പ്രമുഖ രാഷ്ട്രീയ, ബിസിനസ് കുടുംബാംഗം, 409 കോടിയുടെ ആസ്തി, ക്രിക്കറ്റ് ലോകത്തെ പവർഫുൾ വനിത; ആരാണ് കാവ്യ മാരൻ?

#ലൈഫ്സ്റ്റൈൽ ഡെസ്ക്
കാവ്യ മാരന്‍ | Photo: instagram/ kavya maran
കാവ്യ മാരന്‍ | Photo: instagram/ kavya maran

ഒടുവിൽ ആ അഭ്യൂഹത്തിന് വിരാമം. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യാമാരനും വിവാഹിതരാകുന്ന വാർത്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്ഥിരീകരിച്ചിരിക്കുകയാണ്. വിവാഹത്തിന് കാവ്യയുടെ കുടുംബം തന്നെ ക്ഷണിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സ്ഥിരീകരണം.

കാവ്യയും അനിരുദ്ധും പ്രണയത്തിലാണെന്ന വാർത്ത ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കുന്നത് 2025-ലാണ്. പക്ഷെ സംഗതി അംഗീകരിക്കാൻ ഇരുവരും തയ്യാറായില്ലെന്ന് മാത്രമല്ല, അനിരുദ്ധ് ഈ വാർത്ത തള്ളുകയും ചെയ്തു. ഇതിനിടയിലാണ് വിവാഹവാർത്തയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ട് അനിരുദ്ധിന്റെ അമ്മാവൻ വൈ.ജി.മഹേന്ദ്രന്റെ ഒരു പ്രസ്താവന പുറത്തുവരുന്നത്. അനിരുദ്ധ് വിവാഹം കഴിക്കുന്നത് ഒരു സാധാരണപെൺകുട്ടിയല്ലെന്നും പിതാവിന്റെ ബിസിനസ് ജീനുകൾ സ്വന്തമാക്കിയവളാണെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. ഇതോടെ വീണ്ടും വിവാഹവാർത്ത ചൂടുപിടിച്ചു. രേവന്ത് റെഡ്ഡിയുടെ എക്‌സ് പോസ്റ്റിലൂടെ ഒടുവിൽ വിവാഹവാർത്തയ്ക്ക് സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്.

ഐ.പി.എൽ മത്സരങ്ങളിൽ സ്റ്റേഡിയത്തിലെ ഗാലറികളിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനായി ആർത്തുവിളിക്കുന്ന, ടീമിന്റെ ഓരോ തോൽവിയിലും ജയത്തിലും വൈകാരികമായി പ്രതികരിക്കുന്ന കാവ്യ മാരനെ ക്രിക്കറ്റ് പ്രേമികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. സൺ ഗ്രൂപ്പിന്റെയും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെയും അമരക്കാരിയായ കാവ്യ മാരൻ ഇന്ന് കായിക ലോകത്ത് നിർണ്ണായക സ്വാധീനമുള്ള പ്രമുഖ വ്യവസായിയാണ്. ഐ.പി.എൽ ടീം ഉടമ എന്നതിലുപരി, തമിഴ്നാട് രാഷ്ട്രീയത്തിലും മാധ്യമ-വ്യവസായരംഗത്തും പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന മാരൻ കുടുംബത്തിലെ പ്രധാന കണ്ണിയാണ് കാവ്യ. തമിഴ്നാട്ടിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരുമായും കേന്ദ്രമന്ത്രിമാരുമായും അടുത്തബന്ധമുള്ളവരാണ് കാവ്യയുടെ കുടുംബം.

1992 ഓഗസ്റ്റ് 6-നാണ് കാവ്യ മാരന്റെ ജനനം. ചെന്നൈയിലെ പ്രശസ്തമായ സ്റ്റെല്ല മാരിസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ കാവ്യ, തുടർന്ന് യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ ഭാഗമായ ജഡ്ജ് ബിസിനസ് സ്‌കൂളിൽ നിന്ന് എം.ബി.എ പൂർത്തിയാക്കി.

പഠനത്തിന് ശേഷം സൺ നെറ്റ്വർക്കിൽ പ്രൊഡക്ഷൻ, എഫ്.എം റേഡിയോ വിഭാഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് കാവ്യ തന്റെ ബിസിനസ്സ് കരിയറിന് തുടക്കമിട്ടത്. തുടർന്ന് 2018-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റു. ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ലീഗിലെ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പ് ടീമിന്റെ മേൽനോട്ടവും കാവ്യയ്ക്കാണ്. ക്ലബ്ബിന്റെ പ്ലെയർ ലേലങ്ങളിലെ തന്ത്രപരമായ ഇടപെടലുകളിലൂടെയും കൃത്യമായ തീരുമാനങ്ങളിലൂടെയും കായികരംഗത്തെ അപൂർവം വനിതാ മേധാവികളിൽ ഒരാളായി മാറാൻ കാവ്യയ്ക്ക് സാധിച്ചു.

ഇന്ത്യയിലെ പ്രമുഖ മാധ്യമ ശൃംഖലയായ സൺ ഗ്രൂപ്പ് അധ്യക്ഷൻ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ.ഡി.എം.കെയുടെ പ്രമുഖ നേതാവും മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന അന്തരിച്ച മുരശൊലി മാരന്റെ കൊച്ചുമകളാണ്. തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കുടുംബവുമായി രക്തബന്ധമുണ്ട്. മുരശൊലി മാരൻ, കരുണാനിധിയുടെ സഹോദരീപുത്രനാണ്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ഡി.എം.കെ നേതാവുമായ ദയാനിധി മാരൻ കാവ്യയുടെ പിതാവിന്റെ സഹോദരനാണ്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് കാവ്യയുടെ വ്യക്തിപരമായ ആസ്തി 409 കോടിയാണ്.

Content Highlights: Telangana CM Revanth Reddy confirms the wedding of Kavya Maran and Anirudh, ending rumors that began in 2025 about their relationship.