ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൻ അഴിച്ചിട്ട് അഭിനയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് - രാധിക ആപ്‌തെ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
രാധിക ആപ്തേ | ഫോട്ടോ: AFP
രാധിക ആപ്തേ | ഫോട്ടോ: AFP

ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയെയും ലിംഗസമത്വത്തെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിക്കൊണ്ട് സിനിമാ ചിത്രീകരണത്തിനിടയിൽ നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് രാധിക ആപ്‌തെ. ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ പോലും സ്ത്രീശരീരത്തെ കേവലം ലൈംഗികാകർഷണത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന വ്യവസായ രീതികളെയും, കരാറുകളിൽ പറയാത്ത കാര്യങ്ങൾ ചിത്രീകരണവേളയിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സംവിധായകരുടെയും നിർമ്മാതാക്കളുടെയും നിലപാടുകളെയും കുറിച്ചാണ് രാധിക ആപ്‌തെ സംസാരിച്ചത്.

ചിത്രീകരണത്തിന് തൊട്ടുമുമ്പ് മാത്രം വസ്ത്രധാരണത്തിലും നഗ്‌നതാപ്രദർശനത്തിലും മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുന്നത് കേവലം തൊഴിൽപരമായ ബുദ്ധിമുട്ട് മാത്രമല്ല, വലിയ മാനസിക പീഡനമാണ് അഭിനേതാക്കളിൽ ഉണ്ടാക്കുന്നതെന്ന് രാധിക പറയുന്നു. കൂടാതെ, സമീപകാലത്ത് ഇന്റിമസി കോഓർഡിനേറ്റർമാരുടെ സേവനം സെറ്റുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെങ്കിലും അത് അഭിനേതാക്കളുടെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നില്ലെന്നും അവർ പറയുന്നു.

ആക്ഷൻ ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ തോക്കെടുക്കുമ്പോഴും ഗുണ്ടകളെ നേരിടുമ്പോഴും പോലും അവരെ ലൈംഗികവൽക്കരിക്കാനുള്ള പ്രവണത സിനിമാരംഗത്ത് വ്യാപകമാണോയെന്ന ഇന്റർവ്യൂവറുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ആക്ഷൻ സീനിൽ ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കണം എന്നു ആവശ്യപ്പെട്ട കാര്യം രാധിക ആപ്‌തെ തുറന്നുസമ്മതിച്ചു. ലൈംഗികാകർഷണം ഉണ്ടാക്കുന്ന തരത്തിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനേക്കാൾ വലിയ പ്രശ്‌നം, ഒരു കഥാപാത്രത്തെ സ്വീകരിക്കുമ്പോൾ അതിനെക്കുറിച്ച് അഭിനേതാക്കൾക്ക് നൽകുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും അവർ പറയുന്നു. കഥാപാത്രത്തിന്റെ സ്വഭാവവും രംഗങ്ങളുടെ സ്വഭാവവും കരാർ ഒപ്പിടുന്ന സമയത്ത് തന്നെ വ്യക്തമായി പറയണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

