വാടക വീട്ടിലെ 'വലിയ വീടുകള്‍'; ഒപ്പം ദാസേട്ടന് സമ്മാനിക്കാന്‍ ഈര്‍ക്കില്‍കൊണ്ടൊരു വീണയും

ചെറിയ വാടകവീട്ടിലാണ് താമസമെങ്കിലും പി.കെ. സുനില്‍കുമാറിന്റെ മനസ്സിലും വീട്ടിലും വലിയ വീടുകളാണ്. ചെറുതും വലുതുമായ വീടിന്റെ മാതൃകകള്‍ ഈര്‍ക്കിലില്‍ കെട്ടിപ്പൊക്കുകയാണ് ഇദ്ദേഹം. പെയിന്റിങ് തൊഴിലാളിയാണ് സുനില്‍കുമാര്‍. ഭാര്യ പ്രവിതയും മകന്‍ ഹരിനന്ദും സ്‌കൂളിലേക്കുള്ള ആവശ്യത്തിനായി കടലാസുകൊണ്ടുള്ള വീടും മറ്റും ഉണ്ടാക്കുന്നതു കണ്ടപ്പോഴാണ് സുനില്‍കുമാറിലെ കലാകാരന്‍ ഉണര്‍ന്നത്.

ആദ്യമായി മകനുവേണ്ടി ചെറിയൊരു ഈര്‍ക്കില്‍വീട് ഉണ്ടാക്കി. അത് സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സുനിലിനെത്തേടി അഭിനന്ദനപ്രവാഹം. ആ ഒരു പ്രചോദനത്തില്‍ വ്യത്യസ്തമായ വീടുകള്‍ ഒരുക്കി. വീടുകള്‍ ഒരുപാടെണ്ണം ഉണ്ടാക്കിയപ്പോള്‍ സുനില്‍കുമാര്‍ സംഗീതോപകരണങ്ങളും ഈര്‍ക്കിലില്‍ ഒരുക്കി. വയലിന്‍, ഗിറ്റാര്‍, വീണ എന്നിവയാണ് നിര്‍മിച്ചത്. യേശുദാസിന് നല്‍കാനായാണ് വീണ ഉണ്ടാക്കിയതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. വീണ ദാസേട്ടന് നേരില്‍ നല്‍കണമെന്നാണ് സുനില്‍കുമാറിന്റെ ആഗ്രഹം. 

മകന്‍ ഹരിനന്ദിന്റെ സംഗീതാധ്യാപകന്‍ അനില്‍കുമാറാണ് സുനിലിന്റെ ഈ ആഗ്രഹത്തിനായി ഒപ്പമുള്ളത്. ഈര്‍ക്കില്‍കൊണ്ട് ഉണ്ടാക്കിയ വീണയുടെ ചിത്രംകണ്ട് ദാസേട്ടന്‍ ഫോണിലൂടെ അഭിനന്ദനം അറിയിച്ചതാണ് സുനില്‍കുമാര്‍ ഏറ്റവും വലിയ അംഗീകാരമായി കാണുന്നത്. വീണ ദാസേട്ടന് നേരിട്ട് നല്‍കണം -സുനില്‍കുമാര്‍ പറഞ്ഞു.

സുനില്‍ കുമാര്‍ ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ | Photo: Mathrubhumi 

ക്ഷമവേണം സമയമെടുക്കും

ഈര്‍ക്കില്‍വീടാണെങ്കിലും സംഗീതോപകരണങ്ങളാണെങ്കിലും ഉണ്ടാക്കിയെടുക്കുന്നതിനു പിന്നില്‍ ക്ഷമയും സമയവും വേണം. ഒറിജിനല്‍ വീടുണ്ടാക്കുന്നതുപോലെ ഈര്‍ക്കില്‍വീടുണ്ടാക്കാനും സമയമെടുക്കും. ഒന്നും രണ്ടും മാസമെടുത്താണ് പലതും പൂര്‍ത്തിയാക്കിയതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. 

ഉണ്ടാക്കിക്കഴിഞ്ഞാല്‍ പോളിഷ്‌ചെയ്തു സൂക്ഷിച്ചുവെക്കുകയാണ് ചെയ്യുക. ഈര്‍ക്കില്‍വീടുകള്‍ ഉണ്ടാക്കുമ്പോഴും സ്വന്തമായി ഒരു വീടാണ് സുനില്‍കുമാറിന്റെ സ്വപ്നം. ഭാര്യ പ്രവിതയും ആറാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഹരിനന്ദും ആറുമാസം പ്രായമുള്ള ഹര്‍ഷ്‌നന്ദും ഉള്‍പ്പെടുന്നതാണ് സുനില്‍കുമാറിന്റെ കുടുംബം. കേണിച്ചിറ നെല്ലിക്കരയിലാണ് സുനില്‍കുമാര്‍ താമസിക്കുന്നത്.

Content Highlights: coconut leaf stick house and music instrument