ഭർത്താവ് ഗൗതം ഹതിരമണിയുമായി വേർപിരിയുന്നു; ‘ബേബി ഡോൾ’ ഗായിക കനിക കപൂർ

നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഭർത്താവ് ഗൗതം ഹതിരമണിയുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ച് ബോളിവുഡ് ഗായിക കനിക കപൂർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഏറെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നും സ്വകാര്യതയെ മാനിക്കണമെന്നും കനിക കുറിച്ചു.
'പ്രിയപ്പെട്ട സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ, ഏറെ ആലോചനകൾക്കുശേഷം ഞാനും ഭർത്താവും വ്യത്യസ്ത വഴികളിലൂടെ മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരുമിച്ച് ചെലവഴിച്ച കാലത്തിന് ഞാൻ നന്ദിയുള്ളവളാണ്. അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ദയവായി അനാവശ്യമായ ചർച്ചകൾ ഒഴിവാക്കണമെന്നും അഭ്യർഥിക്കുന്നു,' എന്നായിരുന്നു കനികയുടെ കുറിപ്പ്. കനികയുടെ രണ്ടാം വിവാഹമായിരുന്നു ഗൗതം ഹതിരമണിയുമായുള്ളത്. ഗൗതമിനെ ഏകദേശം 15 വർഷമായി അറിയാമായിരുന്നുവെന്നും ഇരുവരും ആദ്യം അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കനിക നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 2014-ലും 2020-ലും കനിക തന്നെയാണ് ഗൗതമിനോട് വിവാഹാഭ്യർഥന നടത്തിയതെന്നും താരം പറഞ്ഞിട്ടുണ്ട്. ഒടുവിൽ 2021 ഓഗസ്റ്റിൽ ഗൗതം കനികയോട് വിവാഹാഭ്യർഥന നടത്തി. 2022 മേയ് 20-ന് ലണ്ടനിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പതിനെട്ടാം വയസ്സിൽ ആദ്യവിവാഹം; സംഗീതസ്വപ്നങ്ങൾക്ക് ഇടവേള
ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് കനിക ജനിച്ചുവളർന്നത്. സംഗീതത്തോടുള്ള താൽപര്യം ചെറുപ്പംമുതലേ ഉണ്ടായിരുന്നു. ആറാം വയസ്സിൽ ശാസ്ത്രീയ സംഗീതം പഠിച്ചുതുടങ്ങി. പതിനൊന്നാം വയസ്സിൽ ആകാശവാണിയിൽ ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു. പന്ത്രണ്ടാംവയസ്സിൽ ഗായകൻ അനൂപ് ജലോട്ടയ്ക്കൊപ്പം പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. പതിനേഴാം വയസ്സിൽ ഗായികയെന്ന നിലയിൽ സ്വന്തം ഇടം കണ്ടെത്താനായി മുംബൈയിലെത്തി. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടി. എന്നാൽ ഇതിനിടെയാണ് രാജ് ചന്ദോക്കുമായി പ്രണയത്തിലാകുന്നത്. ലണ്ടനിലുള്ള ബന്ധുവിന്റെ സുഹൃത്തായിരുന്നു രാജ്. പതിനെട്ടാം വയസ്സിൽ ഇരുവരും വിവാഹിതരായി. പിന്നാലെ ലണ്ടനിലേക്ക് താമസം മാറി.സമ്പന്നമായ കുടുംബത്തിലേക്കായിരുന്നു കനികയുടെ വിവാഹം. ബിസിനസുകാരനായ രാജിന്റെ കുടുംബത്തിന് ആശുപത്രികളുടെ ശൃംഖലയും റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുമുണ്ടായിരുന്നു. ആഡംബരജീവിതവും മൂന്ന് മക്കളുമൊക്കെയായി കനിക കുടുംബജീവിതത്തിൽ മുഴുകി. സംഗീതത്തോടുള്ള ഇഷ്ടം ഉണ്ടായിരുന്നെങ്കിലും വീട്ടമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾക്കായിരുന്നു മുൻഗണന.കനികയ്ക്ക് ആ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ആയാന, സമര എന്നീ പെൺമക്കളും യുവരാജ് എന്ന മകനുമാണ് അവർ.2012-ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കനിക സംഗീതലോകത്ത് സജീവമായി.
