കുഞ്ഞുങ്ങളുടെ ഡയപ്പർ മാറ്റി നഴ്സറിപ്പാട്ട് പാടി; പ്ലേസ്കൂൾ ടീച്ചർ സൂപ്പർതാരമായ കഥ

ഇന്നത്തെ ഇന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, വിജയചിത്രങ്ങളുടെ നിരതന്നെയുള്ള മുൻനിര നായികമാരിൽ ഒരാളാണ് കിയാര അദ്വാനി. എന്നാൽ ഈ ഗ്ലാമറസ് ലൈംലൈറ്റിലേക്ക് കടന്നുവരുന്നതിന് മുൻപ് താൻ തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് കിയാര വെളിപ്പെടുത്തിയിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ചിത്രത്തിന്റെ പേരിലും കിയാര സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ഈ ഗ്ലാമർ താരപദവി അവരുടെ കഠിനാധ്വാനത്തിന്റേയും സമർപ്പണത്തിന്റേയും ഫലം കൂടിയാണ്. കിയാരയുടെ സിനിമാജീവിതത്തിന്റെ തുടക്കം ഒട്ടും എളുപ്പമായിരുന്നില്ല. നിരസിക്കലുകളുടെയും, കടുത്ത മാനസിക സംഘർഷങ്ങളുടെയും അവസ്ഥയിലൂടെ അവർ കടന്നുപോയിട്ടുണ്ട്.
പഠനത്തിന് ശേഷം അമ്മ നടത്തുന്ന 'ഏർളി ബേർഡ്സ് പ്ലേസ്കൂൾ' എന്ന പ്രീ-സ്കൂളിൽ അധ്യാപികയായി അവർ ജോലി ചെയ്യാൻ തുടങ്ങി. ദിവസവും രാവിലെ ഏഴിന് തന്നെ സ്കൂളിലെത്തി കുട്ടികളെ പഠിപ്പിക്കാനും അവരുടെ കാര്യങ്ങൾ നോക്കിനടത്താനും അവൾ ഉണ്ടായിരുന്നു. നഴ്സറിപ്പാട്ടുകൾ പാടിക്കൊടുക്കുക, അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കുക, കുട്ടികൾക്ക് ഭക്ഷണം നൽകുക, ഉറക്കുക എന്നിവയ്ക്ക് പുറമേ കുഞ്ഞുങ്ങളുടെ ഡയപ്പർ മാറ്റി കൊടുക്കുന്നതിൽ വരെ ഒരു മടിയുമില്ലാതെ അവർ പങ്കാളിയായി. താൻ കുട്ടികളെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും ആ കാലഘട്ടം തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും അഭിമാനത്തോടെ കിയാര ഓർത്തു.
സിനിമയിൽ എത്തിയ സമയത്ത് കിയാര നേരിട്ട ആദ്യ മാറ്റം തന്റെ പേരിൽ തന്നെയായിരുന്നു. 'ആലിയ അദ്വാനി' എന്നായിരുന്നു അവരുടെ യഥാർത്ഥ പേര്. എന്നാൽ, ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ഉപദേശവുമാണ് പേര് മാറ്റത്തിലേക്ക് നയിച്ചത്. ആലിയ ഭട്ട് ബോളിവുഡിൽ അപ്പോഴേക്കും തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞതിനാൽ, ഒരേ പേരുള്ള രണ്ട് നടിമാർ ഇൻഡസ്ട്രിയിൽ ഉണ്ടാകുന്നത് കരിയറിനെ ബാധിച്ചേക്കാം എന്ന് സൽമാൻ ഖാൻ പറഞ്ഞു. അങ്ങനെയാണ് ആലിയ അദ്വാനി തന്റെ പേര് 'കിയാര അദ്വാനി' എന്ന് മാറ്റുന്നത്.
