ആരും വേണ്ടെന്ന് പറഞ്ഞ 13-ാം നമ്പർ ചോദിച്ചുവാങ്ങി; ഒടുവിൽ റേഞ്ച് റോവറിൽ കുടുങ്ങി ഷാജി

പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ!
മന്ത്രിമാരുടെ പേടിസ്വപ്‌നമായിരുന്ന പതിമൂന്നാം നമ്പർ കാർ വീണ്ടും ചർച്ചയായിരിക്കുകയാണ്. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കാൻ മന്ത്രിമാമാരാരും തയ്യാറാകുന്നില്ലെന്നത്. ടൂറിസം വകുപ്പ് തയ്യാറാക്കി നിർത്തിയിട്ടും അധികാരമേറ്റ വി.ഡി. സതീശൻ സർക്കാർ മന്ത്രിസഭയിൽ ആരും ഏറ്റെടുക്കാനില്ലാതെ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ കിടന്നു. നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന പതിമൂന്നാം നമ്പറിനോടുള്ള മന്ത്രിമാരുടെ ഭയമായിരുന്നു കാരണം. ഒടുവിൽ മാധ്യമങ്ങൾ അല്പം ഹാസ്യത്തിന്റെ മേമ്പൊടിയോടെ വാർത്ത ആഘോഷിച്ചു തുടങ്ങിയപ്പോഴാണ് പതിമൂന്നാം നമ്പർ കാർ ചോദിച്ചുവാങ്ങി കെ.എം ഷാജി മുന്നോട്ടുവന്നത്. ഇപ്പോഴിതാ കാറിന്റെ പേരിൽ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് കെ.എം. ഷാജി.
ടൂറിസം വകുപ്പ് നൽകിയ കാറത്ര പോരെന്ന് പറഞ്ഞാണ് ഔദ്യോഗിക പദവി വ്യക്തമാക്കുന്ന കേരള സ്റ്റേറ്റ് 13 എന്ന ബോർഡും ദേശീയ ചിഹ്നവും സ്ഥാപിച്ച് സുഹൃത്തിന്റെ റേഞ്ച് റോവർ കാർ മന്ത്രി ഉപയോഗിച്ചത്. ഔദ്യോഗിക വാഹനം തകരാറിലായാൽ സ്വകാര്യ വ്യക്തികളിൽനിന്ന് ആഡംബര വാഹനം വാങ്ങി സർക്കാർ ബോർഡ് വെച്ച് ഉപയോഗിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നുണ്ടോയെന്ന ചോദ്യമുയർന്നതോടെയാണ് കെ.എം. ഷാജി കുടുങ്ങിയത്. 1989-ലെ കേരള മോട്ടോൾ വെഹിക്കിൾ നിയമത്തിൽ 2015-ൽ കൊണ്ടുവന്ന ഭേദഗതിപ്രകാരം സർക്കാരിൽനിന്ന് മന്ത്രിമാർക്ക് ഔദ്യോഗികമായി അനുവദിച്ച വാഹനങ്ങളിൽ മാത്രമേ കേരള സ്റ്റേറ്റ് ബോർഡും നമ്പറും സ്ഥാപിക്കാൻ പാടുള്ളൂ. മന്ത്രിമാർ പ്രത്യേക സാഹചര്യങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പൊതുഭരണ വകുപ്പിൽനിന്ന് പ്രത്യേക സർക്കാർ ഉത്തരവ് മുൻകൂറായി വാങ്ങി പ്രസിദ്ധീകരിക്കുകയും വേണം. എന്നാൽ, റേഞ്ച് റോവറിന്റെ കാര്യത്തിൽ അത്തരത്തിൽ സർക്കാർ ഉത്തരവൊന്നും ഇല്ല. മാത്രമല്ല, സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സ്റ്റേറ്റ് എംബ്ലം പതിക്കുന്നത് 2005-ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 3-ന്റെ പരിധിയിൽ വരില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാർ ഇത്തരത്തിൽ സ്വകാര്യ വാഹനത്തിൽ ബോർഡ് വെക്കാൻ അപേക്ഷ നൽകിയപ്പോൾ സർക്കാർ അത് നിരസിച്ചത് ചിലർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇതിനെല്ലാം ഉപരിയാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു മന്ത്രി സ്വകാര്യ വ്യക്തികളിൽനിന്നോ വ്യവസായികളിൽനിന്നോ ആഡംബര വാഹനങ്ങൾ കൈപ്പറ്റുന്നത് സംബന്ധിച്ച ധാർമിക പ്രശ്‌നങ്ങൾ. എന്തായാലും സംഗതി വിവാദമായതോടെ മന്ത്രി കാർ തിരിച്ചുനൽകിയിരിക്കുകയാണ്. പക്ഷെ, സുഹൃത്തുക്കൾ നൽകുന്ന വാഹനം ഇനിയും ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയാണ് ആ കൈമാറ്റം.
