ദൈവശുശ്രൂഷയ്ക്ക് കാർമികരാകാൻ ഈ വനിതകൾ; സിഎസ്‌ഐ മലബാർ മഹാ ഇടവകയിൽ ആദ്യമായി വനിതകൾക്ക് വൈദികപട്ടം

സുൽത്താൻബത്തേരി: സി.എസ്.ഐ. മലബാർ മഹാ ഇടവകയുടെ ചരിത്രനിമിഷങ്ങളായിരുന്നു അത്. ഇടവകയിൽ ആദ്യമായി ദൈവശുശ്രൂഷയ്ക്ക് നേതൃത്വം നൽകാനുള്ള അർഹത നേടുന്ന വൈദികപട്ടം(പ്രസ്ബിറ്റർ ഓർഡിനേഷൻ) ആദ്യമായി രണ്ട് വനിതകൾക്ക് നൽകി. തിരുവനന്തപുരം കണ്ണമൂല ഐക്യ വൈദിക സെമിനാരിയിൽ അധ്യാപികയായ സജു മേരി എബ്രഹാം, കോഴിക്കോട് സി.എസ്.ഐ. ഇംഗ്ലീഷ് പള്ളിയിൽ സഹവികാരിയായി പ്രവർത്തിക്കുന്ന നിംഷി ഡേവിഡ് എന്നിവരാണ് ചരിത്രത്തിലേക്കും ഒപ്പം സുവിശേഷവേലയിലേക്കും ചുവടുവെച്ചത്. ഇരുവർക്കുമൊപ്പം കണ്ണൂർ മാടായി സി.എസ്.ഐ.യിലെ ഡീക്കൻ വിപിൻ ജോസഫും വൈദികപട്ടം സ്വീകരിച്ചു. സുൽത്താൻബത്തേരി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ ചടങ്ങുകൾക്ക് മലബാർ മഹാ ഇടവക ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടർ മുഖ്യകാർമികത്വം വഹിച്ചു.
വിശ്വാസിസമൂഹത്തെ നയിക്കുന്നയാൾ എന്നനിലയ്ക്ക് വനിതകളാണെങ്കിലും ഇരുവരും 'അച്ചൻ' എന്നുതന്നെയാണ് വിളിക്കപ്പെടുക. കേരളത്തിലെ ആറ് രൂപതകളിൽ തെക്കൻ കേരളം മേഖലയായ രൂപതയിൽ നേരത്തേ വനിതാ പ്രസ്ബിറ്റർ ഉണ്ടായിട്ടുണ്ട്. നിലവിൽ ആരുമില്ലാതിരുന്നിടത്തേക്കാണ് വിശ്വാസത്തിന്റെ കരുത്തിൽ ഈ വനിതകൾ പട്ടം സ്വീകരിച്ചത്.
പത്തനംതിട്ട റാന്നി സ്വദേശിയായ സജു മേരി എബ്രഹാം, പി.ടി. എബ്രഹാം-സാറാമ്മ എബ്രഹാം ദമ്പതിമാരുടെ മകളാണ്. എം.എസ്സി. ഫിസിക്‌സ് യോഗ്യതയുള്ള സജു മേരി, ബൈബിൾ പുതിയനിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1997-ൽ പഠിപ്പുകഴിഞ്ഞപ്പോഴാണ് സുവിശേഷവേലയിലേക്ക് തിരിയുന്നത്. കഴിഞ്ഞവർഷമാണ് സഭയിലേക്ക് വരുന്നത്. നിലവിൽ അധ്യാപികയായി ജോലിചെയ്യുന്നിടത്ത് നിശ്ചിത കാലാവധിവരെ തുടരണം. അതിനുശേഷം രൂപതയുടെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്ന് സജു മേരി എബ്രഹാം പറഞ്ഞു.
വയനാട് നെടുങ്കരണ സ്വദേശിനിയായ നിംഷി ഡേവിഡ് മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബി.എം. ഫിലോസഫി ബിരുദംനേടി. ചെന്നൈ ഗുരുകുൽ സെമിനാരിയിലായിരുന്നു തുടർപഠനം. ഡേവിഡ് സ്റ്റീഫന്റെയും അന്നക്കലയുടെയും മകളാണ്.
മഹാ ഇടവകയിലെ സെക്രട്ടറി കെന്നറ്റ് ലാസർ, ട്രഷറർ സി.കെ. ഷൈൻ, ക്ലർജി സെക്രട്ടറി ജേക്കബ് ഡാനിയൽ, സാം പ്രകാശ്, സഭാസെക്രട്ടറി എൻ.എ. ബില്ലിഗ്രഹാം, ഗ്ലാഡ്സൺ, ആഷ്ലി ഗോഡ് ഫ്രീ, പോൾസൺ കുപ്പാടി, നിവിൻ തോമസ്, വിൽസൺ മംഗലത്ത്, വിനോദ് തറയിൽ തുടങ്ങിയവർ സംസാരിച്ചു.
സമത്വം സഭയുടെ ഭരണഘടനയിലുണ്ട്
സി.എസ്.ഐ. സഭയുടെ ഭരണഘടനതന്നെ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമത്വം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാൽ, വൈദികപട്ടം സ്വീകരിക്കാനുള്ള തീരുമാനമെടുത്തപ്പോൾത്തന്നെ അത് വിശ്വാസത്തിനനുസരിച്ചുതന്നെയായിരുന്നു. നമ്മുടെ സാംസ്‌കാരികമായ കടമ്പകളാൽ വനിതകൾ മുന്നോട്ടുവരാതിരുന്നതിനാലും രൂപതയിൽ വനിതാവൈദികരില്ലാത്തതിനാലും അതങ്ങനെ തുടരുകയായിരുന്നു. വിശ്വാസത്തിന്റെ കരുത്തിലാണ് പതിവുരീതികളെ മറികടന്നത്.
-സജു മേരി എബ്രഹാം
ചെറുപ്പത്തിലേ കണ്ട സ്വപ്നം
ചെറുപ്പത്തിലേയുണ്ടായിരുന്ന സ്വപ്നം ദൈവംതന്നെ സാധിച്ചുതന്നതിൽ സന്തോഷം. ചെറുപ്പംമുതൽ എന്റെയും പിതാവിന്റെയും ആഗ്രഹവും അമ്മയുടെ പ്രാർഥനയുമാണ് ഈ മേഖലയിലേക്കെത്തിച്ചത്. വളരെ സന്തോഷവും അഭിമാനവുമുണ്ട്.
-നിംഷി ഡേവിഡ്
Content Highlights: CSI Malabar Diocese ordains its first two women priests., Saju Mary Abraham and Nimshi David are the newly ordained presbyters., The ceremony took place at St. Thomas CSI Church, Sultan Bathery., Bishop Dr. Royce Manoj Victor led the ordination proceedings