മകനോടുള്ള അനീതിക്ക് അച്ഛന്റെ പ്രായശ്ചിത്തം; 'ഇനിയീ വീട്ടിൽ ആ പാട്ടുകൾ മതി, എനിക്കതേ കേൾക്കേണ്ടൂ...'

പഴയ പാട്ടുകളാണ് അച്ഛനിഷ്ടം. മകന് പുതിയ പാട്ടുകളും. ഈശ്വരചിന്തയോ മാണിക്യവീണയോ ചക്രവര്‍ത്തിനിയോ അച്ഛന്‍ റേഡിയോയില്‍ ശബ്ദം കൂട്ടി വെച്ചാല്‍ പതുങ്ങിച്ചെന്ന് വോള്യം കുറയ്ക്കും മകന്‍. മകനെങ്ങാനും പ്രായം നമ്മില്‍ മോഹം നല്‍കി ഉറക്കെ വെക്കുകയും കൂടെ പാടിപ്പോകുകയും ചെയ്താല്‍ അച്ഛന്റെ കാതുപൊട്ടിക്കുന്ന ശകാരം ഉറപ്പ്. സംഗീതം സംഘര്‍ഷഭരിതമാകുന്ന നിമിഷങ്ങള്‍.
അനുരഞ്ജനത്തിന്റെ ചുമതല എന്നും അമ്മയ്ക്കാണ്. 'അയ്യേ, ഇദെന്താ നിങ്ങള്‍ രണ്ടും എപ്പഴും ഇള്ളക്കുട്ട്യോളെ പോലെ. നാണംല്യേ?' പിന്നെ അച്ഛന് നേരെ തിരിഞ്ഞു ഒരു ചോദ്യം കൂടിയെറിയും അവര്‍: 'പ്രായം കൊറേ ആയില്യേ. കുട്ടീടെ ഇഷ്ടം നിങ്ങള്‍ക്ക് വകവെച്ചു കൊടുത്താല്‍ എന്താ? ആകാശം ഇടിഞ്ഞു വീഴുവോ?'
മകന്‍ അത്യാവശ്യം ഫലിതബോധം ഉള്ളവനായതുകൊണ്ട് ചിരിച്ചുകൊണ്ട് അമ്മയുടെ നേര്‍ക്ക് നോക്കി കണ്ണിറുക്കും. അച്ഛന്റെ മുഖത്ത് പക്ഷേ, കടന്നല്‍ കുത്തിയ ഭാവം തന്നെ. പല്ലിറുമ്മും. കൈകള്‍ കൂട്ടി ഞെരിക്കും. ആ ഭാവപ്പകര്‍ച്ച കണ്ട് പാട്ട് ഇത്രയും ഭീകരനോ എന്ന് ചിന്തിച്ച് അന്തംവിടും അമ്മ.
തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായരും അഭയദേവും വയലാറും ഭാസ്‌കരനും ഒ.എന്‍.വിയും പോയതോടെ പാട്ടുകളുടെ വസന്തകാലം അസ്തമിച്ചു എന്നാണ് അച്ഛന്റെ പക്ഷം. മകനാകട്ടെ ഗിരീഷ് പുത്തഞ്ചേരിയുടെ കട്ട ആരാധകന്‍. ഒരു രാത്രി കൂടി വിടവാങ്ങവേ, പിന്നെയും പിന്നെയും, എത്രയോ ജന്മമായ് ഒക്കെയാണ് ഇഷ്ടഗാനങ്ങള്‍. പുതിയ പാട്ടുകള്‍ക്ക് അലങ്കാരങ്ങള്‍ കൂടുതലുണ്ടെങ്കിലും ആഴം പോരാ എന്ന് വാദിക്കും അച്ഛന്‍. അതുകൊണ്ടുതന്നെ അവ കാലത്തെ അതിജീവിക്കില്ല. എല്ലാം കേട്ട് മകന്‍ ചിരിക്കും. 'നോക്കിക്കോളൂ, ഒരു ദിവസം അച്ഛനും ഇഷ്ടപ്പെട്ടു തുടങ്ങും ഈ പാട്ടുകളൊക്കെ. എനിക്കുറപ്പാ..' അച്ഛന്‍ ചിരിക്കുക മാത്രം ചെയ്യും; പുച്ഛം കലര്‍ന്ന ചിരി.
പുറത്ത് അസ്വാരസ്യം പ്രകടിപ്പിക്കുമെങ്കിലും അച്ഛന്‍-മകന്‍ കലഹം ഒരിക്കലും അവസാനിക്കരുതേ എന്നാണ് അമ്മയുടെ പ്രാര്‍ഥന. അതാണല്ലോ ആ വീടിന്റെ ഐശ്വര്യം. രണ്ടു പേരും രണ്ടു മുറികളിലായി മിണ്ടാതിരിക്കുമ്പോഴത്തെ നിശ്ശബ്ദത ഉള്‍ക്കൊള്ളാനാകില്ലായിരുന്നു അമ്മയ്ക്ക്. 'ഇടക്കൊക്കെ ഞാന്‍ തന്നെ പതുങ്ങിച്ചെന്ന് പാട്ടിന്റെ വോള്യം കൂട്ടും. അങ്ങനെയെങ്കിലും ഒരു ഒച്ചയും വിളിയുമൊക്കെ ഉണ്ടാകുമല്ലോ വീട്ടില്‍.'-അമ്മ.
