കാമുകിയെ ചതിച്ച് സുഹൃത്തിനെ വിവാഹം ചെയ്തു ; കോക്ടെയിലിൽ അഭിനയിച്ചത് നൂറു ശതമാനംതെറ്റ്-സെയ്ഫ് അലി ഖാൻ

Saif ali khan,Diana Penty,Deepika padukone|screengrab
Saif ali khan,Diana Penty,Deepika padukone|screengrab

ബോളിവുഡിൽ ഏറെ തരംഗം സൃഷ്ടിച്ച ചിത്രങ്ങളിലൊന്നാണ് 2012-ൽ പുറത്തിറങ്ങിയ 'കോക്ടെയിൽ' എന്ന ചിത്രം. എന്നാൽ, റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറവും ചിത്രത്തിലെ കഥാപാത്രനിർമിതിയെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വലിയ വിമർശനങ്ങളും ചർച്ചകളും നടക്കാറുണ്ട്. ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'കോക്ടെയിൽ 2'-ഉം നെറ്റ്ഫ്ലിക്സിൽ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം നിർമിക്കുകയും ചെയ്ത ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ തന്നെ സിനിമയെക്കുറിച്ചുള്ള തന്റെ വിയോജിപ്പുകൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാൻ തന്റെ മുൻകാല സിനിമകളെക്കുറിച്ചും കരിയറിലെ തീരുമാനങ്ങളെക്കുറിച്ചും തിരിഞ്ഞുനോക്കിയത്. 'കോക്ടെയിൽ' എന്ന ചിത്രത്തിൽ അഭിനയിച്ചത് തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റായിരുന്നുവെന്നും, അതൊരു പിന്തിരിപ്പൻ കഥയായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

'കോക്ടെയിൽ' എന്ന ചിത്രത്തിൽ ഗൗതം എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അലി ഖാൻ അവതരിപ്പിച്ചത്. ദീപിക പദുകോൺ, ഡയാന പെന്റി എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. എന്നാൽ ഒരു നടൻ എന്ന നിലയിൽ തനിക്ക് തൃപ്തി നൽകിയ ഒന്നായിരുന്നില്ല ആ കഥാപാത്രമെന്ന് സെയ്ഫ് പറയുന്നു.

"ഞങ്ങൾ ആ ചിത്രം നിർമിക്കുകയായിരുന്നു; അതുകൊണ്ടുതന്നെ അതിൽ ഞാൻ അഭിനയിക്കേണ്ടത് സിനിമ പൂർത്തിയാക്കാൻ അനിവാര്യമായിരുന്നു. എങ്കിലും അതൊരു തെറ്റായിരുന്നു, നൂറു ശതമാനവും ഒരനിവാര്യമായ തെറ്റ്. പിന്തിരിപ്പനായ ഒരു തിരക്കഥാതിരഞ്ഞെടുപ്പായിരുന്നു അത്. അതൊഴിച്ചുനിർത്തിയാൽ അതൊരു രസകരമായ എന്റർടെയ്നർ ചിത്രമായിരുന്നു," സെയ്ഫ് വ്യക്തമാക്കി. കഥാപാത്രത്തിന്റെ പ്രാധാന്യം കണ്ടല്ല താൻ അതിൽ അഭിനയിച്ചതെന്നും സിനിമ നടക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് അതിനു പിന്നിലുണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. "ആ ചിത്രത്തിൽ ഏറ്റവും ആകർഷകവും മികച്ചതുമായ കഥാപാത്രം ദീപിക അവതരിപ്പിച്ച വെറോണിക്കയുടേതാണെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. എങ്കിലും ചില സാഹചര്യങ്ങളിൽ നമ്മൾ ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടിവരും," സെയ്ഫ് പറഞ്ഞു.

സ്ത്രീയുടെ വസ്ത്രധാരണവും സ്വഭാവശുദ്ധിയും

'കോക്ടെയിൽ' ചലച്ചിത്രപരമ്പരയെ വിലയിരുത്തുമ്പോൾ മോഡേൺ റിലേഷൻഷിപ്പുകളെക്കുറിച്ചും സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചും സമൂഹം വെച്ചുപുലർത്തുന്ന കപടവും കണിശവുമായ ചില മുൻവിധികളും വിധിതീർപ്പുകളും വ്യക്തമായി കാണാൻ സാധിക്കും. ഈ രണ്ടു ചിത്രങ്ങളും നഗരങ്ങളിലെ അത്യാധുനികമായ ജീവിതശൈലിയും പ്രണയത്രികോണങ്ങളും ചർച്ച ചെയ്യാൻ ശ്രമിച്ചവയാണെങ്കിലും, സമൂഹം ഇവയെ നോക്കിക്കണ്ടത് വളരെ പരമ്പരാഗതമായ മുൻവിധികളോടെയായിരുന്നു.

2012-ൽ പുറത്തിറങ്ങിയ ആദ്യഭാഗം പെൺകുട്ടികളുടെ വസ്ത്രധാരണത്തെയും സ്വഭാവത്തെയും അടിസ്ഥാനമാക്കി വളരെ തെറ്റായ രീതിയിലാണ് വിലയിരുത്തിയത്. പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുകയും പാർട്ടികൾക്ക് പോകുകയും ചെയ്യുന്ന വെറോണിക്കയെ (ദീപിക പദുകോൺ) പ്രണയിക്കാൻ മാത്രം കൊള്ളാവുന്ന ഒരു പെൺകുട്ടിയായും, അതേസമയം സാരിയും സൽവാറും ഉടുക്കുന്ന മീരയെ (ഡയാന പെന്റി) വിവാഹം കഴിക്കാൻ അനുയോജ്യയായ 'ആദർശവതിയായ നാടൻ പെൺകുട്ടി'യായും ഇതിൽ തരംതിരിച്ചു. ഒരു സ്ത്രീയുടെ വസ്ത്രവും ബാഹ്യരൂപവുമാണ് അവളുടെ സ്വഭാവശുദ്ധി നിശ്ചയിക്കുന്നത് എന്ന രീതിയിലുള്ള വലിയൊരു പിന്തിരിപ്പൻ ചിന്താഗതിയാണ് ഈ സിനിമ സമൂഹത്തിൽ ഉണ്ടാക്കിയെടുത്തത്. ഇതേസമയം, നായകനായ ഗൗതം (സെയ്ഫ് അലി ഖാൻ) തന്റെ കാമുകിയായ വെറോണിക്കയെ ചതിക്കുകയും അവളുടെതന്നെ സുഹൃത്തിനെ പ്രണയിക്കുകയും ചെയ്തിട്ടും, സമൂഹം അയാളുടെ തെറ്റുകളെ ലഘൂകരിച്ചുകൊണ്ട് ഒരു പുരുഷന് തന്റെ കല്യാണത്തിന് നാടൻ പെൺകുട്ടിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന രീതിയിൽ അയാളെ ന്യായീകരിക്കുകയാണ് ചെയ്തത്.

Content Highlights: Saif Ali Khan admitted that acting in Cocktail was a 100% mistake., He called the script regressive and made the choice only to complete production., The movie sparked discussions on regressive societal judgments regarding women's clothing and character.