കണ്ണിനിമ നീളെ... ഗാനത്തിലൂടെ മലയാളികളുടെ മനംകവർന്ന നരേഷ് അയ്യർ വിവാഹിതനായി

പിന്നണി ഗായകൻ നരേഷ് അയ്യർ വിവാഹിതനായി. മഹാരാഷ്ട്രയിലെ പവായിലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. ക്ഷേത്രത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ നവദമ്പതികൾക്ക് ആശംസകൾ വന്നതോടെയാണ് വിവാഹവാർത്ത പുറത്തറിഞ്ഞത്.
'മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്രീ നരേഷ് അയ്യർക്ക് വിവാഹമംഗളാശംസകൾ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് ഞങ്ങളുടെ ക്ഷേത്രത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.. ദമ്പതികൾക്ക് സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു.' ഇതായിരുന്നു കുറിപ്പ്.
2006-ൽ പുറത്തിറങ്ങിയ 'രംഗ് ദേ ബസന്തി'യിലെ 'രൂബരൂ' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 'അൻവർ' സിനിമയിലെ 'കണ്ണിനിമ നീളെ', 'ഉസ്താദ് ഹോട്ടലി'ലെ 'മേൽ മേൽ മേൽ', 'സെക്കൻഡ് ഷോ'യിലെ 'സ്വപ്നം' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ മലയാളി സംഗീതാസ്വാദകരുടെയും മനസ്സ് കീഴടക്കാൻ കഴിഞ്ഞിട്ടുള്ള ഗായകനാണ് നരേഷ്.
വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകരും സംഗീതപ്രേമികളും സോഷ്യൽ മീഡിയയിലൂടെ ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.
Content Highlights: Playback singer Naresh Iyer tied the knot at Ayyappa Vishnu Temple in Powai, Maharashtra., The temple officially announced the wedding and extended wishes., Naresh Iyer won the National Award for the song 'Roobaroo' from Rang De Basanti., He is popular among Malayalam music fans for hits like 'Kanninimaneele' and 'Mel Mel Mel'.