24 കോടി ശമ്പളം, 276 കോടിയുടെ ബംഗ്ലാവ്, അംബാനിയുടെ മക്കള്‍പോലും റിലയന്‍സില്‍ നിഖിലിന് താഴെ

അംബാനി സാമ്രാജ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് അംബരചുംബികളായ കെട്ടിടങ്ങളും കോടികളുടെ ഇടപാടുകളും ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ദക്ഷിണ മുംബൈക്ക് മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആന്റിലിയുമൊക്കെയായിരിക്കും. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍, റിലയന്‍സ് യന്ത്രത്തെ പ്രവര്‍ത്തിപ്പിക്കുന്ന ഒരാളുണ്ട്, നിഖില്‍ രസികലാല്‍ മെസ്വാനി. മുകേഷ് അംബാനിയാണ് ബ്രാന്‍ഡിന്റെ മുഖമെങ്കില്‍, നിഖില്‍ അതിന്റെ സ്പന്ദനമാണ്. അതുകൊണ്ടുതന്നെ മുകേഷ് അംബാനിയേക്കാളും മുകേഷിന്റെ മക്കളേക്കാളും കൂടുതലാണ് നിഖില്‍ റിലയന്‍സില്‍ നിന്ന് വാങ്ങുന്ന ശമ്പളം.
നിഖില്‍ മെസ്വാനി റിലയന്‍സിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ മാത്രമല്ല, അംബാനി കുടുംബത്തിലെ ഒരാള്‍ തന്നെ എന്ന് പറയാം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് കുടുംബത്തില്‍ ജനിച്ച നിഖില്‍ സ്ഥാപക ഡയറക്ടറായ ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരി ത്രിലോചന ബെന്നിന്റെ മകനായ രസികലാല്‍ മെസ്വാനിയുടെ മകനാണ്. അതായത് മുകേഷ് അംബാനിയുടെ കസിന്‍ ബ്രദറിന്റെ മകനാണ് നിഖില്‍.
മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്റ്‌സില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. 1986-ല്‍ ഒരു പ്രൊജക്റ്റ് ഓഫീസറായാണ് റിലയന്‍സില്‍ ജോലി തുടങ്ങിയത്. 1988 മുതല്‍ അദ്ദേഹം എക്‌സിക്യൂട്ടീവ് ഡയറക്ടറായി ബോര്‍ഡിലുണ്ട്. കമ്പനിയുടെ ഏറ്റവും ലാഭകരമായ മേഖലകളിലൊന്നായ റിലയന്‍സിന്റെ പെട്രോകെമിക്കല്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.
1997 മുതല്‍ 2005 വരെ, കമ്പനിയുടെ റിഫൈനറി ബിസിനസ് അദ്ദേഹം നയിച്ചു. വികസനത്തിന്റെ നിര്‍ണായക ഘട്ടത്തിലൂടെ അതിനെ മുന്നോട്ട് കൊണ്ടുപോയി. റിലയന്‍സിന്റെ ഐപിഎല്‍ ഉദ്യമവും ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളില്‍ ഒന്നുമായ മുംബൈ ഇന്ത്യന്‍സ് മാനേജ് ചെയ്യുന്നതിലും അദ്ദേഹം പങ്കാളിയാണ്.
എന്തുകൊണ്ടാണ് നിഖില്‍, മുകേഷ് അംബാനിയേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നത് എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. 2009 സാമ്പത്തിക വര്‍ഷം മുതല്‍ 2020 സാമ്പത്തിക വര്‍ഷം വരേയുള്ള കാലയളവില്‍ തന്റെ വാര്‍ഷിക ശമ്പളം 15 കോടി രൂപയായി മുകേഷ് പരിമിതപ്പെടുത്തിയിരുന്നു. 2021-ല്‍ കോവിഡ് കാരണം ശമ്പളം ഉപേക്ഷിക്കാനും തീരുമാനിച്ചു. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 24 കോടി രൂപയാണ് നിഖില്‍ സമ്പാദിച്ചത്. 2008 മുതല്‍ മുകേഷ് അംബാനി തന്റെ ശമ്പളം കൂട്ടിയിട്ടില്ല. പകരം കമ്പനിയില്‍ വീണ്ടും നിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ നിഖിലും സഹോദരവും ഹിതലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളില്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ നടന്ന ഏറ്റവും വലിയൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടും നിഖിലിന്റെ പേരിലാണ്. നേപിയന്‍ സീ റോഡിലെ ആഡംബരം നിറഞ്ഞ ലക്ഷ്മി നിവാസ് ബംഗ്ലാവ് 276 കോടി രൂപ നല്‍കിയാണ് നിഖില്‍ വാങ്ങിയത്. കൊളോണിയല്‍ കാലഘട്ടത്തിലെ ഈ പൈതൃക ബംഗ്ലാവ് ആസാദ് ഹിന്ദ് റേഡിയോയുടെ താത്ക്കാലിക സ്റ്റുഡിയോയായി പണ്ട് പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം കമ്പനി ഡയറക്ടേഴ്‌സ് ബോര്‍ഡിലുള്ള അംബാനിയുടെ മൂന്ന് മക്കള്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഇവര്‍ക്ക് ലാഭത്തില്‍ നിന്നുള്ള സിറ്റിങ് ഫീസും കമ്മീഷനും മാത്രമാണ് ലഭിക്കുക. റിലയന്‍സ് ടെലികോം യൂണിറ്റായ ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനാണ് മൂത്ത മകന്‍ ആകാശ് അംബാനി. മകള്‍ ഇഷ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറാണ്. ഇളയ മകന്‍ ആനന്ദ് ജിയോ പ്ലാറ്റ്‌ഫോംസ് ബോര്‍ഡിലും റിലയന്‍സ് റീട്ടെയ്ല്‍ ന്യൂ എനര്‍ജി ബിസിനസിലുമാണ് പ്രവര്‍ത്തിക്കുന്നത്. അംബാനിയുടെ ഭാര്യ നിതയെ ഡയറക്ടേഴ്‌സ് ബോര്‍ഡിലേക്ക് നിയമിച്ചപ്പോഴും ശമ്പളം നല്‍കിയിരുന്നില്ല. സിറ്റിങ് ഫീസായി ആറ് ലക്ഷം രൂപയും കമ്മീഷനായി രണ്ട് കോടി രൂപയുമാണ് നിതയ്ക്ക് ലഭിച്ചത്.
Content Highlights: nikhil meswani billionaire relative of reliance industries mukesh ambani