'ഞാൻ ഒരു കഥാപാത്രം സ്വീകരിക്കുന്നതിന് മുൻപ് സംവിധായകനോട് വളരെ വ്യക്തമായി ചോദിക്കും എന്താണ് നിങ്ങളുടെ വിഷൻ? അതെന്നോട് കൃത്യമായി പറയണം. അല്ലാതെ രംഗം ചിത്രീകരിക്കുന്നതിന് രണ്ട് ദിവസം മുൻപല്ല ഇത് പറയേണ്ടത്. അവിടെയാണ് യഥാർത്ഥ പ്രശ്‌നം തുടങ്ങുന്നത്. സിനിമയിൽ ഭൂരിഭാഗവും നഗ്‌നയായി നിലനിൽക്കുന്ന ഒരു കഥാപാത്രത്തെയാണ് നിങ്ങൾ എഴുതിയിരിക്കുന്നതെങ്കിൽ, അത് നിങ്ങളുടെ സർഗ്ഗാത്മക കാഴ്ചപ്പാടായിരിക്കാം. അതിനോട് എനിക്ക് യോജിക്കാം, അല്ലെങ്കിൽ വിയോജിക്കാം. യോജിക്കുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിത്തന്നെ ഞാൻ ഒപ്പിടും, അത് ചെയ്യുകയും ചെയ്യും. എന്നാൽ, ചിത്രീകരണത്തിന് രണ്ട് ദിവസം മുൻപ് എന്നോട് വന്ന് ഇതിനെക്കുറിച്ച് തർക്കിക്കുകയും, ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് സഹിക്കാൻ കഴിയാത്ത കാര്യമാണ്. ഈ വശത്തുനിന്ന് ഷൂട്ട് ചെയ്യാമോ, ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും. അത് തികച്ചും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അനുഭവമാണ്. കഥാപാത്രത്തിന് നഗ്‌നത ആവശ്യമാണെങ്കിൽ അത് ആദ്യമേ പറയുക. ഞങ്ങൾ അത് കേട്ട് തീരുമാനമെടുക്കാം. അല്ലാതെ അവസാന നിമിഷം നൽകുന്ന ഇത്തരം ഞെട്ടിക്കുന്ന സർപ്രൈസുകളാണ് കാര്യങ്ങൾ വഷളാക്കുന്നത്,' അവർ കൂട്ടിച്ചേർത്തു.

ഇന്റിമസി രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അഭിനേതാക്കളുടെ സുരക്ഷയും സമ്മതവും ഉറപ്പാക്കാൻ 'ഇന്റിമസി കോഓർഡിനേറ്റർമാരെ' സെറ്റുകളിൽ നിയമിക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. ഇത് വലിയൊരു മാറ്റമാണെന്ന് സമ്മതിക്കുമ്പോഴും, നിലവിലെ വ്യവസ്ഥിതിയിൽ അവർക്ക് പൂർണ്ണമായി അഭിനേതാക്കളെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നും രാധിക ചൂണ്ടിക്കാട്ടി. ഇന്റിമസി കോഓർഡിനേറ്റർമാരുടെ സാന്നിധ്യം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അവരെ നിയമിക്കുന്നതും വേതനം നൽകുന്നതും നിർമാതാക്കളാണെന്നതാണ് ഏറ്റവും വലിയ പരിമിതി.

'ഇന്റിമസി കോഓർഡിനേറ്റർമാർ അഭിനേതാക്കൾക്ക് ഒപ്പം നിൽക്കുകയും നിർമാതാക്കളുടെ തെറ്റായ ആവശ്യങ്ങളെ എതിർക്കുകയും ചെയ്താൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന സാഹചര്യങ്ങളാണ് ഞാൻ കണ്ടിട്ടുള്ളത്. അതിനാൽ ഇതൊരു എളുപ്പമുള്ള സാഹചര്യമല്ല. അവരുടെ സാന്നിധ്യം വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ ഞങ്ങളെ പൂർണ്ണമായി സംരക്ഷിക്കാൻ അവർക്ക് കഴിയുന്നില്ല. ഒന്നുകിൽ നിർമാതാക്കളുടെ സമ്മർദ്ദം കാരണം അവർ പിരിച്ചുവിടപ്പെടും, അല്ലെങ്കിൽ നിലനിൽപ്പിനായി അവർ നിലപാടുകൾ മാറ്റും. ഇനി അവർ അഭിനേതാക്കൾക്കൊപ്പം ഉറച്ചുനിന്നാൽ പോലും വലിയ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. അഭിനേതാക്കൾ വീണ്ടും വേട്ടയാടപ്പെടുക തന്നെ ചെയ്യും. മാത്രവുമല്ല, അഭിനേതാക്കൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു ഇന്റിമസി കോഓർഡിനേറ്ററെ സ്വന്തമായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും നിലവിലില്ല,' താരം ചൂണ്ടിക്കാട്ടി.

Content Highlights: Radhika Apte shares her experiences with unrealistic demands and gender biases during action scenes, highlighting the industry's problematic portrayal of women.