ഗ്ലാമറില്ല, ആഡംബരവുമില്ല; സോഫയിൽ വിശ്രമിച്ച് സാമന്ത ; മെറ്റേണിറ്റിഷൂട്ടോ ?

ഗ്ലാമറസ് വസ്ത്രങ്ങളും മനോഹരമായ പശ്ചാത്തലങ്ങളും ഒരുക്കിയുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ പതിവാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു സമീപനവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. ആഡംബരങ്ങളോ പ്രത്യേക ഒരുക്കങ്ങളോ ഇല്ലാതെ, തികച്ചും സുഖകരമായ രീതിയിലാണ് തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടെന്ന് തമാശരൂപേണ താരം പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സാമന്ത ചിത്രം പങ്കുവച്ചത്. സോഫയിൽ നിറയെ തലയണകൾക്കിടയിൽ ചാരിക്കിടന്ന് വിശ്രമിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. ചുവപ്പ് നിറത്തിലുള്ള പ്രിന്റഡ് ടോപ്പും വെള്ള ട്രൗസേഴ്സുമാണ് വേഷം. കണ്ണട ധരിച്ച് കാലുകൾ നീട്ടിവെച്ച്, ഇരുകൈകളും വയറിനുമേൽ ചേർത്തുവെച്ചാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിനൊപ്പം 'ഇതിനെ എന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടായി കണക്കാക്കിക്കോളൂ' എന്നായിരുന്നു സാമന്തയുടെ രസകരമായ കുറിപ്പ്. പതിവ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളുടെ ഗ്ലാമറസ് രീതികളിൽനിന്ന് മാറി സുഖത്തിനും ലാളിത്യത്തിനും പ്രാധാന്യം നൽകുന്ന താരത്തിന്റെ സമീപനം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.
കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ സാമന്തയും രാജ് നിദിമൊരുവും
ഭർത്താവും സംവിധായകനുമായ രാജ് നിദിമൊരുവിനൊപ്പം ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് സാമന്ത. അടുത്തിടെ കുഞ്ഞിനായുള്ള ഒരുക്കങ്ങളിൽ രാജ് സജീവമായി പങ്കെടുക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. ബേബി മോണിറ്ററിനുള്ള ഫ്ളോർ സ്റ്റാൻഡ് തയ്യാറാക്കുന്ന രാജിന്റെ ചിത്രമാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.ഡിസംബറിൽ ഇരുവരും കുഞ്ഞിനെ വരവേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുക്കും
തന്റെ പുതിയ ചിത്രമായ മാ ഇന്റി ബംഗാരം എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് ഗർഭിണിയാണെന്ന വിവരം സാമന്ത സ്ഥിരീകരിച്ചത്. നിലവിലുള്ള സിനിമാ പ്രതിബദ്ധതകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുക്കുമെന്നും താരം അറിയിച്ചു.'മാ ഇന്റി ബംഗാരത്തിന് ശേഷം എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ചെറിയൊരു ഇടവേള എടുക്കേണ്ടിവരും. എനിക്ക് മെറ്റേണിറ്റി ലീവ് ആവശ്യമാണ്. അതിനുശേഷം ആരാധകർക്കായി മറ്റൊരു സിനിമയുമായി തിരിച്ചെത്തും,' എന്നായിരുന്നു സാമന്തയുടെ വാക്കുകൾ.2025 ഡിസംബർ ഒന്നിനായിരുന്നു സാമന്തയും രാജ് നിദിമൊരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം.
Content Highlights: Samantha Ruth Prabhu shares a casual, comfort-focused maternity photoshoot on Instagram., She confirms her pregnancy alongside husband Raj Nidimoru, with the baby expected in December., Samantha announces a temporary break from acting to take maternity leave after completing current commitments., The couple got married on December 1, 2025, at the Isha Foundation in Coimbatore.