മക്കളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ജെമീമ ഗോൾഡ്‌സ്മിത്ത്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ജെമീമ ഗോള്‍ഡ്‌സ്മിത്ത് പങ്കുവെച്ച ചിത്രം
ജെമീമ ഗോള്‍ഡ്‌സ്മിത്ത് പങ്കുവെച്ച ചിത്രം

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ മുൻ ഭാര്യയും പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവുമായ ജെമീമ ഗോൾഡ്‌സ്മിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവാഹ ചിത്രങ്ങൾ വൈറലാകുന്നു. മക്കളുടെ കൈപിടിച്ച് ചടങ്ങിനായെത്തുന്ന ജമീമയുടെ ചിത്രങ്ങൾക്ക് കീഴെ ആശംസകളുടെ പ്രവാഹമാണ്. പ്രമുഖ ഓസ്ട്രേലിയൻ-ഐറിഷ് വ്യവസായിയായ കാമറൂൺ ഒറെയ്ലിയാണ് ജെമീമയുടെ ജീവിതപങ്കാളി.

സ്വകാര്യതയ്ക്ക് എപ്പോഴും വലിയ പ്രാധാന്യം നൽകുന്ന ജെമീമ, വളരെ അടുത്ത ബന്ധുക്കളുടെയും പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹിതയായത്.

ഇമ്രാൻ ഖാനുമായുള്ള ബന്ധത്തിലുള്ള മക്കളായ സുലൈമാൻ ഇസാ ഖാനും കാസിം ഖാനും ചേർന്നാണ് വിവാഹച്ചടങ്ങുകൾ നടന്ന മണ്ഡപത്തിലേക്ക് അമ്മയെ കൂട്ടിക്കൊണ്ടുപോയത്. കുടുംബബന്ധങ്ങളുടെ ആഴവും മക്കളുടെ പിന്തുണയും വ്യക്തമാക്കുന്ന അവിസ്മരണീയ നിമിഷത്തിൽ നന്ദി അറിയിച്ചുകൊണ്ടായിരുന്നു കുറിപ്പ്. അതിമനോഹരമായ ഐവറി നിറത്തിലുള്ള പരമ്പരാഗത വിവാഹ വസ്ത്രത്തിലാണ് ജെമീമ പ്രത്യക്ഷപ്പെട്ടത്. ലളിതമായ ആഭരണങ്ങളും മിനിമൽ മേക്കപ്പും താരത്തിന്റെ ലുക്കിന് കൂടുതൽ പ്രൗഢി നൽകി.

ലണ്ടനിലെ പ്രമുഖ ശതകോടീശ്വര കുടുംബത്തിൽ ജനിച്ച ജെമീമ ഗോൾഡ്‌സ്മിത്ത്, 1995-ലാണ് അന്നത്തെ പാക് ക്രിക്കറ്റ് നായകനായിരുന്ന ഇമ്രാൻ ഖാനെ വിവാഹം കഴിക്കുന്നത്. തുടർന്ന് പാകിസ്താനിലേക്ക് താമസം മാറ്റിയ അവർ, ഒമ്പത് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2004-ൽ ഇമ്രാനുമായി നിയമപരമായി വേർപിരിയുകയായിരുന്നു.

വേർപിരിയലിന് ശേഷവും ബ്രിട്ടീഷ് മാധ്യമരംഗത്തും അന്താരാഷ്ട്ര സിനിമാ നിർമ്മാണത്തിലും ജെമീമ തന്റേതായ മുദ്ര പതിപ്പിച്ചു. ലോകശ്രദ്ധ നേടിയ നിരവധി ഡോക്യുമെന്ററികളും സിനിമകളും അവർ നിർമ്മിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ-ഐറിഷ് വ്യവസായ പാരമ്പര്യമുള്ള കാമറൂൺ ഒറെയ്ലിയുമായുള്ള ഈ മാംഗല്യം ജെമീമയുടെ ജീവിതത്തിലെ മനോഹരമായ ഒരു പുതിയ തുടക്കമാണ്.

ഇൻസ്റ്റാഗ്രാമിലും എക്‌സിലും പങ്കുവെച്ച വിവാഹ ചിത്രങ്ങൾക്ക് താഴെ ഹോളിവുഡിലെയും ബ്രിട്ടീഷ് സാംസ്‌കാരിക മേഖലയിലെയും പ്രമുഖരും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും ദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്.