'ഇതൊരു വലിയ കാര്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'; ADHD ഉണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പാർവതി തിരുവോത്ത് | ചിത്രം: മാതൃഭൂമി
പാർവതി തിരുവോത്ത് | ചിത്രം: മാതൃഭൂമി

തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഉണ്ടെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നടി പാർവതി തിരുവോത്ത്. അവതാരക രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 38-കാരിയായ താരം തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും, അത് തന്റെ ദൈനംദിന ജീവിതത്തെയും സിനിമാ തിരക്കുകളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും മനസ്സുതുറന്നത്.

Read More: 'കാൻസർ നമ്മളെ ആഴത്തിൽ മാറ്റുന്നു'; ചികിത്സയ്ക്കും രോഗമുക്തിക്കും ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് കേറ്റ് മിഡിൽടൺ 

യു.കെ, ഹൈദരാബാദ്, പാലക്കാട് എന്നിവിടങ്ങളിലായി വിവിധ പ്രോജക്റ്റുകളുടെ തിരക്കിലാണിപ്പോൾ പാർവതി. ഇത്രയധികം യാത്രകളും ജോലിത്തിരക്കുകളും എങ്ങനെയാണ് ഒരേസമയം കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. 'മുമ്പൊരിക്കലും ചെയ്യാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യാനും, കഠിനമായി പരിശ്രമിക്കാനും ഞാൻ തീരുമാനിച്ചു കഴിഞ്ഞു,' പാർവതി പറഞ്ഞു.

'എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമയം എന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ പ്രശ്‌നമല്ല. എനിക്ക് സമയം നീട്ടണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യും. സമയം എന്നത് ഇലാസ്റ്റിക് പോലെയാണ്. അതിനർത്ഥം ഞാൻ ഉറക്കം കളയുമെന്നല്ല; എനിക്കുള്ള ഉറക്കം ഞാൻ കണ്ടെത്തുക തന്നെ ചെയ്യും.' പാർവതി പറയുന്നു.

പുതിയ അവസരങ്ങൾ പരീക്ഷിക്കുന്നതിലും റിസ്‌കുകൾ എടുക്കുന്നതിലും മുമ്പുണ്ടായിരുന്ന മടി താൻ മറികടന്നതായും താരം പങ്കുവെച്ചു.

Read More: 12 മണിക്കൂർ ഫുൾ മേക്കപ്പിൽ ജോലി, ചർമം പൊളിഞ്ഞുപോകും; ക്യാബിൻ ക്രൂ ജോലിയുടെ മറുപുറം ഇങ്ങനെ 

'നിങ്ങൾ മരിക്കാനൊന്നും പോകുന്നില്ലല്ലോ? പിന്നെ എന്തുകൊണ്ട് പരീക്ഷിച്ചു കൂടാ? നമ്മൾ പരാജയപ്പെട്ടേക്കാം, പക്ഷേ അത് അന്തസ്സോടെയുള്ള പരാജയമായിരിക്കും. ചിലപ്പോൾ നിങ്ങൾ തകർന്നുപോയേക്കാം, എന്നാൽ അത് നിങ്ങളെ മറ്റൊരു രീതിയിൽ പുനർനിർമ്മിക്കും.'

മുമ്പ് തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായ ചട്ടക്കൂടുകളിലായിരുന്നുവെന്ന് താരം ഓർക്കുന്നു. 'മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഞാൻ ആരോടും സംസാരിക്കാറില്ലായിരുന്നു. അന്നത്തെ പാർവതിക്ക് അത് ഗുണം ചെയ്തു, അവൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നാൽ ഇന്ന് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഞാൻ ആഘോഷിക്കും,' പാർവതി കൂട്ടിച്ചേർത്തു.

ചലച്ചിത്ര രംഗത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയയായ പാർവതിയുടെ ഈ തുറന്നുപറച്ചിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ ദിശാബോധം നൽകുകയാണ്.