ഉയർന്ന സാക്ഷരതയും പുരോഗമന ചിന്തയും യുക്തിവാദവും പ്രസംഗിക്കുമെങ്കിലും 13 എന്ന നമ്പറിനെ ഭയക്കുന്നവരാണ് കേരളത്തിലെ മന്ത്രിമാരുൾപ്പെടെയുള്ളവർ. സത്യത്തിൽ പാശ്ചാത്യ ക്രിസ്ത്യൻ സംസ്‌കാരത്തിൽനിന്ന് കടമെടുത്ത ട്രിസ്‌കൈഡെകാഫോബിയ, (Triskaidekaphobia) അതായത് 13 എന്ന അക്കത്തോടുള്ള ഭയം, പരമ്പരാഗത ഭാരതീയ സംഖ്യാശാസ്ത്രത്തിലോ ഹൈന്ദവ ആചാരങ്ങളിലോ ഇല്ലാത്ത ഒന്നാണ്. എന്നിട്ടുപോലും മന്ത്രിമാർക്ക് നൽകുന്ന കാറുകളുടെ പട്ടികയിൽനിന്നും ഒരുകാലത്ത് ഹൈക്കോടതിയിലെ ചേംബർ നമ്പറുകളിൽ നിന്നും 13-നെ 'നൈസായി' ഒഴിവാക്കിയിരുന്നു. പക്ഷെ, തിരിഞ്ഞുനോക്കിയാൽ കഴിഞ്ഞ 25 വർഷത്തെ കേരളീയ രാഷ്ട്രീയ ചരിത്രത്തിൽ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറുണ്ടാക്കിയ വിവാദങ്ങൾ ചില്ലറയല്ല.
എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് ടൂറിസം വകുപ്പിന്റെ ഔദ്യോഗിക പട്ടികയിൽ 13-ാം നമ്പർ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരുന്നു. 1 മുതൽ 12 വരെയുള്ള നമ്പറുകൾക്ക് ശേഷം നേരിട്ട് 14-ാം നമ്പറിലേക്കാണ് സ്റ്റേറ്റ് കാറുകൾ നൽകിയത്. ഒരു മന്ത്രി പോലും ഈ നമ്പർ ആവശ്യപ്പെട്ട് മുന്നോട്ടുവന്നില്ല. പക്ഷെ, അന്ധവിശ്വാസത്തിന്റെ പേരിൽ 13- നെ ഒഴിവാക്കാൻ എം.എ. ബേബി തയ്യാറായില്ല. 2006-ൽ എൽ.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലുണ്ടായിരുന്ന അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്ക് ആദ്യം 10-ാം നമ്പർ കാറാണ് ലഭിച്ചത്. എന്നാൽ 13-ാം നമ്പർ ഒഴിവാക്കിയതിനെതിരെ വാർത്തകൾ ഉയർന്നതോടെ, ബേബി സ്വയം മുൻകൈയെടുത്ത് ഗവൺമെന്റിന് അപേക്ഷ നൽകി 13-ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചുവാങ്ങി. അഞ്ച് വർഷം അദ്ദേഹം ഈ കാറിലാണ് സഞ്ചരിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ ബേബി പരാജയപ്പെട്ടു.
2011-ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തിയപ്പോൾ 13-ാം നമ്പർ കാർ വീണ്ടും ഗാരേജിലായി. 20 കാബിനറ്റ് മന്ത്രിമാരിൽ ആരും ഈ നമ്പർ എടുക്കാൻ തയ്യാറായില്ല. എന്നാൽ, കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഈ നമ്പർ സ്വമേധയാ ഏറ്റെടുത്ത് സഞ്ചരിച്ചു.
