16.5 കിലോഗ്രാം സ്വർണ്ണത്തിൽ ഭീമൻ ജുംക; രണ്ടു ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി ജോയ് ആലുക്കാസ്

ജോയ്ആലുക്കാസ് നിർമ്മിച്ച ഭീമൻ സ്വർണ്ണ ജുംകകൾ രണ്ടു ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും ഭാരമേറിയതും ഏറ്റവും വലുതുമായ സ്വർണ്ണക്കമ്മലുകൾ എന്ന അപൂർവ ബഹുമതിയാണ് ഈ കമ്മലുകൾ നേടിയിരിക്കുന്നത്.ആകെ 16.514 കിലോഗ്രാം ഭാരമുള്ള ഈ 22 കാരറ്റ് സ്വർണ്ണക്കമ്മലുകൾക്ക് 'മയൂര സഹസ്ര' എന്നാണ് പേരിട്ടിരിക്കുന്നത്. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലെ 'ജുവൽ ഓഫ് ജോയ്' ഷോറൂമിൽ നടന്ന ചടങ്ങിൽ യു.എ.ഇ സാമ്പത്തിക-സഞ്ചാര കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയാണ് ഈ വിസ്മയ നിർമ്മിതി ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്.
ഭാരത്തിലും വലുപ്പത്തിലും ഒരുപോലെ അത്ഭുതം സൃഷ്ടിക്കുന്ന ഈ കമ്മലുകൾക്ക് 1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുണ്ട്. പരമ്പരാഗത ദക്ഷിണേഷ്യൻ വിവാഹ സങ്കൽപ്പങ്ങളിലെ പ്രധാന ആകർഷണമായ മണിമോഡൽ കമ്മലുകളുടെ രൂപത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ ഭംഗിയുടെയും പ്രൗഢിയുടെയും പ്രതീകമായ മയിലിന്റെ ഡിസൈനുകളാണ് ആഭരണത്തിൽ ഉടനീളം കൊത്തിവെച്ചിരിക്കുന്നത്.
ആശയരൂപീകരണത്തിന് ശേഷം 55 ആഭരണനിർമാണ വിദഗ്ദ്ധർ ഒത്തുചേർന്ന് മാസങ്ങളോളം എടുത്താണ് ഈ അപൂർവ കമ്മൽ തയാറാക്കിയത്. ഏകദേശം 5,840 മണിക്കൂറുകളുടെ കഠിനാധ്വാനം ഇതിനു പിന്നിലുണ്ട്. ഒക്ടോബർ 12-ന് തന്നെ ഗിന്നസ് ലോക റെക്കോർഡ് അധികൃതർ ഇത് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിരുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തങ്ങളുടെ പ്രയാണത്തിന് സാക്ഷ്യം വഹിച്ച ദുബായ് നഗരത്തോടുള്ള ആദരവാണ് ഈ സംരംഭമെന്ന് ജോയ്ആലുക്കാസ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സ്വർണ്ണനഗരമായ ദുബായ്ക്കൊപ്പം ജോയ്ആലുക്കാസും വളരുകയായിരുന്നു. അസാധ്യമെന്ന് തോന്നിയ ഒരു ആശയം സ്വർണ്ണത്തിൽ യാഥാർത്ഥ്യമാക്കിയ ഞങ്ങളുടെ കരകൗശല വിദഗ്ദ്ധർക്കും ഈ നഗരത്തിനുമുള്ള ഞങ്ങളുടെ ഉപഹാരമാണിത്. ഒറ്റ നിർമ്മിതിയിൽ രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ നേടാനായത് ഞങ്ങളുടെ കുടുംബത്തിനും 13 രാജ്യങ്ങളിലെ ജീവനക്കാർക്കും ദശകങ്ങളായി ഞങ്ങളെ വിശ്വസിക്കുന്ന ഉപഭോക്താക്കൾക്കും ഒരുപോലെ അഭിമാന നിമിഷമാണ്,' ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
സ്വർണ്ണത്തിന്റെ നഗരമായ ദുബായിയുടെ പ്രശസ്തിക്ക് മാറ്റുകൂട്ടുന്ന രീതിയിലാണ് ഈ പദ്ധതിയെന്ന് ജോയ്ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസും കൂട്ടിച്ചേർത്തു. റെക്കോർഡുകൾ ഭേദിച്ച ഈ ഭീമൻ ജുംക കാണാൻ ആഗ്രഹിക്കുന്നവർക്കായി ഇത് ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലുള്ള 'ജുവൽ ഓഫ് ജോയ് ബൈ ജോയ്ആലുക്കാസ്' ഷോറൂമിൽ സ്ഥിരമായി പ്രദർശനത്തിന് വെച്ചിട്ടുണ്ട്. പ്രവാസി മലയാളി കൂട്ടായ്മകൾക്കും വിനോദസഞ്ചാരികൾക്കും ഇത് നേരിട്ടുകാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
Content Highlights: Golden Jumka by Joy Alukkas achieves two Guinness records for being the heaviest and largest gold earrings, weighing 16.514 kilograms.