തീയില്‍ പിറന്ന സംരംഭം; മുഫീനയ്ക്ക് കളിയല്ല തീ, കാര്യമാണ്

#അനുഷാ ഗോവിന്ദ്
'ക്യാപിറ്റല്‍ വണ്‍ ട്രേഡിങ് കമ്പനി'യുടെ പ്രൊപ്പറേറ്ററായ മുഫീന എം. കോയ
'ക്യാപിറ്റല്‍ വണ്‍ ട്രേഡിങ് കമ്പനി'യുടെ പ്രൊപ്പറേറ്ററായ മുഫീന എം. കോയ

തീകൊണ്ടു കളിക്കരുതെന്ന് ചെറുപ്പത്തിലേ മുഫീനയും കേട്ടിരുന്നു. എന്നാല്‍, തീ കളിയല്ലെന്നുമാത്രമല്ല, വലിയകാര്യമാണെന്നും മുഫീന തിരിച്ചറിഞ്ഞത് പിന്നീടാണ്. തീകെടുത്താനുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് ഒരാശയമായി തെളിഞ്ഞപ്പോള്‍ മുഫീനയുടെ ഉള്ളിലെ ബിസിനസുകാരി തീയായിപ്പടര്‍ന്നു. 2015-ല്‍ എലത്തൂരില്‍ തുടങ്ങിയ സ്ഥാപനത്തിന് കോഴിക്കോട് നഗരത്തിലും കണ്ണൂരും ബ്രാഞ്ചുമായി.

ഇന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉപകരണങ്ങളുടെ വിതരണശൃംഖലയായ 'ക്യാപിറ്റല്‍ വണ്‍ ട്രേഡിങ് കമ്പനി'യുടെ പ്രൊപ്പറേറ്ററാണ് മുഫീന എം. കോയ. എല്ലാവരും പോപ്‌കോണ്‍ തിന്നുനടക്കുമ്പോള്‍ റോഡില്‍ പോലീസ് വെക്കുന്ന സേഫ്റ്റി കോണ്‍ എവിടെക്കിട്ടുമെന്നായിരുന്നു മുഫീനയുടെ ചിന്ത. അതുള്‍പ്പെടെ ഒട്ടേറെ സുരക്ഷാ ഉപകരണങ്ങളും ഇപ്പോള്‍ മുഫീനയുടെ ഷോപ്പിലുണ്ട്.

ഒറ്റപ്പെടലില്‍നിന്ന് പുതിയ ആകാശത്തേക്ക്

കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളേജില്‍നിന്നാണ് മുഫീന ഇലക്ട്രോണിക്‌സില്‍ ബിടെക് നേടുന്നത്. മൂന്നാംവര്‍ഷം പഠിക്കുന്നതിനിടെയായിരുന്നു വിവാഹം. ഒരു മകളുണ്ടായി, അവള്‍ക്ക് എട്ടുമാസം പ്രായമായപ്പോള്‍ വിവാഹമോചിതയായി. വിവാഹമോചനത്തിന്റെപേരില്‍ സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകള്‍ ഏറെ കേട്ടു. എന്നാല്‍, അതിലൊന്നും തളരാതെ പിടിച്ചുനിന്നു. ആ തീരുമാനം നല്‍കിയ സ്വാതന്ത്ര്യവും സന്തോഷവും വളരെ വലുതായിരുന്നു. തിരിച്ചുവരവിന്റെ വഴിയില്‍ ആദ്യംചെയ്തത് ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ താത്കാലിക അധ്യാപികയായി ജോലിയില്‍ക്കയറുകയായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി വീണ്ടും വിവാഹിതയായി. അതായിരുന്നു വഴിത്തിരിവ്.