പത്താം വിവാഹവാർഷികത്തിൽ ഒരു സംഗീത ആൽബം
വിവാഹജീവിതത്തിനിടെ ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കനിക മാനസികമായി തകർന്നു. എന്നാൽ ബന്ധം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇരുവരും വീണ്ടും ഒരുമിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചു. പത്താം വിവാഹവാർഷികത്തിൽ രാജിനോട് സമ്മാനം ചോദിച്ചപ്പോൾ കനികയ്ക്ക് ആവശ്യമായിരുന്നത് വിലപിടിപ്പുള്ള ആഭരണങ്ങളോ ആഡംബരവസ്തുക്കളോ ആയിരുന്നില്ല. സ്വന്തമായി ഒരു സംഗീത ആൽബം പുറത്തിറക്കണമെന്നായിരുന്നു ആഗ്രഹം. രാജ് അതിന് സമ്മതിച്ചു. തുടർന്ന് സംഗീതസംവിധായകനായ ഡോ. സ്യൂസുമായി ബന്ധപ്പെട്ടു. ഒരു പാട്ടിന് അയ്യായിരം പൗണ്ട് എന്ന നിരക്കിൽ എട്ട് പാട്ടുകളുള്ള ആൽബം ഒരുക്കാനായിരുന്നു കരാർ. എന്നാൽ പണം നൽകിയിട്ടും പുതിയ പാട്ടുകൾ തയ്യാറാകാതെ ഒരു വർഷത്തോളം കടന്നുപോയി. ഇതിനിടെ ദാമ്പത്യപ്രശ്നങ്ങളും രൂക്ഷമായി. കനിക വീണ്ടും മാനസികമായി തളർന്നു.
'ജുഗ്നി'യിലൂടെ ആദ്യ തിരിച്ചുവരവ്
ജീവിതം പ്രതിസന്ധിയിലായിരുന്ന സമയത്താണ് 'ജുഗ്നി' എന്ന പാട്ട് കനികയുടെ മുന്നിലെത്തിയത്. പാകിസ്താനി ഗായകനായ ആരിഫ് ലോഹറിന്റെ ശ്രദ്ധേയ ഗാനമായിരുന്നു ഇത്. ഡോ. സ്യൂസിന്റെ സഹായത്തോടെ കനികയുടെ ശബ്ദത്തിൽ പാട്ട് പുനഃസംവിധാനം ചെയ്തു. വലിയ മുതൽമുടക്കില്ലാതെ പാട്ടിന്റെ ദൃശ്യാവിഷ്കാരവും ചിത്രീകരിച്ചു. മുൻഭർത്താവിന്റെ ഫെറാറി കാറിന് മുന്നിൽ കനികയും ഡോ. സ്യൂസും നർത്തകരും ചേർന്നായിരുന്നു ചിത്രീകരണം. വെറും പത്ത് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയ വീഡിയോ 2012 ജനുവരിയിൽ സൗജന്യമായി പുറത്തിറക്കി. പിന്നാലെ മൂന്ന് ദശലക്ഷം കാഴ്ചകൾ നേടി ഗാനം ശ്രദ്ധിക്കപ്പെട്ടു. 2012 ജൂലൈയോടെ രാജുമായുള്ള ബന്ധം അവസാനിച്ചു. അതേ വർഷം ഒക്ടോബറിൽ മികച്ച ബ്രിട്ടീഷ് ഏഷ്യൻ ഗായികയ്ക്കുള്ള പുരസ്കാരവും കനികയെ തേടിയെത്തി.
'ജുഗ്നി'യുടെ വിജയം വന്നതോടെ താൻ ഭർത്താവിനെ ഉപേക്ഷിച്ചുവെന്നും മറ്റൊരു വ്യക്തിയുമായി ബന്ധത്തിലാണെന്നും വ്യാജപ്രചാരണങ്ങൾ ഉണ്ടായതായി കനിക അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ സുഹൃദ്വലയത്തിലുള്ളവർ പോലും അകന്നുപോയി. സമൂഹം തന്നെ പൂർണമായി തള്ളിക്കളഞ്ഞതുപോലെയാണ് തോന്നിയതെന്നും ആ കാലത്ത് ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നുവെന്നും കനിക പറഞ്ഞു.