2014-ൽ പുറത്തിറങ്ങിയ 'ഫഗ്ലി' എന്ന ചിത്രത്തിലൂടെയാണ് കിയാര ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ തുടക്കത്തിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ താരത്തിന് സാധിച്ചില്ല. പിന്നീട് സുശാന്ത് സിംഗ് രാജ്പുതിനൊപ്പം അഭിനയിച്ച 'എം.എസ്. ധോനി: ദി അൺടോൾഡ് സ്റ്റോറി' എന്ന ബയോപിക് ചിത്രമാണ് കിയാരയുടെ കരിയറിൽ വഴിത്തിരിവായത്. അതിൽ സാക്ഷി ധോനിയായുള്ള കിയാരയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റി. വൻഹിറ്റ് ചിത്രത്തിൽ അഭിനയിച്ചിട്ടുപോലും കിയാരയുടെ കരിയർ ഉയർന്നില്ല. വലിയൊരു വിജയചിത്ര ഭാഗമായിട്ടും സിനിമയിൽ നിന്ന് പിന്നീട് ഒരൊറ്റ ഫോൺ കോൾ പോലും വരാതിരുന്ന ഒരു കാലം അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ദിവസവും രാവിലെ എഴുന്നേറ്റ് മാനേജറെ വിളിച്ച് 'എന്തെങ്കിലും പുതിയ ഓഫറുകൾ വന്നോ?' എന്ന് നിരന്തരം ചോദിക്കേണ്ടി വന്ന നിരാശ നിറഞ്ഞ ആഴ്ചകൾ താരം ഓർത്തെടുക്കുന്നു. നിരസിക്കലുകൾ മാത്രമായിരുന്നു മറുപടി. വലിയ സ്വപ്നങ്ങളോടെ സിനിമയിലെത്തിയ ഒരു പുതിയ നടിയെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക സംഘർഷത്തിന്റേതായിരുന്നു ആ ദിനങ്ങൾ. എന്നാൽ, പരാജയങ്ങളിൽ തളരാൻ കിയാര തയ്യാറല്ലായിരുന്നു. കരൺ ജോഹർ സംവിധാനം ചെയ്ത 'ലസ്റ്റ് സ്റ്റോറീസ്' എന്ന ആന്തോളജി ചിത്രത്തിലെ പ്രകടനമാണ് കിയാരയുടെ കരിയർ ഒരൊറ്റ രാത്രികൊണ്ട് മാറ്റിമറിച്ചത്. തുടർന്ന് പുറത്തിറങ്ങിയ 'കബീർ സിംഗ്' അവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറി.'ഗുഡ് ന്യൂസ്', 'ഷേഷാ' , 'ഭൂൽ ഭുലയ്യ 2', 'ജഗ്ഗ് ജഗ്ഗ് ജീയോ' , 'സത്യപ്രേം കി കഥ' തുടങ്ങി നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും ഉറപ്പുള്ള നായികയായി മാറാൻ കിയാരയ്ക്ക് സാധിച്ചു. 'ഷേഷാ' ചിത്രത്തിലെ സഹതാരമായിരുന്ന സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള വിവാഹവും ബോളിവുഡ് വലിയ ആഘോഷമാക്കി.
വിവാഹത്തിനും മാതൃത്വത്തിനും ശേഷവും കരിയറിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ കിയാര തയ്യാറായില്ല. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് കന്നഡ സൂപ്പർതാരം യഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ചിത്രത്തിലെ തികച്ചും വ്യത്യസ്തവും ധീരവുമായ കഥാപാത്ര പരീക്ഷണങ്ങളും ഇപ്പോൾ ചർച്ചാവിഷയമാണ്.
Content Highlights: Kiara Advani worked as a teacher at an early birds preschool before entering Bollywood., Salman Khan advised her to change her name from Alia Advani to avoid confusion with Alia Bhatt., She faced major career struggles and rejection after her debut film Fugly and MS Dhoni., Lust Stories and Kabir Singh became the turning points in her acting career., She stars in the upcoming movie Toxic: A Fairy Tale for Grown-Ups directed by Geetu Mohandas.