പട്ടിയെപ്പോലെയാണ് പണിയെടുത്തിരുന്നത്, ബഹുമാനം ലഭിക്കാൻ ജോലി കൂടിയേ തീരൂ- നീന ഗുപ്ത

നീന ​ഗുപ്തയും മകൾ മസാബ ​ഗുപ്തയും | Photo: instagram.com|neena_gupta|?hl=en
നീന ​ഗുപ്തയും മകൾ മസാബ ​ഗുപ്തയും | Photo: instagram.com|neena_gupta|?hl=en

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ പദവി ചേരുന്നവരിലൊരാളാണ് നടിയും ഫാഷൻ ഡിസൈനർ മസാബാ ​ഗുപ്തയുടെ അമ്മയുമായ നീന ​ഗുപ്ത. വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ്താരം വിവിയൻ റിച്ചാർഡ്സുമായുള്ള പ്രണയവും വിവാഹിതനായ വിവിയനൊപ്പമുള്ള താമസവുമൊക്കെ നീനയ്ക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഒടുവിൽ മസാബയെ കഠിനാധ്വാനത്തിലൂടെ തനിച്ചു വളർത്തിയ കഥയും നീന പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ കഠിനകാലത്തെക്കുറിച്ച് പങ്കുവെക്കുകയാണ് നീന. 

സിം​ഗിൾ പാരന്റ് എന്ന നിലയിൽ മകളെ വളർത്താൻ താൻ കഷ്ടപ്പെട്ടതിനെക്കുറിച്ച് ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് നീന. വളരെ കഠിനമായിരുന്നു ആ കാലം. താൻ കരുതിയതിനേക്കാളെല്ലാം കഷ്ടമായിരുന്നു അത്. ഒരു കുട്ടിക്ക് തന്റെ മാതാപിതാക്കൾ രണ്ടുപേരും അരികിൽ വേണം. അവർക്ക് ധാരാളം സമയം അരികിൽ വേണം. അതുകൊണ്ട് താൻ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഞാൻ സമ്പാദിക്കാൻ പോയില്ലായിരുന്നെങ്കിൽ മസാബ കുറച്ചുകൂടി നന്നായേനെ എന്നു തോന്നുന്നു. - നീന ​ഗുപ്ത പറയുന്നു.

വിവാഹിതയായ സമയത്ത് ടെലിവിഷൻ രം​ഗത്തുൾപ്പെടെ പട്ടിയെപ്പോലെയാണ് പണിയെടുത്തിരുന്നത്. ഒരു കുഞ്ഞിനെ നോക്കുന്നതും ഒപ്പം ജോലി കൊണ്ടുപോകുന്നതും വളരെ കഠിനമായിരുന്നു. വിവാഹിതയായതോടെ സ്വസ്ഥജീവിതം നയിക്കാമെന്നു കരുതി. ബ്യൂട്ടിപാർലറിൽ പോകാമെന്നും മസാജ് ചെയ്യാമെന്നും തീരുമാനിച്ചു, അതൊന്നും കാലങ്ങളായി ചെയ്തിരുന്നില്ല. പാചകം ചെയ്യണം, മസാബയ്ക്കായി കൂടുതൽ സമയം കണ്ടെത്തണം എന്നെല്ലാം തീരുമാനിച്ചു. പക്ഷേ വൈകാതെ അധികകാലം അത്തരത്തിൽ പോകാൻ കഴിയില്ലെന്ന് മനസ്സിലായെന്നും നീന പറയുന്നു. 

മകളും ഭർത്താവും ഉൾപ്പെടെ തന്നെ അവരവരുടെ കാര്യങ്ങൾക്കായി ഉപയോ​ഗിക്കുന്നതായി തോന്നി. എന്തോ ഒന്നിന്റെ കുറവ് അനുഭവപ്പെട്ടിരുന്നു, ബഹുമാനം കുറഞ്ഞിരുന്നു. ആയിടയ്ക്ക് സംഭവിച്ച ഇപ്പോൾ തുറന്നുപറയാനാവാത്ത ഒരുകാര്യം തന്നെ വീണ്ടും ജോലിക്കു പോവാൻ പ്രേരിപ്പിച്ചു. ജോലി വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത് വളരെ എളുപ്പമായിരുന്നു. പക്ഷേ അപ്പോഴാണ് ജോലിയില്ലാതെ ബഹുമാനം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞത്- നീന പറയുന്നു.  

Content Highlights: Neena Gupta Recalls struggling days

Content Highlights: