മൾട്ടിടാസ്‌കിങ് എന്ന കെണി: തലച്ചോറിനെയും നാഡീവ്യവസ്ഥയെയും തകരാറിലാക്കുമോ?

ആധുനിക ജീവിതശൈലിയിൽ ഉൽപ്പാദനക്ഷമതയുടെയും കാര്യക്ഷമതയുടെയും മാനദണ്ഡമായാണ് പലപ്പോഴും 'മൾട്ടിടാസ്‌കിങ്' വിലയിരുത്തപ്പെടുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് ഇമെയിൽ അയയ്ക്കുന്നത്, വാർത്തകൾ വായിക്കുന്നത്, അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നത്, ടിവി കാണുമ്പോൾ ഫോണിൽ സ്‌ക്രോൾ ചെയ്യുന്നത്, ഭക്ഷണം കഴിക്കുമ്പോൾ വായിക്കുന്നത് എല്ലാം ഒരു മികച്ച കഴിവായി നാം കാണുന്നു. എന്നാൽ മനുഷ്യന്റെ തലച്ചോറും നാഡീവ്യവസ്ഥയും ഒരേസമയം ഒന്നിലധികം സങ്കീർണ്ണമായ കാര്യങ്ങൾ ചെയ്യാനായി രൂപകൽപ്പന ചെയ്യപ്പെട്ട ഒന്നല്ല. സ്വാഭാവികമായും മൾട്ടിടാസ്‌കിങ് എന്ന് വിളിക്കുന്ന അവസ്ഥ യഥാർത്ഥത്തിൽ തലച്ചോറിനെ കടുത്ത ജോലിഭാരത്തിലേക്ക് തള്ളിയിടുകയും, നാഡീവ്യവസ്ഥയിൽ കടുത്ത സമ്മർദം സൃഷ്ടിക്കുകയും ചെയ്യുന്നു.
മനുഷ്യന്റെ മസ്തിഷ്‌കത്തിന് ഒരേസമയം സങ്കീർണ്ണമായ രണ്ട് കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ കഴിയില്ല. നമ്മൾ ഒരേസമയം രണ്ട് കാര്യങ്ങൾ ചെയ്യുന്നു എന്ന് കരുതുമ്പോൾ, യഥാർത്ഥത്തിൽ സംഭവിക്കുന്നത് തലച്ചോറിലെ പ്രീഫ്രണ്ടൽ കോർട്ടെക്‌സ് എന്ന ഭാഗം ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം ശ്രദ്ധ മാറ്റുകയാണ് ഇതിനെ കോൺടെക്‌സ്റ്റ് സ്വിച്ചിങ് എന്നുപറയാം. ഇങ്ങനെ ചെയ്യുമ്പോൾ അതായത് ഒരു ജോലിയിൽ നിന്ന് അടുത്തതിലേക്ക് മാറുമ്പോൾ, മുൻപത്തെ ജോലിയുടെ ഒരു ഭാഗം തലച്ചോറിന്റെ ചിന്തകളിൽ തങ്ങിനിൽക്കും. ഇത് രണ്ടാമത്തെ ജോലിയിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തടയുന്നു. ഓരോ തവണ ശ്രദ്ധ മാറ്റുമ്പോഴും തലച്ചോറിന് ഊർജ്ജവും സമയവും നഷ്ടപ്പെടുന്നു. ഇത് ഒടുവിൽ കാര്യക്ഷമത 40 ശതമാനത്തോളം കുറയ്ക്കാൻ ഇടയാക്കുന്നു.
മൾട്ടിടാസ്‌കിങ് നാഡീവ്യവസ്ഥയെ ബാധിക്കുമോ?
മൾട്ടിടാസ്‌കിങ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സിമ്പതറ്റിക് നെർവസ് സിസ്റ്റം എന്ന അവസ്ഥ സജീവമാകുന്നു. ശ്രദ്ധ അതിവേഗം മാറ്റേണ്ടി വരുമ്പോൾ തലച്ചോറ് അതിനെ ഒരു ഭീഷണിയായി കണക്കാക്കുകയും രക്തത്തിലേക്ക് കോർട്ടിസോൾ, അഡ്രിനാലിൻ എന്നീ ഹോർമോണുകളെ എത്തിക്കുകയും ചെയ്യുന്നു. നാഡീവ്യവസ്ഥ സദാസമയവും ഉത്തേജിത അവസ്ഥയിൽ തുടരുന്നതിനാൽ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർധിക്കുന്നു. ആവർത്തിച്ചുള്ള ഹോർമോൺ വ്യതിയാനങ്ങൾ പ്രീഫ്രണ്ടൽ കോർട്ടെക്‌സിനെ തളർത്തുകയും, മാനസിക ക്ഷീണം, ഓർമക്കുറവ്, ശ്രദ്ധയില്ലായ്മ, കടുത്ത ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
നല്ല മൾട്ടിടാസ്‌കിങും മോശം മൾട്ടിടാസ്‌കിങും ഉണ്ടോ?
