ഒരു വാച്ചിന് വില 16.64 കോടി രൂപ; തള്ളാണോയെന്ന് സോഷ്യല്‍മീഡിയ, യാഥാർഥ്യം ഇതാണ്

ലേലത്തിന് പോയ വാച്ച് | ഫോട്ടോ: https://x.com/titanicillusion/status
ലേലത്തിന് പോയ വാച്ച് | ഫോട്ടോ: https://x.com/titanicillusion/status

ഒരു വാച്ചിന്റെ വില 16.64 കോടി രൂപയെന്ന് കേള്‍ക്കുമ്പോൾ എന്തൊരു തള്ളാണ് ഭായ് എന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ ആ ചിന്തയങ്ങ് മാറ്റിവെച്ചോളൂ. അവിശ്വസനീയം എന്ന് തോന്നിക്കുന്ന ചിലതും ഈ ലോകത്ത് സംഭവിക്കുന്നുണ്ട്. അത്തരമൊരു സംഭവത്തെകുറിച്ചാണ് പറയുന്നത്. ഒരു വാച്ചിന്റെ ലേലത്തെ കുറിച്ച്.

ഒരു വാച്ചിന് എത്ര വില വരുമായിരിക്കും? അമേരിക്കയില്‍ കഴിഞ്ഞ ദിവസം ഒരു വാച്ച് ലേലത്തിന് പോയത് 16.64 കോടി രൂപയ്ക്കാണ്. അതായത് 1.97 മില്ല്യണ്‍ ഡോളറിന്. ഇന്നത്തെ കൃത്യമായ കണക്ക് പറഞ്ഞാല്‍ 16,62,60,218.50 ഇന്ത്യന്‍ രൂപ. എന്താണ് ഈ വാച്ചിന് ഇത്ര വലിയ വിലയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അതിനു പിന്നിലൊരു കഥയുണ്ട്.

അനശ്വരപ്രണയത്തിന്റെയും മഹാദുരന്തത്തിന്റേയും പ്രതീകമായ ടൈറ്റാനിക് കപ്പലില്‍നിന്ന് 700 യാത്രക്കാരെ രക്ഷിച്ച ക്യാപ്റ്റന് രക്ഷപ്പെട്ടവര്‍ നല്‍കിയ 18 കാരറ്റിന്റെ സ്വര്‍ണനിർമിതമായ പോക്കറ്റ് വാച്ചാണ് ലേലത്തില്‍ പോയത്. 1912-ലെ ദുരന്തത്തില്‍നിന്ന് ക്യാപ്റ്റന്‍ ആര്‍തര്‍ റോസ്റ്റണ്‍ രക്ഷപ്പെടുത്തിയ ജോണ്‍ ബി. തായെര്‍, ജോണ്‍ ജേക്കബ് ആസ്തര്‍, ജോര്‍ജ് ഡി. സൈഡനര്‍ എന്നിവര്‍ അദ്ദേഹത്തിന് സമ്മാനിച്ച 18 ക്യാരറ്റ് ടിഫനി ആന്‍ഡ് കമ്പനി വാച്ചിനാണ് ഇത്രയും വലിയ തുക ലഭിച്ചത്. ടൈറ്റാനിക് സ്മാരകങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 

ആര്‍.എം.എസ്. കാര്‍ പാത്തിയ എന്ന മറ്റൊരു കപ്പലിലെ ക്യാപ്റ്റനായിരുന്നു ആര്‍തര്‍ റോസ്റ്റണ്‍. 112 വര്‍ഷം മുന്‍പ് കന്നി യാത്രയില്‍ മഞ്ഞുമലയിലിടിച്ച ടൈറ്റാനിക്കില്‍നിന്ന് അവസാനസന്ദേശം ലഭിച്ചയുടന്‍ റോസ്റ്റണ്‍ തന്റെ കപ്പലായ ആര്‍.എം.എസ്. കാര്‍ പാത്തിയ വഴിതിരിച്ചുവിട്ടു. അപകടം നടന്ന് രണ്ടു മണിക്കൂറിനകം സ്ഥലത്തെത്തിയ കാര്‍പാത്തിയ 700 പേരെയാണ് രക്ഷിച്ചത്. 1500-ലേറെ പേര്‍ക്കാണ് അപകടത്തിൽ ജീവന്‍ നഷ്ടപ്പെട്ടത്. ജീവന്‍ തിരിച്ചുകിട്ടിയ മൂന്ന് പേര്‍ ചേര്‍ന്നാണ് ക്യാപ്റ്റന് സമ്മാനം നല്‍കിയത്. 

ജോണ്‍ ജേക്കബ് ആസ്തറിന്റെ ഭര്‍ത്താവിന്റെ മൃതശരീരത്തില്‍നിന്ന് ലഭിച്ച മറ്റൊരു വാച്ച് ഏപ്രിലില്‍ ലേലത്തില്‍ പോയത് ഏകദേശം 12.5 കോടി രൂപയ്ക്കാണ്. അന്ന് ടൈറ്റാനിക്ക് കപ്പലില്‍  യാത്രചെയ്തവരില്‍ ഏറ്റവും ധനികരില്‍ ഒരാളായിരുന്നു ക്യാപ്റ്റന് വാച്ച് സമ്മാനിച്ച ജോണ്‍ ജേക്കബ് ആസ്തറിന്റെ ഭര്‍ത്താവായ ജോണ്‍ ജേക്കബ് നാല്. ആസ്തറിന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഭര്‍ത്താവ് ജോണ്‍ ജേക്കബ് മരണപ്പെടുകയായിരുന്നു.  

അമേരിക്കയിലെ ഒരു സ്വകാര്യ ആന്റിക് വ്യാപാരിയാണ് വാച്ച് ലേലത്തില്‍ വാങ്ങിയതെന്ന് വാച്ച് ലേലം ചെയ്ത ആന്‍ഡ്ര്യു ആല്‍ഡ്രിഡ്ജ് വ്യക്തമാക്കി.

Content Highlights: Gold watch gifted to Titanic hero who saved 700 lives sells for record 16.64 crore