രജനീകാന്തിനൊപ്പം കണ്ട സ്വന്തം രൂപം ഞെട്ടിച്ചു, കുറച്ചത് 40 കിലോ; ഖുശ്ബുവിന്റെ ജാപ്പനീസ് ഡയറ്റ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍
ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍

തെന്നിന്ത്യൻ സിനിമാലോകത്തും രാഷ്ട്രീയത്തിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് ഖുശ്ബു സുന്ദർ. കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഖുശ്ബു വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ശാരീരിക മാറ്റത്തിന്റെ പേരിൽ കൂടിയാണ്. അഞ്ചു വർഷത്തെ അച്ചടക്കമുള്ള ദിനചര്യയിലൂടെ 40 കിലോ ഭാരമാണ് താരം കുറച്ചത്. തന്നിൽ വന്ന ഈ വലിയ മാറ്റത്തെക്കുറിച്ചും ഭാരം കുറയ്ക്കാൻ സഹായിച്ച ജാപ്പനീസ് ഭക്ഷണരീതികളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ ഖുശ്ബു.

ഒരു കാലത്ത് 98 കിലോയോളം ഭാരമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഖുശ്ബു. എന്നാൽ തന്റെ ശരീരഭാരം തന്നെയും ആരോഗ്യത്തെയും എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് അവർ തനിക്കായി ഒരു മാറ്റം ആഗ്രഹിച്ചത്. സൂപ്പർ താരം രജനികാന്തിനൊപ്പം അഭിനയിച്ച ഒരു ചിത്രം കണ്ടപ്പോൾ സ്‌ക്രീനിൽ കാണുന്ന തടിച്ച രൂപം താൻ തന്നെയാണോ എന്ന് ഖുശ്ബുവിന് തിരിച്ചറിയാൻ പോലും സാധിച്ചില്ല. ഭാരം കൂടിയതോടെ കാൽമുട്ടുകളിൽ കഠിനമായ വേദന അനുഭവപ്പെടാനും തുടങ്ങി. ദൈനംദിന ജീവിതത്തെയും നടപ്പിനെയുമെല്ലാം ഇത് ദോഷകരമായി ബാധിച്ചപ്പോഴാണ് ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖുശ്ബു തീരുമാനിച്ചത്.

ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ കഠിനമായ ജിം വർക്കൗട്ടുകളോ ശരീരത്തെ തളർത്തുന്ന കഠിനമായ ക്രാഷ് ഡയറ്റുകളോ ഖുശ്ബു തിരഞ്ഞെടുത്തില്ല. പെട്ടെന്ന് ഭാരം കുറയ്ക്കുകയും പിന്നീട് അത് ഇരട്ടിയായി തിരിച്ചുവരികയും ചെയ്യുന്ന രീതികൾക്ക് പകരം, ജീവിതകാലം മുഴുവൻ പിന്തുടരാൻ സാധിക്കുന്ന ആരോഗ്യകരവും സുസ്ഥിരവുമായ ശീലങ്ങളാണ് അവർ സ്വീകരിച്ചത്.തനിക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കാതെ തന്നെ ഭക്ഷണത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുകയാണ് അവർ ചെയ്തത്.

ഖുശ്ബുവിന്റെ ഭാരക്കുറവിന് പിന്നിലെ ഏറ്റവും വലിയ രഹസ്യം ജപ്പാനിലെ ഒകിനാവയിൽ പ്രചാരത്തിലുള്ള ഹാര ഹച്ചി ബു (Hara Hachi Bu) എന്ന പരമ്പരാഗത ഭക്ഷണ ശീലമാണ്. ജപ്പാൻകാരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നതും ഈ രീതിയാണ്. വയറ് പൂർണ്ണമായും നിറയുന്നത് വരെ കഴിക്കാതെ, 80 ശതമാനം മാത്രം നിറയുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തുക എന്നതാണ് ഹാര ഹച്ചി ബു തത്വം. വിശപ്പ് പൂർണമായി മാറും മുൻപേ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നതിലൂടെ അമിതാഹാരം കഴിക്കുന്നത് ഒഴിവാക്കാനാകും.

മറ്റൊന്ന്, ജപ്പാനിലെ ആളുകൾ വലിയ പ്ലേറ്റുകൾക്ക് പകരം ചെറിയ പാത്രങ്ങളിലാണ് ആഹാരം കഴിക്കാറുള്ളത്. വീട്ടിൽ തനിക്കായി ഒരു ചെറിയ പ്ലേറ്റ് മാറ്റിവെച്ചതായി ഖുശ്ബു വെളിപ്പെടുത്തുന്നു. വലിയ പ്ലേറ്റിൽ വിളമ്പുമ്പോൾ കൂടുതൽ കഴിക്കാനുള്ള പ്രേരണയുണ്ടാകും. എന്നാൽ ചെറിയ പ്ലേറ്റാകുമ്പോൾ ആവശ്യമായ അളവിൽ മാത്രം ഭക്ഷണം കഴിക്കാനും വയറ് നിറഞ്ഞുവെന്ന മാനസിക സംതൃപ്തി കൈവരിക്കാനും സാധിക്കും. മൈദ, സംസ്‌കരിച്ച വെളുത്ത ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ പൂർണമായും ഒഴിവാക്കി. അതിരാവിലെ പ്രോട്ടിനും നാരുകളും ധാരാളമായി അടങ്ങിയ പ്രഭാതഭക്ഷണത്തിന് മുൻഗണന നൽകി. മട്ടൻ ബിരിയാണിയോട് തനിക്കുള്ള പ്രിയം ഖുശ്ബു തുറന്നുപറഞ്ഞിട്ടുണ്ട്. ബിരിയാണി പൂർണമായി ഉപേക്ഷിക്കുന്നതിന് പകരം, മിതമായ അളവിൽകുറച്ച് ചോറും ഒരു കഷ്ണം മട്ടനും മാത്രംകഴിക്കാൻ അവർ ശീലിച്ചു. തനിക്ക് ഏറെ ഇഷ്ടമുള്ള പാൽച്ചായ, ഇന്ത്യൻ മധുരപലഹാരങ്ങൾ, ഐസ്‌ക്രീം എന്നിവയെല്ലാം ചെറിയ അളവിൽ അവർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി.

ദിവസവും മുടക്കം കൂടാതെ രാവിലെ നടക്കുന്നത് ഖുശ്ബു പതിവാക്കി. പെലാറ്റീസ്, യോഗ, നീന്തൽ തുടങ്ങിയ വ്യായാമ രീതികൾ മാറിമാറി ചെയ്തു. ഇത് ശരീരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റിയും പേശികളുടെ കരുത്തും വർദ്ധിപ്പിക്കാൻ സഹായിച്ചു. ശരീരഭാരം കുറയുന്നത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, മാനസികാരോഗ്യത്തിലും ആത്മവിശ്വാസത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഖുശ്ബു പറയുന്നു.

Content Highlights: Learn how Khushbu Sundar adopted the Japanese Hara Hachi Bu eating method, contributing to her significant weight loss and improved overall well-being.