ഈ നിമിഷങ്ങള്‍ വിലമതിക്കാനാവാത്തത്; പിഞ്ചുമകള്‍ക്കായി ജോലിയുപേക്ഷിച്ച് ഒരച്ഛൻ

തന്റെ മകള്‍ക്ക് വേണ്ടി ഉയര്‍ന്ന ശമ്പളമുള്ള ജോലിയുപേക്ഷിച്ച് ഒരച്ഛന്‍. ഖരഗ്പൂര്‍ ഐ.ഐ.ടി. ബിരുദധാരിയായ അങ്കിത് ജോഷിയാണ് തന്റെ മകളോടൊപ്പം സമയം ചിലവിടുന്നതിനായി ജോലിയുപേക്ഷിച്ചത്. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വ്യത്യസ്തമായ തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സീനിയര്‍ വൈസ് പ്രസിഡന്റായി അദ്ദേഹത്തിന് ജോലി ലഭിച്ചത്. എന്നാല്‍ മകള്‍ ജനിക്കുംമുന്‍പ് തന്നെ തന്റെ ഉയര്‍ന്ന ശമ്പളമുള്ള ജോലി താന്‍ ഉപേക്ഷിച്ചുവെന്നും കുഞ്ഞിനോടും കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
'ഇതൊരു വിചിത്രമായ തീരുമാനമാണെന്ന് എനിക്കറിയാം'. മുന്നോട്ട് പോകുമ്പോള്‍ ബുദ്ധിമുട്ടാകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഭാര്യയായ ആകാംക്ഷയും തന്റെ തീരുമാനത്തിനോട് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.തന്റെ പുതിയ ജോലിയ്ക്ക് വിവിധ സ്ഥലങ്ങളിലേയ്ക്ക് ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടതുണ്ട്-എന്നാല്‍ മകള്‍ സ്പിതിയുടെ ജനനശേഷം എനിക്കതിന് കഴിയില്ലായിരുന്നു.
സ്പിതി ജനിക്കുമ്പോള്‍ എനിക്കൊരു നീണ്ട ഇടവേള ആവശ്യമായിരുന്നു. അത്രയും നാള്‍ ലീവ് നീട്ടിത്തരുന്നതില്‍ കമ്പനിയ്ക്കു ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാനതിന് മുന്‍പേ രാജി വെച്ചത്. ഞാനിതിനെ പിതൃത്വത്തിലേയ്ക്കുള്ള പ്രമോഷനായിട്ടാണ് കാണുന്നത്.എനിക്കതില്‍ സന്തോഷവുമുണ്ട്.
ജോലിയുപേക്ഷിച്ചതിന് ശേഷം മകളെ പരിപാലിക്കുന്നതില്‍ ആവശ്യത്തിന് സമയം കണ്ടെത്തെനായെന്നും അദ്ദേഹം പറഞ്ഞു. ' അന്നുമുതല്‍ ജീവിതം അവളെക്കുറിച്ചാണ്. അവളെ കൈകളില്‍ കിടത്തിയുറക്കാനും രാത്രിയില്‍ അവള്‍ ഞെട്ടിയുണരുമ്പോള്‍ താരാട്ട് പാടാനും എനിക്കിന്ന് കഴിയുന്നുണ്ട്.ഈ നിമിഷങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
സ്പിതി ജനിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടിയില്‍ അദ്ദേഹത്തിന്റെ ഭാര്യ ആകാംക്ഷയ്ക്ക് പ്രസവാവധിയ്ക്കിടയിലും മാനേജരായി ജോലികയറ്റം ലഭിച്ചു. തന്റെ ജോലിയിലും അമ്മയെന്ന നിലയിലും അവള്‍ തന്റെ മികവ് പുലര്‍ത്തുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് ശേഷം പുതിയ ജോലിയ്ക്ക് അപേക്ഷിക്കാന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടിയിലുള്ള സമയം പൂര്‍ണമായും മകള്‍ക്ക് വേണ്ടിയുള്ളതാണ്. രക്ഷാകര്‍ത്താവിന്റെ കടമകള്‍ നിറവേറ്റുന്നതില്‍ അച്ഛന്മാരുടെ ചെറിയ പറ്റേണിറ്റി ലീവുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. അമ്മയാണ് അച്ഛനേക്കാള്‍ കൂടുതല്‍ രക്ഷാകര്‍ത്താവെന്ന കടമകള്‍ നിര്‍വ്വഹിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ തീരുമാനം ഒട്ടും ചെറുതല്ല- എല്ലാ പുരുഷന്മാര്‍ക്കും അതിന് കഴിഞ്ഞെന്നു വരില്ല. എന്നാല്‍ മാറ്റങ്ങള്‍ പതിയേയുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തെന്നാല്‍ കഴിഞ്ഞ ഒരു മാസം ഞാന്‍ ജീവിച്ച ജീവിതം എന്റെയിതുവരെയുള്ള മുഴുവന്‍ ജീവിതത്തിലേയും ഏറ്റവും മികച്ച സമയമാണ്.
അദ്ദേഹത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെ 152,504 ലൈക്കുകളും 817 കമന്റുകളുമാണ് ലഭിച്ചത്. അമ്മയ്ക്കുള്ള പ്രസവാവധി പോലെ പ്രധാനമാണ് അച്ഛനുളള പന്റേണിറ്റി ലീവുമെന്ന് ഒരാള്‍ കമന്റിട്ടു. ജീവിതത്തിലെ ചെറിയ കാര്യങ്ങളാണ് ആഘോഷമാക്കേണ്ടത്, സഹോദരാ...മകള്‍ക്ക് വേണ്ടി ജോലിയുപേക്ഷിച്ചതില്‍ ബഹുമാനം തോന്നുന്നു തുടങ്ങിയ തരത്തിലാണ് പോസ്റ്റിന് താഴെ നിരവധി കമന്റുകള്‍ വന്നത്.
Content Highlights: Man Quits Job, Newborn, paternity leave,fatherhood