ഒരു നാള്‍, തെല്ലും നിനച്ചിരിക്കാതെ ആ ഒച്ചയും വിളിയും നിലയ്ക്കുമെന്ന് ആരറിഞ്ഞു?
റോഡപകടമായിരുന്നു. ഓടിക്കൊണ്ട് നിരത്ത് മുറിച്ചുകടക്കാന്‍ ശ്രമിച്ച കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മകന്റെ ബൈക്ക് റോഡരികിലെ മതിലില്‍ ചെന്നിടിച്ചു മറിയുന്നു. തെറിച്ചുവീണ മകന്‍ ചുമരില്‍ തലയിടിച്ച് തല്‍ക്ഷണം മരണത്തിന് കീഴടങ്ങുന്നു. നിമിഷാര്‍ദ്ധമേ വേണ്ടിവന്നുള്ളൂ എല്ലാം അവസാനിക്കാന്‍. ജോലിക്ക് ചേര്‍ന്ന് അധികമായിരുന്നിട്ടില്ലാത്ത കൗമാരക്കാരനായ മകന്റെ നിശ്ചേതനമായ ശരീരം നോക്കി കരയാന്‍ പോലുമാകാതെ തരിച്ചു നില്‍ക്കുന്നു മാതാപിതാക്കള്‍.
നിനച്ചിരിക്കാതെ ഇരുളടയുകയായിരുന്നു രണ്ടു പേരുടെ ജീവിതം. എല്ലാം മാറിമറിഞ്ഞു അതോടെ. അച്ഛന്‍ മൗനത്തിന്റെ തടവറയിലേക്ക് സ്വയം പിന്‍വാങ്ങി; വിഷാദരോഗത്തിന് മരുന്ന് കഴിച്ചുതുടങ്ങി. വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കുറഞ്ഞു. വൈകുന്നേരത്തെ നാമജപം ഉപേക്ഷിച്ചു. അമ്മയാകട്ടെ കൂടുതല്‍ ഈശ്വരവിശ്വാസിയായി. വീട്ടിനടുത്തുള്ള ആത്മീയ സ്ഥാപനത്തില്‍ ധ്യാനത്തിന് പോയിത്തുടങ്ങി. പരസ്പരമുള്ള ആശയവിനിമയം പോലും കുറഞ്ഞു.
അച്ഛന് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു മകന്‍ എന്നറിയുന്നത് ആ ദിവസങ്ങളിലാണെന്ന് അമ്മ. ജീവിക്കാനുള്ള താല്പര്യം പോലും നഷ്ടപ്പെട്ട പോലെ തോന്നി അദ്ദേഹത്തിന്. സംസാരമില്ല. പ്രിയപ്പെട്ട പാട്ടുകള്‍ കേള്‍ക്കലില്ല. വയലാറിനെയും ദേവരാജനെയും ബാബുരാജിനെയും കുറിച്ചുള്ള ദീര്‍ഘ പ്രഭാഷണങ്ങളില്ല. പത്രവായനയില്ല. സര്‍വം നിശ്ചലം, നിശബ്ദം.
ഉറക്കത്തില്‍ ഇടയ്ക്ക് മകനുമായി തര്‍ക്കിക്കുന്നത് കേള്‍ക്കാം അദ്ദേഹം; അസ്പഷ്ടമായ വാക്കുകളില്‍. എല്ലാ തര്‍ക്കങ്ങളും അവസാനിക്കുക നിശ്ശബ്ദമായ ഒരു തേങ്ങലിലാണ്.
ഇടക്കെപ്പോഴോ ഒരു നാള്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അന്തരീക്ഷത്തിലെ നിശ്ശബ്ദതയിലേക്ക് ഒരു പാട്ട് ഒഴുകിവരുന്നു. ഞെട്ടിപ്പോയി അമ്മ. പാട്ടു കേട്ട് അച്ഛന്‍ അസ്വസ്ഥനാകുമല്ലോ എന്നായിരുന്നു പേടി. ഓടിച്ചെന്ന് നോക്കിയപ്പോള്‍ സിഡി പ്ലെയറിന് മുന്നില്‍ മൗനിയായി തലയ്ക്ക് കൈകൊടുത്തിരിക്കുന്നു അച്ഛന്‍.
