സ്വന്തം അമ്മയോടുപോലും വെളിപ്പെടുത്താതിരുന്ന ആഗ്രഹം, സാക്ഷാത്കരിച്ചത് അറുപതാം വയസ്സിൽ

#മനീഷാ പ്രശാന്ത്
ശാസ്തമംഗലം കലാകൈരളി നൃത്തവിദ്യാലയത്തിൽ വിദ്യാരാജിനു കീഴിൽ നൃത്തം അഭ്യസിക്കുന്ന ശോഭാ ജയൻ, എസ്‌.സ്മിത, എസ്‌.ശ്രീലത, സുകന്യ, ചൈനീസ്‌ വനിത യാങ്‌ഫാങ്‌ എന്നിവർ മറ്റു കുട്ടികൾക്കൊപ്പം
ശാസ്തമംഗലം കലാകൈരളി നൃത്തവിദ്യാലയത്തിൽ വിദ്യാരാജിനു കീഴിൽ നൃത്തം അഭ്യസിക്കുന്ന ശോഭാ ജയൻ, എസ്‌.സ്മിത, എസ്‌.ശ്രീലത, സുകന്യ, ചൈനീസ്‌ വനിത യാങ്‌ഫാങ്‌ എന്നിവർ മറ്റു കുട്ടികൾക്കൊപ്പം

തിരുവനന്തപുരം: ഭരതനാട്യം അഭ്യസിക്കണമെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹം വഞ്ചിയൂർ സ്വദേശിനി എസ്.സ്മിത സാക്ഷാത്കരിച്ചത് തന്റെ അറുപതാം വയസ്സിലാണ്. പൊതുമരാമത്ത് വകുപ്പിൽ എക്സിക്യുട്ടീവ് എൻജിനീയർ പദവിയിൽനിന്നു വിരമിച്ചശേഷം സ്മിത എടുത്ത ദൃഢപ്രതിജ്ഞ തന്റെ ജീവിതകാലം മുഴുവൻ കൊണ്ടുനടന്ന സ്വപ്നം യാഥാർഥ്യമാക്കുക എന്നതായിരുന്നു. പ്രായമോ ശാരീരികാസ്വാസ്ഥ്യങ്ങളോ തടസ്സമായില്ല. ശാസ്തമംഗലത്തെ കലാകൈരളി നൃത്തവിദ്യാലയത്തിൽ ചേർന്നു. മാസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷം കഴിഞ്ഞയാഴ്ച ആറ്റുകാൽ ക്ഷേത്രനടയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റവും നടത്തി.

ആഗ്രഹങ്ങൾ തീവ്രമാണെങ്കിൽ ഏതുപ്രായത്തിലും അതു സാധ്യമാക്കാമെന്നു നമുക്ക് കാട്ടിത്തരുന്നവരിൽ ഇന്ന് സ്മിത ഒറ്റയ്ക്കല്ല. ശോഭാ ജയൻ(51), സുകന്യ(45), സിന്ധു(51) തുടങ്ങിയവരൊക്കെ സ്മിതയ്ക്കൊപ്പം നൃത്തം പരിശീലിക്കുന്നവരാണ്.

“ആടയാഭരണങ്ങളോടെ അരങ്ങിൽ നിറഞ്ഞാടുന്ന നർത്തകരിൽ കണ്ണുടക്കി സ്വയം മറക്കുമായിരുന്നു കുട്ടിക്കാലത്ത്. നർത്തകിമാരുടെ മുഖങ്ങളിൽ മിന്നിമറയുന്ന ഭാവങ്ങളും മെയ്‌വഴക്കവും അദ്‌ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ആഗ്രഹം കഠിനമായിരുന്നിട്ടും അതു വീട്ടുകാരോടു പറയാൻ ധൈര്യമുണ്ടായിരുന്നില്ല.

സ്വന്തം അമ്മയോടുപോലും വെളിപ്പെടുത്താതിരുന്ന ആ ആഗ്രഹം പക്ഷേ, ഉപേക്ഷിക്കാനും മനസ്സുവന്നില്ല. അങ്ങനെയാണ് ജീവിതത്തിരക്കുകൾ അകന്നപ്പോൾ, കൂടപ്പിറപ്പായ സ്വപ്നം സാധ്യമാക്കാൻ പുറപ്പെട്ടത്- സ്മിതയുടെ വാക്കുകളിൽ ആത്മവിശ്വാസം.

പ്ലസ്ടു അധ്യാപികയായ ശ്രീകലയും നൃത്തപഠനമെന്ന സ്വപ്നം ഉള്ളിലൊളിപ്പിച്ചതായിരുന്നു. “അധ്യാപകരായിരുന്ന അച്ഛനമ്മമാർ പഠനത്തിൽ ശ്രദ്ധിക്കാൻ നിർബന്ധിച്ചു. സ്കൂളിലെ പരിപാടികൾക്ക്‌ അവരറിയാതെ പങ്കെടുത്തു. ഓരോതവണയും അടികിട്ടി. പിന്നെ കുടുംബവും ജോലിയുമൊക്കെയായി തിരക്കിലായി. ഇപ്പോൾ കൂട്ടുകാരുടെ നിർബന്ധത്തിലാണ്‌ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയത്‌”- നൃത്തത്തിനൊപ്പം ശ്രീകല വീണയും പഠിക്കുന്നു.

കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിൽ അധ്യാപികയായിരുന്ന ഗായത്രി വിജയലക്ഷ്മി 63-ാം വയസ്സിലും വേദികളിൽ തിരക്കിലാണ്. പാൽക്കുളങ്ങര മിഥിലാലയ ഡാൻസ് അക്കാദമിയിൽ വി.മൈഥിലിയുടെ കീഴിൽ ഇപ്പോഴും പഠനം തുടരുന്നു. ഉത്തരവാദിത്വങ്ങളും തിരക്കും ഒഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങിയതാണ് നൃത്തം. ''ആഗ്രഹങ്ങൾ മറന്നതായി നടിച്ചുകഴിഞ്ഞ സ്ത്രീകൾക്കു സ്വന്തം സന്തോഷത്തിനുള്ള ഇടമാണ് നൃത്തം നൽകുന്നത്''- ഗായത്രി വിശദീകരിക്കുന്നു.

ഒന്നിലധികം കലകൾ അഭ്യസിക്കുന്നവരും മക്കൾക്കു കൂട്ടിനെത്തി പഠനം തുടങ്ങിയവരുമുണ്ട്. നൃത്തവിദ്യാലയങ്ങളിലെത്തി ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുഡിയും അഭ്യസിക്കുന്നവർ ക്ഷേത്രോത്സവങ്ങളിലും കുടുംബശ്രീയിലുമൊക്കെ അത്‌ അവതരിപ്പിക്കുന്നു. കലകളിൽ ശോഭിക്കാൻ സ്ത്രീകൾക്കു പ്രായം ഘടകമേ അല്ലെന്നു തെളിയിക്കുന്നു ഇവർ.

Content Highlights: former executive engineer performing Bharatanatyam