സ്ത്രീകളേ നിങ്ങള്‍ എല്ലാം തികഞ്ഞ ഭാര്യയോ അമ്മയോ മരുമകളോ ആയില്ലെങ്കിലും കുഴപ്പമില്ല-ജ്യോത്സ്‌ന

ജ്യോത്സ്‌ന | Photo: instagram.com|jyotsnaradhakrishnan|
ജ്യോത്സ്‌ന | Photo: instagram.com|jyotsnaradhakrishnan|

സ്ത്രീകളും പുരുഷന്മാരും ഇങ്ങനെയായിരിക്കണം എന്ന് സമൂഹം ചാര്‍ത്തിക്കൊടുക്കുന്ന ചില വിശേഷണങ്ങളുണ്ട്. അത് അവരില്‍ ചെലുത്തുന്ന സമ്മര്‍ദങ്ങളും ചെറുതല്ല. വീടൊരുക്കുന്നത് തൊട്ട് കുടുംബ കാര്യങ്ങളെല്ലാം വിട്ടുവീഴ്ച്ചയില്ലാതെ നോക്കുന്ന സ്ത്രീയും വൈകാരികമാവാതെ മിതത്വം പാലിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന പുരുഷന്മാരുമൊക്കെ ജീവിതം ആസ്വദിക്കാതെ സമ്മര്‍ദങ്ങളില്‍ ഉഴലുകയാണ്. ഇത്തരക്കാരോട് മനസ്സു തുറന്ന് നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ ജീവിക്കാന്‍ പറയുകയാണ് ഗായിക ജ്യോത്സ്‌ന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ ജീവിതത്തെ വിട്ടുകൊടുക്കാതെ ന്യൂനതകള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ പറയുന്നത്.

വീട് വൃത്തിയായി കൊണ്ടുനടക്കുന്ന, മക്കളുടെയും ഭര്‍ത്താവിന്റെയുമൊക്കെ കാര്യങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാതെ ചെയ്യുന്ന സ്ത്രീയെ ആണ് പലരും മാതൃകാ വനിതയായി പറയാറുള്ളത്. സമാനമായി പുരുഷന്മാര്‍ പരസ്യമായി കരയാന്‍ പാടില്ലെന്നും അവര്‍ പിങ്ക് നിറങ്ങള്‍ ധരിക്കരുതെന്നുമൊക്കെ പറയുന്നവരുമുണ്ട്. എന്നാല്‍ പെര്‍ഫെക്റ്റായ സ്ത്രീ, പുരുഷന്‍ എന്നതെല്ലാം വെറും സങ്കല്‍പമാണെന്നും അതിലെല്ലാമുപരി സാധാരണ മനുഷ്യരാണ് അവരെന്നും പറയുകയാണ് ജ്യോത്സ്‌ന.

കുറിപ്പിലേക്ക്...

'' പ്രിയപ്പെട്ട സ്ത്രീകളെ,

പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തിയായി കിടന്നാലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല. കുട്ടികള്‍ ഇപ്പോള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്താലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.

പ്രിയപ്പെട്ട പുരുഷന്മാരേ..

നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അത്താഴത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താല്‍പര്യപ്പെടുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതില്‍ കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്.''

സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടതെന്നും ജ്യോത്സ്‌ന കുറിപ്പില്‍ പറയുന്നു. സമൂഹമാധ്യമത്തിലെ നമ്പറുകളെ പ്രധാനപ്പെട്ട പ്രൊജക്റ്റ് നഷ്ടമാകുന്നതോ. അല്‍പം വണ്ണം കൂടുന്നതോ ഒന്നുമല്ല നിങ്ങളെ നിശ്ചയിക്കുന്നത്. എല്ലാം തികഞ്ഞവര്‍ ആയിരിക്കാനുള്ള സമ്മര്‍ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കി മാറ്റരുത്-ജ്യോത്സ്‌ന കുറിക്കുന്നു.

നിരവധി പേരാണ് കുറിപ്പിനു കീഴെ ജ്യോത്സ്‌നയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്കുകള്‍ എന്നും ലിംഗവിവേചനമില്ലാതെ ഇരുജെന്‍ഡറുകളെയും അഭിസംബോധന ചെയ്തുവെന്നും എല്ലാം തികഞ്ഞവരാകാന്‍ സമ്മര്‍ദപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള കുറിപ്പ് എന്നുമൊക്കെ പോകുന്നു കമന്റുകള്‍.

Content Highlights: Perfection is a myth says jyotsna radhakrishnan

Content Highlights: