'ആൾക്കൂട്ടത്തിലെ ഏക പാകിസ്താനി'; മിസ് യൂണിവേഴ്‌സ് വേദിയിൽ പാകിസ്താന് ആവേശമായി കറാച്ചി സ്വദേശിനിയുടെ ഒറ്റയാൾ പിന്തുണ!

#ലൈഫ്സ്റ്റൈല്‍ ഡെസ്ക്
മിസ് യൂണിവേഴ്‌സ് വേദിയില്‍ പാകിസ്താന് ആവേശമായെത്തിയ കറാച്ചി സ്വദേശിനി, മിസ് യൂണിവേഴ്സ് പാകിസ്താനി | Photo:Instagram/mis.bah.a, qadamkp
മിസ് യൂണിവേഴ്‌സ് വേദിയില്‍ പാകിസ്താന് ആവേശമായെത്തിയ കറാച്ചി സ്വദേശിനി, മിസ് യൂണിവേഴ്സ് പാകിസ്താനി | Photo:Instagram/mis.bah.a, qadamkp

മിസ് യൂണിവേഴ്‌സ് 2026 വേദിയിൽ പാകിസ്താനെ പ്രതിനിധീകരിച്ച മിസ്ബ അർഷാദിന് ഗാലറിയിലിരുന്ന് ആവേശം പകർന്ന കറാച്ചി സ്വദേശിനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്യൂർട്ടോ റിക്കോയിലെ പ്രശസ്തമായ എൽ ചോളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ, കാണികൾക്കിടയിലെ ഏക പാകിസ്താനിയായി നിന്നുകൊണ്ട് മിസ്ബയെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റ് ക്രിയേറ്ററുടെ ദൃശ്യങ്ങളാണ് നെറ്റിസൺസിന്റെ ഹൃദയം കവർന്നത്.

Read More: നിറങ്ങളുടെ ഘോഷയാത്രയുമായി നാഷ്ണൽ കോസ്റ്റ്യൂം റൗണ്ടിൽ കെസിയ; കിരീടത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ 

ഖദംകെപി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്. പരമ്പരാഗത പാകിസ്താനി വസ്ത്രമണിഞ്ഞാണ് ഇവർ മത്സരം കാണാനെത്തിയത്. 'പ്യൂർട്ടോ റിക്കോയിലെ മിസ് യൂണിവേഴ്‌സ് വേദിയിൽ, പാകിസ്താനി വസ്ത്രമണിഞ്ഞ്, മിസ് യൂണിവേഴ്‌സ് പാകിസ്താനായി ക്ഷമയോടെ കാത്തിരിക്കുന്ന ആൾക്കൂട്ടത്തിലെ ഏക പാകിസ്താനി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

തന്റെ ആർപ്പുവിളികൾ കാരണം തൊണ്ടയിടറിപ്പോയെന്ന് യുവതി കുറിപ്പിൽ തമാശയായി പറയുന്നു. 'മിസ് യൂണിവേഴ്‌സ് പാകിസ്താൻ പ്യൂർട്ടോ റിക്കോയിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, ഏകദേശം 26.1 കോടി വരുന്ന പാകിസ്താൻ ജനതയ്ക്ക് വേണ്ടി ഗാലറിയിൽ അവളെ പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞത് ഒരു ശബ്ദമെങ്കിലും ഉണ്ടാകണമെന്ന് ഞാൻ ഉറപ്പിച്ചു,' യുവതി കുറിച്ചു.

Read More: സ്വകാര്യ സന്ദേശങ്ങൾ ചോർന്നു; മിസ് യൂണിവേഴ്സ് വിയറ്റ്‌നാം കിരീടം നഷ്ടപ്പെട്ട് ക്വിൻ ആൻ ഗുയെൻ

മിസ്ബ അർഷാദിന്റെ 'നാഷണൽ കോസ്റ്റ്യൂമിന്റെ' പ്രത്യേകതകളും യുവതി തന്റെ കുറിപ്പിൽ വിശദീകരിച്ചു. വംശനാശഭീഷണി നേരിട്ടിരുന്ന പാകിസ്താന്റെ ദേശീയ മൃഗമായ മാർഖോർ എന്ന കാട്ടാടിനെ പ്രാദേശിക സമൂഹങ്ങൾ ചേർന്ന് സംരക്ഷിച്ചെടുത്തതിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശമാണ് മിസ്ബയുടെ വസ്ത്രം നൽകിയതെന്ന് അവർ ചൂണ്ടിക്കാട്ടി.

വീഡിയോയ്ക്ക് താഴെ നന്ദി അറിയിച്ചുകൊണ്ട് മിസ്ബ അർഷാദും കമന്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ ഈ വലിയ പിന്തുണയ്ക്ക് ഒരുപാട് നന്ദി,'എന്നായിരുന്നു മിസ്ബയുടെ മറുപടി. സ്വന്തം രാജ്യത്തിന്റെ പതാക വീശാനോ പേര് വിളിച്ചു പ്രോത്സാഹിപ്പിക്കാനോ വലിയ ആൾക്കൂട്ടമില്ലാതിരുന്നിട്ടും ആത്മവിശ്വാസത്തോടെ വേദിയിൽ നിന്ന മിസ്ബയെയും, അവർക്ക് പിന്തുണയുമായെത്തിയ യുവതിയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നവംബർ 24-നാണ് മിസ് യൂണിവേഴ്‌സ് 2026-ന്റെ ഗ്രാൻഡ് ഫിനാലെ നടക്കുന്നത്.

Content Highlights: An Instagram video of a Pakistani woman cheering for Misbah Arshad at Miss Universe 2026 gains attention, showcasing her cultural pride and support.