വിദേശത്ത് ജോലിചെയ്തിരുന്ന ഭര്‍ത്താവ് അബ്ദുള്‍ ഖയ്യൂമിന്റെ അടുത്തേക്കുപോയെങ്കിലും ഒരുവര്‍ഷത്തിനുശേഷം ഇരുവരും നാട്ടിലേക്കുമടങ്ങി. ഇനി തിരിച്ചുപോകേണ്ട. ഇവിടെത്തന്നെ എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്ന് തീരുമാനിച്ചു. ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തിരുന്ന ഒരു സ്ഥാപനത്തിലെ പരിചയംവെച്ചാണ് വലിയകെട്ടിടങ്ങളിലും മറ്റും ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ ഉള്‍പ്പെടെ തീകെടുത്താനുള്ള ഉപകരണങ്ങള്‍ വിതരണംചെയ്യുകയും സെറ്റുചെയ്തുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. കേരളത്തില്‍ അന്ന് ഇതിനെക്കുറിച്ച് വലിയ അവബോധമില്ല. എങ്കിലും രണ്ടുംകല്പിച്ച്, ഭര്‍ത്താവുമൊന്നിച്ച് എലത്തൂരില്‍ 'ക്യാപിറ്റല്‍ വണ്‍ ട്രേഡിങ്' എന്ന സ്ഥാപനംതുടങ്ങി.

ഓഫീസില്‍ തൊട്ടിലും

അന്ന് കേരളത്തിലെ കെട്ടിടങ്ങളില്‍ അഗ്‌നിരക്ഷാസംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ആര്‍ക്കും ഇത്തരം ഉപകരണങ്ങളെക്കുറിച്ച് കാര്യമായി അറിയില്ല. എവിടെനിന്ന് ഇത്തരം ഉപകരണങ്ങള്‍ കിട്ടുമെന്നും അറിയില്ല. അത്തരമൊരു അവബോധം വളര്‍ത്തിയെടുക്കുകയായിരുന്നു തുടക്കത്തിലെ വെല്ലുവിളിയെന്ന് മുഫീന പറയുന്നു. ''തുടക്കത്തിലൊക്കെ ഏറെ വെള്ളംകുടിച്ചു. പലപ്പോഴും തലപുകഞ്ഞു'' -തീകൊണ്ടുള്ള കളി എളുപ്പമായിരുന്നില്ലെന്ന് മുഫീന.

അന്ന് കുട്ടികളെല്ലാം ചെറുതായിരുന്നു. നാലുകുട്ടികളുംതമ്മില്‍ ചെറിയ പ്രായവ്യത്യാസം മാത്രം. സീറ്റിനോടുചേര്‍ന്ന് തൊട്ടിലുള്‍പ്പെടെ വീട്ടിലുള്ളതെല്ലാം അന്ന് ഷോപ്പിലും ഒരുക്കി. ഏറെ പ്രയാസപ്പെട്ടാണെങ്കിലും ബിസിനസും കുടുംബവും കൂട്ടിപ്പിടിച്ച് മുന്നോട്ടുപോയി. എല്ലാറ്റിനും പിന്തുണയുമായി ഭര്‍ത്താവ് ഒപ്പംനിന്നു.

ഇതിനിടെ, സേഫ്റ്റി കോണുകളും മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുംകൂടി ഷോപ്പിലെത്തിച്ചു. പതുക്കെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. മിഠായിത്തെരുവില്‍ വലിയ തീപ്പിടിത്തമുണ്ടായതോടെ ആളുകള്‍ ഇത്തരം ഉപകരണങ്ങളെക്കുറിച്ച് കൂടുതല്‍ ബോധമുള്ളവരായി. ആയിരം സ്‌ക്വയര്‍ മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിക്കണമെങ്കില്‍ അഗ്‌നിരക്ഷാസംവിധാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇപ്പോള്‍ ഒറ്റമുറിക്കടകളില്‍പ്പോലും ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ആളുകള്‍ അന്വേഷിച്ചുവരുന്ന രീതിയിലേക്ക് മാറിയതായി മുഫീന പറയുന്നു.

Content Highlights: From single mom to successful fire safety equipment entrepreneur inspiring journey of Mufeena M Koya