ഒഴുകി വന്ന പാട്ട് മകന്റെ പ്രിയഗാനമായിരുന്നു: 'ഒരു രാത്രി കൂടി വിടവാങ്ങവേ...'
സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയില്ലായിരുന്നു അമ്മയ്ക്ക്. സി ഡി പാടിക്കൊണ്ടേയിരുന്നു; മകന്റെ പ്രിയഗാനങ്ങള്‍. ഗിരീഷ് പുത്തഞ്ചേരിയുടെയും കൈതപ്രത്തിന്റെയുമൊക്കെ പാട്ടുകളുണ്ടായിരുന്നു അവയില്‍. അഞ്ചാറ് മാസം മുന്‍പ് വരെ അവജ്ഞയോടെ തള്ളിക്കളഞ്ഞ പാട്ടുകളില്‍ സ്വയം അലിഞ്ഞുകൊണ്ട് മകന്റെ ഓര്‍മ്മയില്‍ മുഴുകി അരികില്‍ താടിക്ക് കൈകൊടുത്തിരിക്കുന്നു അച്ഛന്‍. 'ഇടയ്ക്ക് എന്നെ നോക്കി പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു: ഓന്റെ പാട്ടുകളാ. ഇനി ഈ വീട്ടില്‍ അതുമതി. എനിക്കിനി അതേ കേള്‍ക്കേണ്ടൂ..'
മകനോടുള്ള അനീതിക്ക് അച്ഛന്റെ പ്രായശ്ചിത്തം. 'കരച്ചിലടക്കാനായില്ല എനിക്ക്. വല്ലാത്തൊരു രംഗമായിരുന്നു അത്. ആ പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം ചുവക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ടല്ലോ ഞാന്‍. എന്നാല്‍ അന്നത്തെ അച്ഛനെയല്ല അവിടെ കണ്ടത്. നിര്‍വചിക്കാനാവാത്ത വാത്സല്യത്തോടെ മകന്റെ ഇഷ്ടഗാനങ്ങള്‍ മനസ്സുകൊണ്ട് താലോലിക്കുന്ന ഒരച്ഛനെ. 'ഒരു രാത്രി കൂടി എന്ന പാട്ടിലെ പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേ കിടന്നു മിഴിവാര്‍ക്കവേ ഒരു നേര്‍ത്ത തെന്നല്‍ അലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ എന്ന വരിയെത്തുമ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ഏറ്റുപാടും അദ്ദേഹം.
'സമ്മര്‍ ഇന്‍ ബത്‌ലഹേമി'ല്‍ വിദ്യാസാഗര്‍ ഈണമിട്ട ആ പാട്ടിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ച് ഒരു സന്ധ്യയ്ക്ക് വടക്കന്‍ കേരളത്തിലെ ചെറുപട്ടണത്തില്‍ നിന്ന് നമ്പര്‍ തപ്പിയെടുത്ത് അമ്മ വിളിക്കുമ്പോള്‍ കൂടെയില്ല അച്ഛന്‍. അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഓര്‍മ്മയായിരുന്നു അദ്ദേഹം. അതിനു മുന്‍പ് നാല് വര്‍ഷത്തോളം സ്‌ട്രോക്ക് വന്ന് കിടപ്പില്‍. സംസാരശേഷി നഷ്ടപ്പെട്ട ആ നാളുകളിലും കിടക്കരികില്‍ മ്യൂസിക് സിസ്റ്റം തുറന്നുവെച്ച് മകന്റെ ഇഷ്ടഗാനങ്ങള്‍ കേട്ടുകൊണ്ടിരുന്നു അദ്ദേഹം.
'മൂപ്പര് പോയശേഷം ഞാന്‍ ധ്യാനമൊക്കെ നിര്‍ത്തി. ഇനിയിപ്പോള്‍ ജീവിതത്തില്‍ പ്രത്യേകിച്ച് മോഹങ്ങളൊന്നും ഇല്ലല്ലോ.'-അമ്മ പറഞ്ഞു. 'അനായാസേന മരണം. അതേയുള്ളൂ ആഗ്രഹം.'
'രാത്രി ഒറങ്ങാന്‍ പോകുമ്പോള്‍ അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ ചൊല്ലാറില്ല ഇപ്പോ. മോന്റെ ഇഷ്ടഗാനങ്ങള്‍ അങ്ങനെ കേട്ടുകൊണ്ടിരിക്കും. അതുമതി എല്ലാ പേടിയും അകറ്റാന്‍. അവന്‍ തൊട്ടടുത്ത് എന്നെയും കെട്ടിപ്പിടിച്ചു ഉറങ്ങിക്കിടക്കുന്ന പോലെ തോന്നും. പിന്നെന്താ പേടിക്കാന്‍....' അമ്മയുടെ ശബ്ദം ഇടറിയോ?
(മാതൃഭൂമി ഡോട് കോമിലെ 'കാതോരം' എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Heart touching story of a father and son on father's day