ഈ വർഷത്തെ'സെക്സിയസ്റ്റ് മാൻ' നോഹ വൈൽ; പിന്നിലാക്കിയത് നിരവധി പ്രമുഖരെ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
നോഹ ൈവല്‍ | Photo: therealnoahwyle/Instagram
നോഹ ൈവല്‍ | Photo: therealnoahwyle/Instagram

മോസ്റ്റ് സെക്‌സിയെസ്റ്റ് മാനായി ഈ വർഷം പീപ്പിൾ മാഗസിൻ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു അമ്പത്തിയഞ്ചുകാരനെയാണ്, നോഹ  വൈലിനെ. എച്ച്.ബി.ഒ. സംപ്രേഷണം ചെയ്യുന്ന ദി പിറ്റ് എന്ന ജനപ്രിയ മെഡിക്കൽ ഡ്രാമയിലൂടെ എമ്മി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയതിന് തൊട്ടുപിന്നാലെയാണ് വൈലിനെ തേടി ഈ പദവി എത്തിയിരിക്കുന്നത്. വാർത്ത കേട്ട നോവയ്ക്ക് തന്നെ ഇക്കാര്യം വിശ്വസിക്കാനായില്ല. ആരോ തന്നെ കബളിപ്പിക്കാനായി പറയുന്നതാണെന്നാണ് താരം ആദ്യം കരുതിയത്. എന്റെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊരു ബഹുമതി എന്നെ തേടിയെത്തുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ലെന്ന് വൈൽ പറയുന്നു.

ഈ ബഹുമതിയോടെ എല്ലാം മാറിമറിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്തായാലും വീട്ടുകാരും സുഹൃത്തുക്കളും തന്നെ കളിയാക്കുമെന്നും ചിരിയോടെ അദ്ദേഹം പറയുന്നു. 'എന്റെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും എനിക്ക് ഒരുപാട് പരിഹാസവും കളിയാക്കലുകളും നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് എന്റെ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും!'

2025-2026 കാലഘട്ടത്തിൽ ഹോളിവുഡ് ടെലിവിഷൻ ലോകം കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് എച്ച്.ബി.ഒയുടെ 'ദി പിറ്റ്'. പിറ്റ്സ്ബർഗിലെ ഒരു അത്യാഹിത വിഭാഗം കേന്ദ്രീകരിച്ച് കഥ പറയുന്ന ഈ പരമ്പരയിൽ ഡോ. മൈക്കൽ റോബി എന്ന കഥാപാത്രത്തെയാണ് നോഹ വൈൽ അവതരിപ്പിക്കുന്നത്. നടനായി മാത്രമല്ല, ഈ പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും, എഴുത്തുകാരനായും, ചില എപ്പിസോഡുകളുടെ സംവിധായകനായും വൈൽ പ്രവർത്തിക്കുന്നുണ്ട്.

നോഹ എന്ന നടന്റെ പേര് കേൾക്കുമ്പോൾ തന്നെ ടെലിവിഷൻ ആസ്വാദകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് 1994-ൽ പ്രക്ഷേപണം ആരംഭിച്ച ചരിത്രപ്രസിദ്ധമായ 'ഇ.ആർ' എന്ന മെഡിക്കൽ ഡ്രാമയാണ്. ഈ പരമ്പരയിൽ യുവ ഡോക്ടറായ ഡോ. ജോൺ കാർട്ടർ എന്ന കഥാപാത്രത്തിലൂടെയാണ് വൈൽ ജനപ്രീതി നേടുന്നത്.ഇ.ആർലെ പ്രകടനത്തിന് 1995 മുതൽ 1999 വരെ തുടർച്ചയായി അഞ്ച് തവണ എമ്മി നാമനിർദ്ദേശങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിലും, പുരസ്‌കാരം ലഭിക്കാൻ 2025 വരെ കാത്തിരിക്കേണ്ടി വന്നു.

1971 ജൂൺ 4-ന് കാലിഫോർണിയയിലെ ലോസ് ആഞ്ജലീസിലാണ് നോഹ  ജനിച്ചത്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ അഭിനയരംഗത്തേക്ക് കടന്നു.എ ഫ്യൂ ഗുഡ് മെൻ, ഡോണി ഡാർകോ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.അഭിനേത്രിയായ സാറ വെൽസ് ആണ് ഭാര്യ. മൂന്ന് മക്കളുടെ പിതാവാണ് അദ്ദേഹം.

ലോസ് ആഞ്ജലീസിലെ ലോസ് ഫെലിസിലും, സാന്റാ യെനെസ് വാലിയിലെ സ്വന്തം ഫാമിലുമായാണ് വൈലിയും കുടുംബവും താമസിക്കുന്നത്. തികച്ചും ശാന്തമായ കുടുംബജീവിതം നയിക്കുന്ന അദ്ദേഹം, ഹോളിവുഡിലെ കാപട്യങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും എപ്പോഴും അകലം പാലിക്കുന്ന നടനായിട്ടാണ് അറിയപ്പെടുന്നത്.

1985-ലാണ് പീപ്പിൾ മാഗസിൻ 'സെക്സിയസ്റ്റ് മാൻ അലൈവ്' പുരസ്‌കാരം നൽകാൻ ആരംഭിച്ചത്. ആദ്യമായി ഈ പദവി നേടിയത് മെൽ ഗിബ്‌സൺ ആയിരുന്നു. തുടർന്ന് ജോൺ എഫ്. കെന്നഡി ജൂനിയർ, ബ്രാഡ് പിറ്റ്, ജോർജ്ജ് ക്ലൂണി, ചാനിംഗ് ടാറ്റം, ഡെയ്ൻ ജോൺസൺ തുടങ്ങിയ പ്രമുഖർ ഈ പട്ടികയിൽ ഇടംപിടിച്ചു. പ്രായവും അനുഭവസമ്പത്തും നൽകുന്ന പക്വതയാണ് ഒരു പുരുഷന്റെ ഏറ്റവും വലിയ ആകർഷകത്വം എന്ന സന്ദേശമാണ് നോഹയുടെ തിരഞ്ഞെടുപ്പിലൂടെ പീപ്പിൾ മാഗസിൻ നൽകുന്നത്.

Content Highlights: Explore Noah Wyle's successful transition from 'E.R.' to HBO's 'The Pit', where he excels as actor, producer, and director.