ബച്ചന്റെ കൊച്ചുമകളൊക്കെ തന്നെ; പക്ഷെ, തന്റെ വിജയത്തിന് പിന്നിൽ വീട്ടിലെ സ്ത്രീകൾ-നവ്യ നവേലി നന്ദ

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും കൊച്ചുമകളായ നവ്യ നവേലി നന്ദ സിനിമയിലേക്ക് തിരിയുന്നതിന് പകരം യുവ സംരംഭകയും സാമൂഹിക പ്രവർത്തകയുമായി തിളങ്ങുകയാണ്. ഇതിന് പിന്നിൽ കുടുംബത്തിലെ മുതിർന്ന സ്ത്രീകളുടെ ശക്തമായ സ്വാധീനമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നവ്യ. ഒരു അഭിമുഖത്തിലാണ് നവ്യ തന്റെ കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ചും കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും വ്യക്തമാക്കിയത്.
വീട്ടിലെ സ്ത്രീകൾ ജോലി ചെയ്യുന്നത് കണ്ടാണ് താൻ വളർന്നതെന്ന് നവ്യ പറയുന്നു. അമ്മ ശ്വേത ബച്ചൻ, മുത്തശ്ശി ജയ ബച്ചൻ, അമ്മയുടെ സഹോദരന്റെ ഭാര്യയായ ഐശ്വര്യ റായ്, അച്ഛമ്മ റീതു നന്ദ തുടങ്ങി കുടുംബത്തിലെ ഓരോ സ്ത്രീകളും തങ്ങളുടെ കരിയറിലും വ്യക്തിജീവിതത്തിലും പുലർത്തിയ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഡൽഹിയിൽ വളർന്ന തനിക്ക് സംരംഭകയാകാൻ പ്രചോദനമായത് അച്ഛനമ്മമാരാണെന്നും, ബിസിനസ്സിലെ തന്റെ ആദ്യകാല പ്രചോദനം അച്ഛമ്മ റീതു നന്ദയാണെന്നും നവ്യ തുറന്നുപറഞ്ഞു.
ഒരേസമയം പല കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന സ്ത്രീകൾ
സ്ത്രീകൾക്ക് ജന്മനാ ലഭിക്കുന്ന പ്രത്യേക കഴിവുകളെക്കുറിച്ചും നവ്യ സംസാരിച്ചു.'കുടുംബത്തിന് ആവശ്യമുള്ളപ്പോൾ ഒപ്പമുണ്ടാവുക, ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിങ്ങനെ ഒരേസമയം പല ഉത്തരവാദിത്വങ്ങൾ സ്ത്രീകൾക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. ഈ കഴിവുകൾ കുടുംബത്തിന്റെ ഒരുമയ്ക്കും ജോലിസ്ഥലത്തെ മികച്ച പ്രകടനങ്ങൾക്കും അവരെ സഹായിക്കുന്നു. അവർക്ക് ഒരേസമയം ആയിരം കാര്യങ്ങൾ ചെയ്യാൻ കഴിയും.' നവ്യ പറഞ്ഞു. കുടുംബവും കരിയറും കെട്ടിപ്പടുക്കുന്നതിൽ പുരുഷന്മാരോടൊപ്പം സ്ത്രീകളും ഒരുപോലെ പ്രവർത്തിക്കണമെന്നും ലിംഗസമത്വം ഒരുമിച്ച് നേടിയെടുക്കേണ്ടതാണെന്നുമാണ് നവ്യയുടെ അഭിപ്രായം.
പ്രൊജക്റ്റ് നവേലി (Project Naveli) യിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന നവ്യ പെൺകുട്ടികൾക്കായി നൽകുന്ന ഉപദേശം ഇതാണ്. കരിയർ കെട്ടിപ്പടുക്കുകയെന്നാൽ പെട്ടെന്ന് ഒരു സംരംഭക ആകുക എന്നല്ല അർത്ഥം. മറിച്ച് പുതിയ കാര്യങ്ങൾ പഠിക്കുക, ജോലിക്ക് ഇറങ്ങുക, സാമ്പത്തിക കാര്യങ്ങൾ മനസ്സിലാക്കുക എന്നിവയെല്ലാം സ്വാശ്രയത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. ഒരു അമ്മ, മകൾ, ഭാര്യ എന്നീ നിലകളിൽ പ്രവർത്തിക്കുന്നത് ഒരു സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കാമെങ്കിലും, അത് അവരുടെ പ്രൊഫഷണൽ സ്വപ്നങ്ങൾക്ക് പകരമാവേണ്ടതില്ലെന്നും അവർ പറയുന്നുണ്ട്. കുടുംബത്തിൽനിന്നു ലഭിച്ച പിന്തുണയും മാനസിക ധൈര്യവുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും മുതിർന്ന സ്ത്രീകൾ തന്നെ ഓർത്ത് അഭിമാനിക്കുന്നതുപോലെ കരിയറിൽ ഉയരണമെന്നാണ് തന്റെ ആഗ്രഹമെന്നും നവ്യ നവേലി നന്ദ പറഞ്ഞു.
Content Highlights: Navya Naveli Nanda credits the women in her family for shaping her career and confidence., She highlights the influence of Jaya Bachchan, Shweta Bachchan, Aishwarya Rai, and Ritu Nanda., Navya leads Project Naveli, focusing on education, health, and financial independence for girls., Emphasizes the importance of financial literacy and building a professional identity alongside family responsibilities.