അന്ന് വാടകമുറിയും സ്വന്തമായി ഒരു സൈക്കിളും മാത്രമുള്ള അലി ; ഭർത്താവിനെക്കുറിച്ച് റിച്ച ഛദ്ദ

ബോളിവുഡിലെ പ്രിയപ്പെട്ട ദമ്പതികളിൽ ഒരാളാണ് റിച്ച ഛദ്ദയും അലി ഫസലും. ഇന്ന് അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന നടനായി അലി ഫസൽ മാറിയെങ്കിലും, ഒരു കാലത്ത് അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചുവെന്ന് വിധി എഴുതിയവരായിരുന്നു സിനിമാ ലോകത്ത് അധികവും. അലി ഫസലുമായുള്ള പ്രണയം വെളിപ്പെടുത്തിയപ്പോൾ സിനിമയിലെ പ്രമുഖരായ ചിലർ തനിക്ക് നൽകിയ മുന്നറിയിപ്പുകളെക്കുറിച്ചും, അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ നാളുകളെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് റിച്ച ഛദ്ദ. ഒരു അഭിമുഖത്തിലാണ് അലി ഫസലിന്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് റിച്ച വൈകാരികമായി സംസാരിച്ചത്.
'ഈ ചെറുപ്പക്കാരന്റെ ഭാവി ശൂന്യമാണ്
2012-ൽ പുറത്തിറങ്ങിയ 'ഫുക്രെ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് റിച്ചയും അലിയും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദത്തിൽ തുടങ്ങിയ ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. 2017-ൽ ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയ സമയത്ത്, സിനിമാ മേഖലയിലെ ചിലരിൽ നിന്ന് തനിക്ക് ലഭിച്ച പ്രതികരണങ്ങൾ തികച്ചും നിരാശാജനകമായിരുന്നുവെന്ന് റിച്ച പറയുന്നു. 'ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയപ്പോൾ, സിനിമയിലെ പ്രമുഖരായ രണ്ട് വ്യക്തികൾ എന്നെ നേരിട്ട് ഫോണിൽ വിളിച്ച് പറഞ്ഞു; 'ഈ ചെക്കനെക്കൊണ്ട് ഒരു കാര്യവുമുണ്ടാകില്ല, ഇവന്റെ കരിയർ എങ്ങുമെത്താൻ പോകുന്നില്ല-' റിച്ച വെളിപ്പെടുത്തി. അലി ഫസലിന്റെ പ്രതിഭയെയും കഴിവിനെയും പൂർണ്ണമായി സംശയിച്ച ഒരു വലിയ വിഭാഗം ആളുകൾ അന്ന് ബോളിവുഡിൽ ഉണ്ടായിരുന്നുവെന്ന് റിച്ചയുടെ വാക്കുകൾ വ്യക്തമാക്കുന്നു.
ചെറിയ മുറിയും സൈക്കിളും മാത്രം'
ഇന്ന് കാണുന്ന പ്രശസ്തിക്കും വിജയത്തിനും പിന്നിൽ അലി ഫസൽ നടത്തിയ വലിയൊരു യാത്രയുണ്ടെന്ന് റിച്ച ഓർമ്മിപ്പിക്കുന്നു. 'ഒരു ചെറിയ വാടക മുറിയിൽ, ഒരു സൈക്കിൾ മാത്രം സ്വന്തമായിരുന്ന അലിയെ എനിക്കറിയാം. അവൻ എന്റെ ജീവിതപങ്കാളി മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്ത് കൂടിയാണ്. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് അവൻ ഇന്ന് നിൽക്കുന്ന ഈ ഉയരം കാണുമ്പോൾ വലിയൊരു ആത്മനിർവൃതിയുണ്ട്,' റിച്ച പറഞ്ഞു. അലി നേടിയെടുത്ത ഓരോ വിജയത്തിലും തനിക്ക് അഭിമാനമുണ്ടെന്ന് റിച്ച കൂട്ടിച്ചേർത്തു. അലിയുടെ ഇന്നത്തെ വളർച്ച കാണുമ്പോൾ, 'ഈയൊരു ദിവസത്തിനു വേണ്ടിയാണ് ഞാൻ അവനെ സ്‌നേഹത്തോടെയും കരുതലോടെയും വളർത്തിയെടുത്തത്' എന്ന് തോന്നിപ്പോകാറുണ്ടെന്നും റിച്ച തമാശാരൂപേണ പറഞ്ഞു.
ഹോളിവുഡ് പ്രവേശനം: പരിഹാസങ്ങൾ
2017-ൽ പ്രശസ്ത ഹോളിവുഡ് നടി ജൂഡി ഡെഞ്ചിനൊപ്പം 'വിക്ടോറിയ ആൻഡ് അബ്ദുൾ' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ അലി ഫസലിന് അവസരം ലഭിച്ചപ്പോഴും പരിഹാസങ്ങൾക്ക് കുറവുണ്ടായിരുന്നില്ല.
'ആ ഹോളിവുഡ് സിനിമയിൽ അലിക്ക് അവസരം ലഭിച്ചപ്പോൾ, അവന്റെ കഴിവിനെ അംഗീകരിക്കുന്നതിന് പകരം 'ഇവനൊക്കെ എങ്ങനെ ഈ അവസരം കിട്ടിയെന്നാണ് പലരും അത്ഭുതത്തോടെയും കളിയാക്കലോടെയും ചോദിച്ചത്. എന്നാൽ ജൂഡി ഡെഞ്ചിനെപ്പോലൊരു ഇതിഹാസ താരത്തിന് മുന്നിൽ ഒപ്പം നിൽക്കുക എന്നത് നിസ്സാര കാര്യമല്ല, അലി അത് അതിമനോഹരമായി ചെയ്തു-,' റിച്ച പറഞ്ഞു.
വിമർശകർക്കുള്ള മറുപടി
ആളുകളുടെ കളിയാക്കലുകൾക്കും തള്ളിക്കളയലുകൾക്കും കൃത്യമായ മറുപടിയാണ് അലി ഫസൽ തന്റെ അഭിനയത്തിലൂടെ നൽകിയത്. ബിഗ് സ്‌ക്രീനിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. 'മിർസാപൂർ: ദി മൂവി', പ്രൈം വീഡിയോയുടെ ക്രൈം സീരീസായ 'രാഖ്' , ഷാക്കൂൺ ബത്രയുടെ 'ലസ്റ്റ് സ്റ്റോറീസ് 3' എന്നിവയിലെ പ്രകടനങ്ങൾ അലിയുടെ കരിയറിലെ തന്നെ നാഴികക്കല്ലുകളായി മാറി. വളരെ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോയ അലിക്ക് ലഭിക്കുന്ന ജനപ്രീതിയും ബോക്‌സ് ഓഫീസ് വിജയങ്ങളും കാണുമ്പോൾ കണ്ണ് നിറയുന്നുണ്ടെന്ന് റിച്ച വ്യക്തമാക്കുന്നു.
നീണ്ട നാളത്തെ പ്രണയത്തിനു ശേഷം 2020-ൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടെയും നിയമപരമായ വിവാഹം. തുടർന്ന് 2022-ൽ ഡൽഹി, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിലായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
Content Highlights: Richa Chadha recalled the early days when critics doubted Ali Fazal's career prospects., Ali Fazal lived in a small rented room with only a bicycle before achieving success., Despite facing mockery and industry skepticism, Ali made it big in Hollywood and Bollywood., The couple legally married in 2020 followed by grand celebrations in 2022.