ട്രംപ്-ഷി-പുതിൻ കൂടിക്കാഴ്ചയ്ക്ക് കൈലിൻ വില്ല, കിം ജോങ് ഇൽ രഹസ്യമായി താമസിച്ച റിസോർട്ട്; എന്തുകൊണ്ട് കൈലിൻ വില്ല ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ എന്നിവർ തമ്മിലുള്ള നിർണായക ത്രികക്ഷി ചർച്ചകൾക്ക് വേദിയായത് ചൈനയിലെ ഷെൻഷെനിലുള്ള കൈലിൻ വില്ലയാണ്. മൂന്ന് ആണവശക്തികളുടെ തലവന്മാർ ഒരുമിച്ചെത്തുന്ന ഈ കൂടിക്കാഴ്ചയുടെ വേദിക്ക് മറ്റൊരു ചരിത്രപ്രാധാന്യം കൂടിയുണ്ട്. ഏകദേശം 20 വർഷം മുമ്പ് ഉത്തരകൊറിയയുടെ മുൻ നേതാവ് കിം ജോങ് ഇൽ രഹസ്യസന്ദർശനത്തിനിടെ താമസിച്ചിരുന്നതും ഇതേ റിസോർട്ടിലായിരുന്നു. ചൈനയുടെ സാമ്പത്തിക പരിഷ്കാരങ്ങളും വികസന മുന്നേറ്റങ്ങളും നേരിട്ടറിയിക്കുകയായിരുന്നു അന്നത്തെ സന്ദർശനത്തിന്റെ ലക്ഷ്യം.
വ്യാഴാഴ്ച ഏഷ്യപസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയായ എപെക് സമ്മേളനത്തോടനുബന്ധിച്ചാണ് മൂന്ന് നേതാക്കളും ഇവിടെ കൂടിക്കാഴ്ച നടത്തിയത്.പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൈലിൻ വില്ലയിലേക്ക് പോകുന്ന റോഡിന്റെ പ്രവേശനഭാഗങ്ങളിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഹോങ്കോങ്ങിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മൂന്ന് പ്രമുഖ ആണവശക്തികളുടെ നേതാക്കൾ ഒരേ വേദിയിൽ ഒന്നിക്കുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഈ റിസോർട്ട്.
എന്താണ് കൈലിൻ വില്ലയുടെ പ്രത്യേകത
ചൈനീസ് പുരാണങ്ങളിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന സാങ്കൽപ്പിക ജീവിയായ 'കൈലിൻ' എന്ന പേരിൽ നിന്നാണ് റിസോർട്ടിന് ഈ പേര് ലഭിച്ചത്.38 ഹെക്ടറോളം വിസ്തൃതിയുള്ള ഈ സ്വകാര്യതയേറിയ റിസോർട്ട് ഷെൻഷെനിലെ സിലി തടാകത്തിന് (സമീപമാണ് സ്ഥിതി ചെയ്യുന്നത്. തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള പ്രധാന തീരദേശ നഗരമാണ് ഷെൻഷെൻ. ഷെൻഷെൻ ബാവോൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം അരമണിക്കൂർ യാത്ര ചെയ്താൽ കൈലിൻ വില്ലയിലെത്താം.കൈലിൻ പർവതനിരകളുടെ താഴ്വരയിൽ വനപ്രദേശത്താൽ ചുറ്റപ്പെട്ടാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. നിരവധി വില്ലകളും അതിഥിമന്ദിരങ്ങളും ഇവിടെയുണ്ട്. യൂറോപ്യൻ ശൈലിയിൽ നിർമിച്ച വില്ലകൾ, വിശാലമായ വിരുന്നുഹാളുകൾ എന്നിവയും റിസോർട്ടിന്റെ പ്രത്യേകതകളാണ്. സിലി ഗോൾഫ് കോഴ്സും ഷെൻഷെൻ സഫാരി പാർക്കും സമീപത്തുണ്ട്.1997-ലാണ് ഈ സർക്കാർ ഉടമസ്ഥതയിലുള്ള റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചൈനീസ് നേതാക്കളുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരുടെയും ആതിഥേയകേന്ദ്രമായി ഇത് മാറി.
