ ആ രാത്രിയെ പറഞ്ഞുതുടങ്ങി. ''നല്ല മഴയായപ്പോ ചൂരല്‍മല അങ്ങാടിയില്‍ തന്നെയുള്ള തറവാട്ടുവീട്ടിലേക്ക് പോയി. പേടിക്കേണ്ടെന്ന് ആശ്വസിപ്പിച്ചത് ലെനിയേട്ടനാണ്, എന്നിട്ടിപ്പോ'' -സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു. ''രാത്രി പുഴകവിഞ്ഞ് വീട്ടുമുറ്റത്തേക്ക് വെള്ളം കയറിത്തുടങ്ങി. അച്ഛന്‍ സുദര്‍ശനനും ലെനിയേട്ടനും കൂടിയാണ് വാതില്‍തുറന്നിറങ്ങിയത്. പിന്നെ കണ്ടിട്ടില്ല.''
ചുണ്ടേല്‍ കൂട്ടമുണ്ട സബ്സ്റ്റേഷന് സമീപത്തെ വാടകവീട്ടിലാണ് സന്ധ്യയും അമ്മ ഓമനയും മൂന്നുമക്കളും താമസം. ''ഭക്ഷ്യക്കിറ്റ് കഴിഞ്ഞാലിനിയെന്ത്, മക്കളെയെങ്ങനെ പഠിപ്പിക്കും, അവരുടെ മുന്നോട്ടുള്ള ജീവിതം'' -ആശങ്കകള്‍ ചൂഴ്ന്നുനില്‍ക്കുന്നുണ്ട് സന്ധ്യയെ. ''ഡിഗ്രി പഠിച്ചതാ, പക്ഷേ പൂര്‍ത്തിയാക്കിയില്ല''. ഇടയ്ക്കിടെ അമ്മയുടെ കൈയിലെ അപ്പയെ തൊട്ടുതലോടുന്ന കുഞ്ഞിനെ നോക്കി സന്ധ്യയാശ്വസിപ്പിച്ചു: ''അപ്പ നമുക്കൊപ്പം തന്നെയുണ്ട്''.
Content Highlights: sandhya tattooed the face of her husband who died in the wayanad landslide