ഗർഭിണിയാകുന്ന ഒരു സ്ത്രീയെ എന്തിനാണ് ട്രോളുന്നതെന്ന് സൽമാൻ; മാപ്പുപറഞ്ഞ് ആർ.ജെ ഇജാസ് വാരിസ്

Katrina Kaif,Dr Ejaz Waris|photo:instagram.com/garimagarg14/,instagram.com/drejazwaris/
Katrina Kaif,Dr Ejaz Waris|photo:instagram.com/garimagarg14/,instagram.com/drejazwaris/

ബോളിവുഡ് താരം കത്രീന കൈഫിന്റെ ഗർഭകാലശേഷമുള്ള ശരീരഭാരത്തെ പരിഹസിച്ച സംഭവത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് പ്രമുഖ പാകിസ്താനി റേഡിയോ ജോക്കി ഡോ. ഇജാസ് വാരിസ് റിയാലിറ്റി ഷോയായ 'ബിഗ് ബോസിൽ സൽമാൻ ഖാൻ ട്രോളൻമാർക്കെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇജാസ് വാരിസ് തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് ഇൻസ്റ്റാഗ്രാമിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

വീഡിയോ വൈറലാക്കാനുള്ള ശ്രമത്തിൽ സംഭവിച്ച തെറ്റ്

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇജാസ് മാപ്പപേക്ഷ നടത്തിയത്. താൻ മനഃപൂർവം ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വീഡിയോയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഹുക്കിന് വേണ്ടി മാത്രം പറഞ്ഞ തമാശയായിരുന്നെന്നും ഇജാസ് പറഞ്ഞു.

'ബിഗ് ബോസിൽ സൽമാൻ ഖാൻ എന്നെക്കുറിച്ച് പരാമർശിക്കുന്നതും കത്രീനയോട് അങ്ങനെ സംസാരിക്കരുതായിരുന്നു എന്ന് പറയുന്നതുമായ ഒരു ക്ലിപ്പ് ഞാൻ കണ്ടു. അത് കണ്ടപ്പോൾ തന്നെ എനിക്ക് ശരിക്കും തോന്നി, ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു എന്ന്. സൽമാന്റെയും കത്രീനയുടെയും വലിയൊരു ആരാധകനാണ് ഞാൻ. എന്നാൽ റെക്കോർഡിംഗിന്റെ സമയത്ത് എന്തോ ഒരു ഒഴുക്കിൽ ഞാൻ അങ്ങനെ പറഞ്ഞുപോയതാണ്. വീഡിയോയ്ക്ക് ആളുകളുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ആ തമാശ പറഞ്ഞതെങ്കിലും, എന്റെ വാക്കുകൾ ഒരുപാട് പേരുടെ മനസ്സിനെ വേദനിപ്പിച്ചു,' എന്നും ഇജാസ് മാപ്പപേക്ഷയിൽ പറഞ്ഞു.

കത്രീനയോട് നേരിട്ട് ക്ഷമാപണം നടത്തിയ ഇജാസ്, സൂപ്പർസ്റ്റാറായ ഒരു താരത്തെ വിഷമിപ്പിച്ചതിൽ തനിക്ക് വലിയ കുറ്റബോധമുണ്ടെന്നും കൂട്ടിച്ചേർത്തു. 'ബോഡി ഷെയ്മിംഗ് നടത്തുക എന്നൊരു ലക്ഷ്യം എനിക്കുണ്ടായിരുന്നില്ല. പെട്ടെന്നുള്ള ഒഴുക്കിൽ പറഞ്ഞുപോയതാണ്. എന്റെ വാക്കുകൾ മൂലം വിഷമമുണ്ടായ എല്ലാവരോടും ഞാൻ ആത്മാർത്ഥമായി മാപ്പു ചോദിക്കുന്നുവെന്നും ഇജാസ് പറഞ്ഞു. പേടിച്ചിട്ടാണ് താൻ മാപ്പുപറയുന്നത് എന്ന് ചിലർ ആരോപിച്ചേക്കാമെന്നും, എന്നാൽ അതിലൊന്നും കാര്യമില്ലെന്നും യഥാർത്ഥ കുറ്റബോധം കൊണ്ടാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൽമാൻ ഖാന്റെ ശക്തമായ പിന്തുണ

കത്രീന കൈഫിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ ട്രോളുകൾക്കെതിരെ 'ബിഗ് ബോസ് ' വേദിയിൽ വെച്ചാണ് സൽമാൻ ഖാൻ പരസ്യമായി ശബ്ദമുയർത്തിയത്. കത്രീനയുടെ പേര് നേരിട്ട് പരാമർശിക്കാതെ തന്നെയായിരുന്നു സൽമാന്റെ പ്രതികരണം.ഗർഭിണിയാകുന്ന ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ ഇങ്ങനെ ട്രോൾ ചെയ്യുന്നത്? ഗർഭധാരണത്തിന് ശേഷം ഏത് സ്ത്രീക്കും സ്വാഭാവികമായും തടി കൂടും. അത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അവർ വീണ്ടും സിനിമകളിലേക്ക് തിരിച്ചെത്തുമ്പോൾ അവരുടെ പഴയ ഫിറ്റ്‌നസ് വീണ്ടെടുക്കുക തന്നെ ചെയ്യും,' എന്നായിരുന്നു സൽമാൻ ഖാന്റെ പ്രതികരണം. സൽമാന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാവുകയും ട്രോളൻമാർക്കെതിരെ കടുത്ത ജനവികാരം ഉയരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാക് ആർ.ജെ ഇജാസ് വാരിസ് മാപ്പുപറയാൻ നിർബന്ധിതനായത്.

Content Highlights: Pakistani RJ Ijaz Varis apologized for body-shaming Katrina Kaif., Salman Khan slammed trolls on Bigg Boss for targeting pregnant and new mothers., Ijaz Varis admitted his remarks were made for social media engagement and expressed deep regret.