'സെക്‌സിയെസ്റ്റ് മാന്‍ അലൈവ് 2024' ആയി ജോണ്‍ ക്രസിന്‍സ്‌കി തിരഞ്ഞെടുക്കപ്പെട്ടു

ജോണ്‍ ക്രസിന്‍സ്‌കി | PTI
ജോണ്‍ ക്രസിന്‍സ്‌കി | PTI

അമേരിക്കന്‍ പോപ് ഗായിക സെലീന ഗോമസിന്റെ കാമുകനും പ്രൊഡ്യൂസറുമായ ബെന്നിബ്ലാങ്കോയെ തള്ളി ഈ വര്‍ഷത്തെ 'സെക്സിയെസ്റ്റ് മാന്‍ എലൈവ്' ആയി നടന്‍ ജോണ്‍ ക്രസിന്‍സ്‌കി തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു പ്രഖ്യാപനം. അമേരിക്കയിലെ സെലിബ്രിറ്റി മാഗസിനായ പീപ്പിള്‍ ആണ് ലോകസുന്ദരന്‍മാര്‍ എന്ന നിലയില്‍ സെക്‌സിയെസ്റ്റ് മാന്‍ അലൈവ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ചൊവ്വാഴ്ചയാണ് ഫല പ്രഖ്യാപനമെങ്കിലും ബെന്നിബ്ലാങ്കോ തന്നെയായിരിക്കും വിജയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ മുതൽ പുറത്തുവന്നിരുന്നു. 

ദി ഓഫീസ് എന്ന എന്‍.ബി.സി ദൃശ്യ പരമ്പരയിലെ ജിം ഹാല്‍പെര്‍ട്ട് എന്ന കഥാപാത്രത്തിലൂടെയാണ് ജോണ്‍ ക്രസിന്‍സ്‌കി ശ്രദ്ധേയനാവുന്നത്. പാരമ്പരയിലുടനീളം അഭിനയിച്ച അദ്ദേഹം നിര്‍മ്മാതാവായും ചില പതിപ്പുകളില്‍ സംവിധായകനായും പ്രവര്‍ത്തിച്ചു. 2018-ല്‍ ടൈം മാസികയുടെ ലോകത്തെ സ്വാധീക്കുന്ന 100 വ്യക്തികളുടെ പട്ടികയില്‍ ജോണ്‍ ഇടം പിടിച്ചു.

കഴിഞ്ഞ ദിവസം ബെന്നിബ്ലാങ്കോ 2024 -ലെ സെക്സിയെസ്റ്റ് മാന്‍ എലൈവ് ആയി തിരഞ്ഞെടുക്കപ്പെടുമെന്ന് അഭ്യൂഹമുയർന്നതോടെ സോഷ്യല്‍മീഡിയയിലും സജീവ ചര്‍ച്ച തുടങ്ങിയിരുന്നു. വലിയ വിമര്‍ശനമായിരുന്നു ബ്ലാങ്കോയ്‌ക്കെതിരേ ഉയര്‍ന്ന് വന്നത്. ഇന്‍സ്റ്റ ഫീഡുകളിലും എക്സ് ഫീഡുകളിലും മീമുകളും നിറഞ്ഞിരുന്നു. 

പോള്‍ റൂഡ്, മിഷേല്‍ ബി ജോര്‍ദാന്‍, ജോര്‍ജ് ക്ലൂണി, ബ്രാഡ് പിറ്റ്, ജോണ്‍ ലെജന്‍ഡ്, ഇദ്രിസ് എല്‍ബ, ക്രിസ് ഹെംസ് വെര്‍ത്ത്, ചാനിങ് ടാറ്റും എന്നിവരായിരുന്നും മുന്‍ വര്‍ഷങ്ങളിലെ വിജയികൾ. അമേരിക്കന്‍ കൊമേഡിയനും അഭിനേതാവും നിര്‍മാതാവുമെല്ലാമായ സ്റ്റീഫന്‍ കോള്‍ബര്‍ട്ടാണ് വിജയിയെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് പീപ്പിള്‍ മാഗസിന്റെ കവര്‍പേജില്‍ ഇടംപിടിച്ച് ജോണ്‍ ക്രിസിന്‍സ്‌കി പ്രത്യക്ഷപ്പെടുകയും ചെയ്തു.

Content Highlights: John Krasinski, known for `The Office,` has been crowned People`s `Sexiest Man Alive` for 2024