അടുത്തിടപഴകേണ്ട രംഗങ്ങളിൽ പുരുഷന്മാർ പതറാറുണ്ട്; അവരുടെ ഹൃദയമിടിപ്പ് പുറത്തുകേൾക്കാം- രാധിക ആപ്‌തേ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
രാധിക ആപ്തേ | ഫോട്ടോ: Getty Images
രാധിക ആപ്തേ | ഫോട്ടോ: Getty Images

ബോൾഡ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കവർന്ന നടിയാണ് രാധിക ആപ്‌തെ. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി സ്‌ക്രീനിൽ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ മടിക്കാത്ത താരം, അടുത്തിടെ നൽകിയ അഭിമുഖത്തിൽ സിനിമയിലെ ഇന്റിമേറ്റ് രംഗ ചിത്രീകരണങ്ങളെക്കുറിച്ചും അതിൽ സഹപ്രവർത്തകരായ പുരുഷ അഭിനേതാക്കൾ നേരിടുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയത് ചർച്ചയാവുകയാണ്. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പരിഭ്രാന്തിയും സമ്മർദവും കാണിക്കുന്നത് പലപ്പോഴും പുരുഷന്മാരാണെന്നും, ആ പതർച്ച അവരുടെ ദുർബലതയല്ല മറിച്ച് ആത്മാർത്ഥതയുടെയും ബഹുമാനത്തിന്റെയും ലക്ഷണമാണെന്നും രാധിക ആപ്‌തെ പറയുന്നു.

സഹപ്രവർത്തകയ്ക്ക് ഏതെങ്കിലും രീതിയിൽ അസ്വസ്ഥതയോ ബുദ്ധിമുട്ടോ ഉണ്ടാകുമോ എന്ന ആശങ്കയാണ് പല പുരുഷന്മാരെയും ഇത്തരം രംഗങ്ങളിൽ പതറിക്കുന്നത്. രംഗങ്ങൾ ചിത്രീകരിക്കുന്നതിന് തൊട്ടുമുൻപ് തങ്ങൾ ചെയ്യുന്നത് കൃത്യമാണോ എന്ന് പലതവണ ചോദിച്ച് ഉറപ്പുവരുത്താൻ അവർ ശ്രമിക്കാറുണ്ട്. 'അവരുടെ ഹൃദയം പരിഭ്രാന്തിയിൽ നിന്ന് വേഗത്തിൽ മിടിക്കുന്നത് എനിക്ക് അക്ഷരാർത്ഥത്തിൽ കേൾക്കാൻ കഴിയും. അവരുടെ ശരീരത്തിലും മനസ്സിലുമുള്ള ദുർബലതയും പരിഭ്രാന്തിയും യഥാർത്ഥമാണ്.' രാധിക പറഞ്ഞു.

സമൂഹവും സിനിമയും എപ്പോഴും പുരുഷനെ ഒട്ടും ഭയമില്ലാത്ത വ്യക്തിയായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഈ രംഗങ്ങളിൽ തങ്ങളുടെ പരിഭ്രാന്തി പുറത്തുകാണിക്കാൻ മടിക്കാത്തതാണ് യഥാർത്ഥ കരുത്തെന്ന് രാധിക പറയുന്നു. ഒരാൾ തന്റെ പരിഭ്രാന്തി പരസ്യമായി പ്രകടിപ്പിക്കുമ്പോൾ അവിടെ കൂടുതൽ സുതാര്യതയും പരസ്പര വിശ്വാസവും ഉടലെടുക്കുന്നു. ഇന്റിമസി കോർഡിനേറ്റർമാരുടെ സാന്നിധ്യവും അഭിനേതാക്കൾ തമ്മിലുള്ള തുറന്ന സംസാരവും സെറ്റുകളിൽ കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ട്.

ഇന്റിമേറ്റ് രംഗങ്ങളെ വെറുമൊരു പ്രൊഫഷണൽ ആക്ട് ആയി കാണാനും, ഇരു അഭിനേതാക്കളുടെയും സമ്മതത്തോടും സുരക്ഷിതത്വത്തോടും കൂടി ചിത്രീകരിക്കാനും ഇന്നത്തെ ഇൻഡസ്ട്രി കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. പുരുഷന്മാർ ഇത്തരം രംഗങ്ങളിൽ തങ്ങളുടെ വികാരങ്ങളും ഭയവും തുറന്നുപറയുന്നത് ഒരു നല്ല സിനിമാ സംസ്‌കാരത്തിന്റെ തുടക്കമാണെന്നും രാധിക ആപ്‌തെ കൂട്ടിച്ചേർക്കുന്നു.

Content Highlights: Radhika Apte shares insights on male actors' anxiety during intimate scenes, emphasizing the importance of transparency and mutual trust on set.