'ആര്‍ത്തവരക്തം കളങ്കമാണെന്ന കാഴ്ച്ചപ്പാട് മാറണം, ഇന്ത്യ സ്വന്തം വീട് പോലെ തോന്നി'

മുംബൈയിലെ വര്‍ണാഭമായ ചടങ്ങില്‍ മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്കോവ ലോകസൗന്ദര്യ കിരീടം ചൂടി. അഴകും ബുദ്ധിയും മാറ്റുരച്ച മത്സരത്തില്‍ 112 സുന്ദരിമാരെ പിന്തള്ളിയാണ് ക്രിസ്റ്റിനയുടെ നേട്ടം.
അവസാന നാല് പേരെ തെരഞ്ഞെടുക്കാനായുള്ള ചോദ്യോത്തര വേളയില്‍ മിസ് ചെക്ക് റിപ്പബ്ലിക്കിനുള്ള ചോദ്യം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെ കുറിച്ചായിരുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നത്തിന് കൃത്യമായി മറുപടി നല്കാന് ക്രിസ്റ്റിനയ്ക്ക് കഴിഞ്ഞു. ഒരു സ്ത്രീയാകുക എന്നത് ദൈവത്തിന്റെ വരദാനമായി കാണണമെന്നും ആര്‍ത്തവരക്തം കളങ്കമാണെന്നും ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നത് നാണക്കേടാണെന്നുമുള്ള സമൂഹത്തിന്റെ ചിന്താഗതി മാറണമെന്നും ക്രിസ്റ്റിന ഉത്തരം നല്കി. കൈയടികളോടെയാണ് കാണികള്‍ ഈ ഉത്തരം സ്വീകരിച്ചത്.
സ്റ്റൈലിഷ് ലുക്കിലാണ് അവസാന റൗണ്ടില്‍ മത്സരിക്കാന്‍ ക്രിസ്റ്റിനയെത്തിയത്. തായ്ലന്റില് നിന്നുള്ള ഡിസൈനറായ ജിഎല്‍ ഗാര്‍ലേറ്റ് ഡിസൈന്‍ ചെയ്ത ഗൗണായിരുന്നു ഔട്ട്ഫിറ്റ്. സില്‍വര്‍ നിറത്തിലുള്ള ഈ ഗൗണിലെ ക്രിസ്റ്റലുകളുടെ തിളക്കം ക്രിസ്റ്റിനയെ കൂടുതല്‍ സുന്ദരിയാക്കി. ഒരു ഫെതര്‍ ടൈപ്പ് കേപ്പും ഈ ഗൗണിനൊപ്പമുണ്ടായിരുന്നു.
മത്സരത്തില്‍ 'ബെസ്റ്റ് ഡിസൈനര്‍ അവാര്‍ഡ് യൂറോപ്പും' ക്രിസ്റ്റിന നേരത്തെ നേടിയിരുന്നു. ബൊഹീമിയയിലെയും മൊറാവിയയിലെയും ഫോക്ലോര് കള്‍ച്ചറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ ഔട്ട്ഫിറ്റ് മിസ് ചെക്ക് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ഡിസൈനറും സ്റ്റൈലിസ്റ്റുമായ സാം ഡോക്കിളാണ് ഡിസൈന്‍ ചെയ്തത്.
ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്ന് മത്സരശേഷം ക്രിസ്റ്റിന പ്രതികരിച്ചു. 'മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ഭാഗമാകാനും ബ്യൂട്ടി വിത്ത് പര്‍പ്പസ് അംബാസഡറാകാനും ലോകം മുഴുവന്‍ സഞ്ചരിക്കാനും കാത്തിരിക്കുകയാണ് ഞാന്‍. കഴിഞ്ഞ ഒരു മാസമായുള്ള ഇന്ത്യയിലെ ജീവിതം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇവിടെയുള്ള എല്ലാവരും സഹായമനസ്കരാണ്. സ്വന്തം വീട് എന്ന പ്രതീതിയാണ് തോന്നിയത്. ഇത് ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സഹായകമായി. ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്കാരമാണ് ഇന്ത്യയുടേത്. ഒരുപാട് കാര്യങ്ങള്‍ ഇവിടെ നിന്ന് പഠിക്കാനായി.' ക്രിസ്റ്റിന മത്സരശേഷം പറഞ്ഞു.
നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദ പഠനം നടത്തുന്ന ക്രിസ്റ്റിന മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്കോവ ഫൗണ്ടേഷന് എന്ന പേരില്‍ സന്നദ്ധ സ്ഥാപനവും 23-കാരി നടത്തുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുന്ന സോന്റ ഫൗണ്ടേഷന്റെ വളന്റിയറായി ടാന്‍സാനിയയിലും ക്രിസ്റ്റിന പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ട്ട് അക്കാദമിയുടെ ഭാഗമായി ഒമ്പത് വര്‍ഷം ചെലവഴിച്ച ക്രിസ്റ്റിനയ്ക്ക് ഏറ്റവും ഇഷ്ടം വയലിന് വായിക്കുന്നതാണ്.
Content Highlights: miss world 2024 miss czech republic krystyna pyszkova lifestory