എന്നാൽ ആ അനുഭവങ്ങൾ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും ജീവിതത്തെ കാണുന്ന രീതി മാറിയെന്നും താരം വ്യക്തമാക്കി.
അച്ഛന്റെ വാക്കുകൾ നൽകിയ കരുത്ത്
കനികയുടെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ കുടുംബമായിരുന്നു. പ്രത്യേകിച്ച് അച്ഛൻ. മാനസികമായി തകർന്നുപോയ മകളെക്കണ്ട് അച്ഛനും കടുത്ത വിഷമത്തിലായി. ഒരിക്കൽ ഹൃദയാഘാതം വന്ന് മരണത്തിന്റെ വക്കിലെത്തിയെന്നും കനിക അഭിമുഖത്തിൽ പറഞ്ഞിരുന്നു. മൂന്നാമത്തെ കുഞ്ഞ് ജനിച്ചശേഷം ശരീരഭാരം കൂടിയതും സംഗീതലോകത്തുനിന്ന് അകന്നുപോയതും കനികയെ അലട്ടിയിരുന്നു. അന്ന് അച്ഛൻ നൽകിയ ഉപദേശം ജീവിതത്തിൽ വഴിത്തിരിവായി. 26-ാം വയസ്സിൽ തന്നെ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചിരുന്ന എന്നോട് അച്ഛൻ ചോദിച്ചു: നിനക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്തുകൂടേ? ഒരുപക്ഷേ അത് നിനക്ക് സന്തോഷം നൽകും.'
അമ്മയും സഹോദരനും അച്ഛനും നൽകിയ പിന്തുണയാണ് പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചതെന്ന് കനിക പറയുന്നു. ലണ്ടനിലേക്ക് അമ്മയും താമസം മാറി. മക്കളെ വളർത്തുന്നതിൽ ഇരുവരും പരസ്പരം താങ്ങായി.
'ബേബി ഡോൾ' മാറ്റിമറിച്ച ജീവിതം
2013-ലാണ് കനികയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടായത്. 'ജുഗ്നി'യിലൂടെ കനികയുടെ ശബ്ദം ശ്രദ്ധിച്ച ഏക്ത കപൂർ, സണ്ണി ലിയോൺ നായികയായെത്തിയ രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ 'ബേബി ഡോൾ' പാടാൻ അവസരം നൽകി.2014-ൽ പുറത്തിറങ്ങിയ ഗാനം വൻ ഹിറ്റായി. പിന്നാലെ ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ഹാപ്പി ന്യൂ ഇയർ എന്ന ചിത്രത്തിലെ 'ലൗലി'യും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് 'ചിട്ടിയാൻ കലായിയാൻ', 'ദേശി ലുക്ക്', 'നച്ചൻ ഫറാട്ടേ' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ കനികയുടേതായി.ഒരിക്കൽ ആഡംബരജീവിതം നയിച്ചിരുന്ന തനിക്ക് വിവാഹമോചനത്തിനുശേഷം സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കേണ്ടിവന്നു. അതിനുവേണ്ടിയാണ് കഠിനാധ്വാനം തുടങ്ങിയതെന്നും ദിവസം 14 മണിക്കൂർ വരെ ജോലി ചെയ്തിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.മൂന്ന് കുട്ടികളുള്ള ഒരു സാധാരണ വീട്ടമ്മയിൽനിന്ന് ഞാൻ ഒരു പോപ് താരമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,' എന്നായിരുന്നു കനികയുടെ വാക്കുകൾ.ആദ്യ വിവാഹത്തിലെ തകർച്ചയിൽനിന്ന് സംഗീതത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച കനികയുടെ ജീവിതത്തിൽ വീണ്ടും ഒരു അധ്യായം അവസാനിക്കുകയാണ്. എന്നാൽ ഒരിക്കൽ പ്രതിസന്ധികൾക്കു മുന്നിൽ തളർന്നുപോയ ആ പെൺകുട്ടി ഇന്ന് സ്വന്തം ഇടം കണ്ടെത്തിയ ഗായികയാണ്.
Content Highlights: Singer Kanika Kapoor announced her separation from husband Gautam Hathiramani., The couple was married for four years after tying the knot in London in May 2022., Kanika requested privacy and avoidance of unnecessary discussions regarding her personal life.