റീൽസ് കണ്ട് ചർമം നശിപ്പിക്കല്ലേ; ഗ്ലാസ് സ്‌കിൻ പ്രൊമോട്ട് ചെയ്യുന്ന 95% വീഡിയോകളിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
representative image|photo:canva
representative image|photo:canva

സോഷ്യൽ മീഡിയയിൽ തരംഗമായ കൊറിയൻ സ്‌കിൻകെയർ പ്രത്യേകിച്ച് ഗ്ലാസ് സ്‌കിൻ ട്രെൻഡുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളിൽ ഭൂരിഭാഗവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുന്നറിയിപ്പ്. ജനപ്രിയ ഷോർട്ട്-വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിലെ കെ-ബ്യൂട്ടി വീഡിയോകളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നത്. യൂറോപ്യൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് വെനറോളജി കോൺഗ്രസിലാണ് പഠനം അവതരിപ്പിക്കപ്പെട്ടത്.

മിനുസമാർന്നതും വ്യക്തമായതും ജലാംശം നിറഞ്ഞതുമായ ചർമത്തെയാണ് ഗ്ലാസ് സ്‌കിൻ എന്ന് പറയുന്നത്. പരിശോധിച്ച കൊറിയൻ സ്‌കിൻകെയർ വീഡിയോകളിൽ 95 ശതമാനത്തിലും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതോ, അതിശയോക്തി കലർന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഒരു ഉള്ളടക്കമെങ്കിലും ഉണ്ടെന്നാണ് പറയുന്നത്. കെ-ബ്യൂട്ടി ടിക് ടോക് കണ്ടന്റ് ക്രിയേറ്റർമാരിൽ ഭൂരിഭാഗവും ഡെർമറ്റോളജിസ്റ്റുകളോ സ്‌കിൻകെയർ രംഗത്ത് യോഗ്യതയുള്ളവരോ അല്ല. തങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ മാത്രമാണ് ഇവർ വസ്തുതകളായി അവതരിപ്പിക്കുന്നത്.

പല വീഡിയോകളും ബ്രാൻഡുകളിൽ നിന്ന് പണം കൈപ്പറ്റി നിർമിക്കുന്നവയാണെങ്കിലും, അത്തരം വിവരങ്ങൾ പ്രേക്ഷകരിൽ നിന്ന് മറച്ചുവെക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.ഡബിൾ ക്ലെൻസിങ്, ടോണറുകൾ, എസ്സെൻസുകൾ, സെറമുകൾ, ഷീറ്റ് മാസ്‌കുകൾ, മോയ്‌സ്ചറൈസറുകൾ എന്നിവ ഉൾപ്പെടുന്ന സങ്കീർണ്ണവും പല ഘട്ടങ്ങളുള്ളതുമായ ദിനചര്യകൾ ഇൻഫ്‌ളുവൻസർമാർ പ്രോത്സാഹിപ്പിക്കാറുണ്ട്. എക്‌സ്‌ഫോളിയേറ്റിംഗ് ആസിഡുകൾ, റെറ്റിനോയിഡുകൾ, വിറ്റാമിൻ സി തുടങ്ങിയവ പല ഘട്ടങ്ങളിലായി ചർമത്തിൽ ഇവർ പുരട്ടുന്നുണ്ട്. നിമിഷനേരം കൊണ്ട് കണ്ണാടി പോലെ തിളങ്ങുന്ന ചർമം നേടിത്തരുമെന്ന അവകാശവാദത്തോടെയാണ് പല ജനപ്രിയ കൊറിയൻ ബ്യൂട്ടി പ്രൊഡക്റ്റുകളും റിവ്യൂ വീഡിയോകളും പ്രചരിക്കുന്നത്. എസൻസുകൾ, സെറമുകൾ, വിവിധ ഷീറ്റ് മാസ്‌കുകൾ എന്നിവ നിരന്തരം മാറിമാറി ഉപയോഗിക്കുന്നത് ചർമത്തിന്റെ സ്വാഭാവിക ഘടനയെ തകർക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.

ഓരോരുത്തരുടെയും ചർമം വ്യത്യസ്തമാണ്.മറ്റൊരാൾക്ക് ഫലം ചെയ്ത പ്രൊഡക്റ്റ് മറ്റൊരാളിൽ ഗുരുതരമായ അലർജി, മുഖക്കുരു എന്നിവയുണ്ടാക്കാം.എട്ടോ പത്തോ ഘട്ടങ്ങളുള്ള സ്‌കിൻകെയർ രീതികൾ പിന്തുടരുന്നത് ചർമത്തിൽ അനാവശ്യ രാസവസ്തുക്കളുടെ സാന്നിധ്യം കൂട്ടാൻ ഇടയാക്കും.

സോഷ്യൽ മീഡിയ ട്രെൻഡുകൾ കണ്ണടച്ച് വിശ്വസിച്ച് വിലകൂടിയ ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങിക്കൂട്ടുന്നതിന് പകരം, സ്വന്തം ചർമ്മത്തിന്റെ രീതി മനസ്സിലാക്കി മാത്രം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. ഗുരുതരമായ ചർമ പ്രശ്‌നങ്ങൾ ഉള്ളവർ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരുടെ ഉപദേശങ്ങൾ കേൾക്കാതെ യോഗ്യതയുള്ള ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ച് കൃത്യമായ ചികിത്സ തേടണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

Content Highlights: Korean skincare videos on social media often mislead viewers with unverified claims, warns a study presented at the European Academy of Dermatology Congress.