എല്ലാ മൾട്ടിടാസ്‌കിങ്ങും ഒരുപോലെ ദോഷകരമല്ല. തലച്ചോറിന്റെ ഏതെല്ലാം ഭാഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഇതിനെ രണ്ടായി തിരിക്കാം. തലച്ചോറിലെ ഒരേ കേന്ദ്രങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന രണ്ട് സങ്കീർണ്ണ ജോലികൾ ഒരേസമയം ചെയ്യുന്നതിനെയാണ് മോശം മൾട്ടിടാസ്‌കിങ് എന്ന് വിളിക്കുന്നത്. ഇത് തലച്ചോറിന് അത്യന്തം അപകടകരമാണ്. ഉദാഹരണത്തിന് വണ്ടി ഓടിക്കുമ്പോൾ മെസ്സേജ് അയക്കുകയോ സംഭാഷണത്തിൽ ആഴത്തിൽ മുഴുകുകയോ ചെയ്യുക, പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് തയ്യാറാക്കുമ്പോൾ മീറ്റിംഗിൽ പങ്കെടുക്കുക, പഠിക്കുമ്പോൾ ടിവി കാണുകയോ പാട്ടിന്റെ വരികൾ ശ്രദ്ധിക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്താൽ എന്താണ് കുഴപ്പം എന്നാണ് ചിന്തിക്കുന്നത് എങ്കിൽ കുഴപ്പങ്ങൾ ഇതൊക്കെയാണ് തീരുമാനങ്ങൾ തെറ്റാം, വലിയ അപകടങ്ങൾ സംഭവിക്കാം, കടുത്ത തലവേദനയോ, ഉത്കണ്ഠയോ ഉണ്ടായേക്കാം.
നല്ല മൾട്ടിടാസ്‌കിങ്
ശ്രദ്ധ അമിതമായി ആവശ്യമില്ലാത്ത ഒരു ശീലത്തോടൊപ്പം ലളിതമായ മറ്റൊരു പ്രവർത്തനം കോർത്തിണക്കുന്നതിനെ നല്ല മൾട്ടിടാസ്‌കിങ് എന്ന് വിളിക്കാം. ഉപബോധമനസ്സ് ഒരു കാര്യം ചെയ്യുമ്പോൾ ബോധമനസ്സ് മറ്റൊന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉദാഹരണത്തിന് നടക്കുമ്പോൾ പോഡ്കാസ്റ്റ് അല്ലെങ്കിൽ പാട്ട് കേൾക്കുക, തുണി മടക്കുമ്പോഴോ പാത്രം കഴുകുമ്പോഴോ ഓഡിയോ ബുക്ക് ശ്രദ്ധിക്കുക, വ്യായാമം ചെയ്യുമ്പോൾ ലളിതമായ സംഗീതം ആസ്വദിക്കുക തുടങ്ങിയ കാര്യങ്ങളെ നല്ല മൾട്ടിടാസ്‌കിങ് വിഭാഗത്തിൽ ഉൾപ്പെടുത്താം. ഇത് തലച്ചോറിന് അമിത ഭാരം നൽകുന്നില്ല എന്ന് മാത്രമല്ല, നിത്യജീവിതത്തിലെ മടുപ്പ് മാറ്റാനും ഉന്മേഷം നൽകാനും സഹായിക്കുന്നു.
മോശം മൾട്ടിടാസ്‌കിങ്ങിൽ രണ്ട് സങ്കീർണ്ണ ജോലികൾ ഒരേസമയം ചെയ്യാൻ ശ്രമിക്കുമ്പോൾ നല്ല മൾട്ടിടാസ്‌കിങ്ങിൽ ലളിതമായ ഒരു ശീലവും ശ്രദ്ധവേണ്ട ഒന്നും ഒരുമിച്ച് ചെയ്യുകയാണ്. ആദ്യത്തേതിൽ കോർട്ടിസോൾ ഉയരുമെങ്കിൽ രണ്ടാമത്തേതിൽ ഡോപമിൻ ഉത്പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഒപ്പം മനസ്സ് ശാന്തമാകുകയും ചെയ്യും. അതുപോലെ ആദ്യത്തെ കേസിൽ ഉല്പ്പാദനക്ഷമതയും ഗുണനിലവാരവും കുറയുകയാണെങ്കിൽ രണ്ടാമത്തെ കേസിൽ സമയം ലാഭിക്കാൻ സാധിക്കും.
മൾട്ടിടാസ്‌കിങ് ശീലം മാറ്റിയെടുക്കാം
- ഒരു സമയം ഒരു ജോലിയിൽ മാത്രം 100% ശ്രദ്ധ നൽകുക. സിംഗിൾ ടാസ്‌കിങ് ശീലമാക്കാം.
- 25 മിനിറ്റ് തികഞ്ഞ ശ്രദ്ധയോടെ ഒരു ജോലി മാത്രം ചെയ്യുക, തുടർന്ന് 5 മിനിറ്റ് ബ്രേക്ക് എടുക്കുക.
- ജോലി ചെയ്യുമ്പോൾ ഫോണിലെ സോഷ്യൽ മീഡിയ, ഇമെയിൽ നോട്ടിഫിക്കേഷനുകൾ ഓഫാക്കി വെക്കുക.
- ദിവസത്തിലെ ഓരോ സമയവും ഏതേത് ജോലികൾ ചെയ്യണമെന്ന് മുൻകൂട്ടി നിശ്ചയിക്കുക.
- മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ തലച്ചോറിന് വിശ്രമം നൽകുകയും ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പരിശീലനം നൽകുകയും ചെയ്യുക.
മൾട്ടിടാസ്‌കിങ് എന്നത് മിടുക്കിന്റെ ലക്ഷണമായി കാണാതെ, അത് തലച്ചോറിന് നൽകുന്ന ആഘാതം മനസ്സിലാക്കി ഒരു സമയം ഒരു കാര്യം ചെയ്യാൻ ശീലിക്കുകയാണ് നല്ലത്.
Content Highlights: Multitasking activates the sympathetic nervous system, increasing stress hormones like cortisol and adrenaline, leading to mental fatigue and memory issues.