ചെറിയ മുടിയും പാന്റും ഷർട്ടും; ഫാൽഗുനി പഥക്കിന്റെ സ്ഥിരം ലുക്കിന് പിന്നിലെ കാരണം ഇതാണ്

ദാണ്ഡിയ ക്വീൻ ഫാൽഗുനി പഥകിനെ ഓർക്കുമ്പോൾ മനസിൽ ആദ്യം ഓടിയെത്തുന്നത് അവരുടെ വ്യത്യസ്തമായ വസ്ത്രധാരണ രീതിയും മുടിയുമാണ്. എപ്പോഴും വെട്ടിയൊതുക്കിയ ചെറിയ മുടിയും പാന്റും ഷർട്ടും മാത്രം ധരിക്കുന്ന ഫാൽഗുനി, വേദിയിലും ജീവിതത്തിലും പതിറ്റാണ്ടുകളായി ഈ ശൈലി തന്നെയാണ് തുടരുന്നത്.എന്തുകൊണ്ട് ഈ ശൈലി തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ് ഫാൽഗുനി.
'ഇതൊന്നും ഞാൻ പ്ലാൻ ചെയ്തുണ്ടാക്കിയതല്ല. എനിക്ക് സഹോദരന്മാരില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ സഹോദരിമാർ എന്നെ എപ്പോഴും ചെറിയ മുടിയുള്ള കുട്ടിയായി നിലനിർത്താൻ ശ്രദ്ധിച്ചു. ഞാൻ എപ്പോഴും ഷർട്ടും പാന്റും മാത്രമാണ് ധരിച്ചിരുന്നത്. ഒരിക്കൽ ഞാൻ ഒരു സൽവാർ കമ്മീസ് ധരിക്കാൻ ശ്രമിച്ചു നോക്കി. എന്നാൽ അത് കണ്ട എന്റെ അയൽക്കാർ പറഞ്ഞു, 'നിനക്ക് സൽവാർ കമ്മീസ് തീരെ ചേരുന്നില്ല' എന്ന്. അതിനുശേഷം ഞാൻ പിന്നീട് ഒരിക്കലും അത് ധരിച്ചിട്ടില്ല,' ഫാൽഗുനി ഓർത്തെടുത്തു.
കുട്ടിക്കാലത്തെ അനുഭവങ്ങളും ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളും ഒരു വ്യക്തിയുടെ വളർച്ചയെയും സ്വത്വത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഫാൽഗുനിയുടെ തുറന്നുപറച്ചിൽ വഴിതുറന്നത്. ശാന്തനായ കുട്ടി എപ്പോഴും ഒതുങ്ങിക്കൂടി ജീവിക്കണം, ഉത്തരവാദിത്തമുള്ള മകൾ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യണം,ശക്തനായ സുഹൃത്ത് ഒരിക്കലും തളർച്ചയോ ബലഹീനതയോ പുറത്തുകാണിക്കരുത് എന്ന രീതിയിലാണ് പലപ്പോഴും കണ്ടീഷൻ ചെയ്യപ്പെടാറുള്ളത്. ഇത്തരം സാമൂഹിക ലേബലുകൾ പലപ്പോഴും വ്യക്തിയുടെ വളർച്ചയ്ക്ക് വലിയൊരു തടസ്സമായി മാറാറുണ്ട്.
മറ്റുള്ളവർ ഒരു വ്യക്തിയെ അയാളുടെ പ്രതിച്ഛായയിലൂടെ മാത്രം വിലയിരുത്തുന്നു എന്നതുകൊണ്ട്, പഴയ സ്വത്വത്തോട് മാത്രം വിശ്വസ്തത പുലർത്തേണ്ടതില്ലെന്ന് മാനസികാരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. നമ്മുടെ അനുഭവങ്ങൾ, ബന്ധങ്ങൾ, മുൻഗണനകൾ എന്നിവ മാറുന്നതിനനുസരിച്ച് നമ്മുടെ വ്യക്തിത്വവും വികസിക്കുന്നുണ്ട്. എന്നാൽ നമ്മുടെ മാറ്റങ്ങളെക്കാൾ, ആ മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള മറ്റുള്ളവരുടെ വിമുഖതയാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ഫാൽഗുനി പഥക് പിന്തുടർന്ന ശൈലി അവർക്ക് യഥാർത്ഥത്തിൽ ഇഷ്ടപ്പെട്ട ഒന്നായിരിക്കാം. സ്വന്തം ശൈലിയിൽ തന്നെ സ്ഥിരത പുലർത്തുക എന്നതും മാറ്റങ്ങൾ വരുത്തുന്നതുപോലെ തന്നെ ആധികാരികമാണ്. എന്നാൽ സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ പ്രേക്ഷകരുടെയോ പ്രതീക്ഷകൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം ഒരു ലുക്കിലോ, പെരുമാറ്റത്തിലോ
തുടരരുത്. ബന്ധങ്ങളെ ബഹുമാനിക്കുക എന്നതിനർത്ഥം സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കുക എന്നതല്ല. ഒരു വ്യക്തിയെ ശരിയായ രീതിയിൽ അംഗീകരിക്കുക എന്നാൽ അവരുടെ പഴയ രൂപത്തെയോ സ്വഭാവത്തെയോ മാത്രം സ്നേഹിക്കലല്ല. മറിച്ച്, അവർ തങ്ങളുടെ ജീവിതത്തിൽ പുതിയ തലങ്ങൾ കണ്ടെത്തുമ്പോൾ അതിനെ കൗതുകത്തോടെ നോക്കിക്കാണാൻ സാധിക്കലാണ്. നമ്മുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ജീവിക്കുന്നില്ല എന്നതിന്റെ പേരിൽ മറ്റുള്ളവരിൽ കുറ്റബോധം സൃഷ്ടിക്കാതെ, അവർക്ക് വളരാനുള്ള സ്വാതന്ത്ര്യം നൽകുക എന്നതാണ് പ്രധാനം.
Content Highlights: Falguni Pathak discusses her unique style choices and how childhood experiences shaped her personal and professional identity over the decades.