2016-ൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റപ്പോഴും തുടക്കത്തിൽ 13-ാം നമ്പർ ഒഴിവാക്കപ്പെട്ടിരുന്നു. ഇടത് നേതാക്കളുടെ ഈ നിലപാടിനെതിരെ കെ. സുരേന്ദ്രനുൾപ്പെടെയുള്ളവർ രൂക്ഷമായ വിമർശനമുന്നയിച്ചു. തുടർന്ന് അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് 13-ാം നമ്പർ കാർ ആവശ്യപ്പെട്ടു വാങ്ങി. അതുമാത്രമല്ല, അപശകുമാരാരുംനമെന്ന് ആരോപിക്കപ്പെട്ടിരുന്ന മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയായി തെരഞ്ഞെടുക്കുകയും തന്റെ കാലാവധി പൂർത്തിയാക്കുകയും ചെയ്തു. പക്ഷെ, രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ തോമസ് ഐസക് ഉണ്ടായിരുന്നില്ല.
പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ മന്ത്രിമാർക്കുള്ള കാറിന്റെ പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥർ 13-ാം നമ്പർ ഒഴിവാക്കി. വി.എൻ. വാസവന് 12-ഉം, പി. പ്രസാദിന് 14-ഉം നമ്പറുകൾ നൽകി. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ കൃഷിമന്ത്രി പി. പ്രസാദ് 13 ഏറ്റെടുത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നത് കഷ്ടമാണ്, കലണ്ടറിൽനിന്ന് 13-ാം തീയതി ഒഴിവാക്കാൻ നമുക്ക് സാധിക്കുമോ ആരെങ്കിലും 13-ന് ജനിച്ചാൽ അത് മാറ്റാനാകുമോ എന്ന ചോദ്യങ്ങളോടെയാണ് പ്രസാദ് കാർ ചോദിച്ചു വാങ്ങിയത്.
2026 മേയിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റപ്പോഴും പഴയ അന്ധവിശ്വാസം വില്ലനായി എത്തി. മന്ത്രിമാർ ആരും ആദ്യഘട്ടത്തിൽ 13-ാം നമ്പർ കാറിനായി അവകാശവാദം ഉന്നയിച്ചില്ല. ഇടത് മന്ത്രിമാർ തിരുത്തിയെഴുതിയ ചരിത്രത്തിന് മേൽ യു.ഡി.എഫ് വീണ്ടും മഷിപുരട്ടുന്നു എന്ന വിമർശനം ഉയർന്നതോടെ സംഭവം വിവാദമായി. വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വിരാമമിട്ടുകൊണ്ട് കെ.എം. ഷാജി ഗാരേജിൽ കിടന്നിരുന്ന, ആരും ചോദിക്കാതിരുന്ന 13-ാം നമ്പർ കാർ തനിക്ക് നൽകണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള കൃത്യമായ സന്ദേശമാണ് താൻ നൽകുന്നതെന്നും ഒരു നമ്പറിനും ഒരാളുടെയും രാഷ്ട്രീയ ഭാവിയെയോ ഭരണത്തെയോ നിർണ്ണയിക്കാനാകില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കാർ ഏറ്റെടുത്തത്. ആദ്യ വിതരണ പട്ടികയിൽ കെ.എം. ഷാജിക്ക് 9-ാം നമ്പർ കാറാണ് നൽകിയിരുന്നത്. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല തന്റെ പരമ്പരാഗത നമ്പറായ 9 ആഗ്രഹിച്ചതോടെ, ഷാജി ആ നമ്പർ ചെന്നിത്തലയ്ക്ക് വിട്ടുനൽകാൻ തയ്യാറായി.
അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടമായി കാർ ഏറ്റെടുക്കലിനെ ഉയർത്തിക്കാട്ടിയെങ്കിലും, തൊട്ടുപിന്നാലെ റേഞ്ച് റോവർ കാറിലേക്ക് സ്റ്റേറ്റ് ബോർഡ് മാറ്റിസ്ഥാപിച്ച സംഭവം ഷാജിക്കും യു.ഡി.എഫിനും വലിയ രാഷ്ട്രീയ തിരിച്ചടിയും തലവേദനയുമായി മാറിയിരിക്കുകയാണ്.