20 വർഷം മുമ്പ് കിം ജോങ് ഇൽ താമസിച്ച അതേ റിസോർട്ട്
കൈലിൻ വില്ലയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത മറ്റൊരു ചരിത്രസംഭവമുണ്ട്. ഉത്തരകൊറിയയുടെ മുൻ ദേശീയ നേതാവായിരുന്ന കിം ജോങ് ഇൽ തന്റെ രഹസ്യ ചൈനാ സന്ദർശനത്തിനിടെ ഇവിടെ താമസിച്ചിരുന്നതായി ചോസുൻ ഡെയ്ലി റിപ്പോർട്ട് ചെയ്തിരുന്നു.ചൈനയുടെ സാമ്പത്തിക പരിഷ്കാരങ്ങളും തുറന്ന വിപണി നയങ്ങളും വികസന നേട്ടങ്ങളും നേരിട്ടറിയുന്നതിനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ചൈനയുടെ പരിഷ്കരണതുറന്നുകൊടുക്കൽ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായിരുന്നു അത്.ഇപ്പോൾ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ലോകത്തെ ഏറ്റവും ശക്തമായ മൂന്ന് രാജ്യങ്ങളുടെ നേതാക്കൾ ഒരുമിച്ചെത്തുമ്പോൾ കൈലിൻ വില്ല വീണ്ടും അന്താരാഷ്ട്ര നയതന്ത്രത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്.
എന്തുകൊണ്ട് കൈലിൻ വില്ല ?
ചൈനയിലെ ഔദ്യോഗിക നയതന്ത്ര വേദികൾക്കു പകരം കൂടുതൽ സ്വകാര്യതയുള്ള ഒരു റിസോർട്ട് തിരഞ്ഞെടുക്കാൻ ബീജിങ്ങിന് വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.ന്യൂയോർക്ക് സർവകലാശാലയിലെ പ്രൊഫസറും അമേരിക്ക ചൈന നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളുമായ ഷായു യുവാന്റെ അഭിപ്രായത്തിൽ, സുരക്ഷാ ക്രമീകരണങ്ങൾ എളുപ്പത്തിൽ ഉറപ്പാക്കാൻ കഴിയുന്ന സ്ഥലമാണ് കൈലിൻ വില്ല. ഷെൻഷെൻ വിമാനത്താവളത്തിന് അടുത്തായതിനാൽ ചർച്ചകൾക്കുശേഷം ട്രംപിന് നേരിട്ട് വിമാനത്താവളത്തിലേക്ക് പോകാനും സാധിക്കും. ഇക്കാര്യം ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സമ്മിറ്റ് നയതന്ത്രത്തിൽ വിദഗ്ധയായ ഡിപോൾ സർവകലാശാലയിലെ മിൻസൺ കുവിന്റെ അഭിപ്രായത്തിൽ, ഔദ്യോഗിക സമ്മേളന വേദിക്ക് പകരം സ്വകാര്യതയുള്ള സ്ഥലം തിരഞ്ഞെടുത്തത് ഈ കൂടിക്കാഴ്ചയ്ക്ക് വലിയ ഔപചാരിക പ്രാധാന്യം നൽകാൻ ചൈന ആഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണ്.ഏഷ്യപസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയാണ് ചൈനയുടെ പ്രധാന പരിപാടി. അതിന്റെ ശ്രദ്ധ ഈ ത്രികക്ഷി കൂടിക്കാഴ്ചയിലേക്ക് വഴിമാറാൻ ഷി ജിൻപിങ് ആഗ്രഹിക്കില്ലെന്നാണ് കുവിന്റെ വിലയിരുത്തൽ.
Content Highlights: Donald Trump, Xi Jinping, and Vladimir Putin held a trilateral meeting at Kylin Villa in Shenzhen, China., The resort previously hosted North Korean leader Kim Jong Il during his secret visit 20 years ago., Qilin Villa offers high privacy and strict security for high-level diplomatic summits away from official venues., The secret location choice ensures the APEC summit remains the primary focus of official Chinese events.