കടക്കെണിയിലായിട്ടും 15 വര്‍ഷത്തെ പതിവ് തെറ്റിച്ചില്ല; കാസര്‍കോട്ടുകാരന്റെ കണ്ണീരൊപ്പിയ 8.3 കോടി രൂപ

വേണുഗോപാല്‍ മുല്ലച്ചേരി കുടുംബത്തോടൊപ്പം | Photo: Special Arrangement
വേണുഗോപാല്‍ മുല്ലച്ചേരി കുടുംബത്തോടൊപ്പം | Photo: Special Arrangement

ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴായിരിക്കും ദൈവത്തെപ്പോലെ ചിലര്‍ നമ്മുടെ മുന്നിലെത്തുക. കാസര്‍കോടുകാരനായ വേണുഗോപാല്‍ മുല്ലച്ചേരിയുടെ മുന്നില്‍ ഇതുപോലെ പ്രത്യക്ഷപ്പെട്ടത് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പാണ്. കടക്കെണിയില്‍പെട്ട് ജീവിതം വഴിമുട്ടിയപ്പോഴാണ് ഒരു മില്ല്യണ്‍ ഡോളര്‍ (8.3 കോടി രൂപ) വേണുഗോപാലിന്റെ അക്കൗണ്ടിലെത്തിയത്. അതും നറുക്കെടുപ്പിലെ അഞ്ഞൂറാമത്തെ കോടിപതിയായി. 

ഏപ്രില്‍ 23-ന് കാസര്‍കോട് വന്ന് തിരിച്ചുപോകുമ്പോള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 അറൈവല്‍സ് ഷോപ്പില്‍ നിന്നാണ് വേണുഗോപാല്‍ 1163 എന്ന നമ്പറുള്ള ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. അന്ന് കുടുംബവും കൂടെയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നറുക്കെടുപ്പ് കാണുന്നതിനിടെ തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് ഐടി സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന വേണുഗോപാല്‍ പറയുന്നു. 

'എന്റെ തോളില്‍നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയാണ് തോന്നിയത്. എന്റെ പേര് വിളിച്ചപ്പോള്‍ ആകെ സ്റ്റക്ക് ആയിപ്പോയി. ഒന്ന് പ്രതികരിക്കാന്‍പോലും കഴിഞ്ഞില്ല.'-വേണുഗോപാല്‍ പറയുന്നു. പ്രയാസകരമായ ഒരു അധ്യായത്തിന്റെ അവസാനവും പ്രതീക്ഷയും സന്തോഷവും നിറഞ്ഞ പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008 മുതല്‍ യുഎഇയില്‍ ഐടി സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ് വേണുഗോപാല്‍. അജ്മാനിലാണ് താമസിക്കുന്നത്. 17 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന വേണുഗോപാലിന്റെ മകള്‍ മംഗലാപുരത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. 12 വയസുള്ള ഒരു മകനുമുണ്ട്. 

നാട്ടില്‍ വീട് പണിതതും ഒരാള്‍ വിശ്വാസവഞ്ചന കാണിച്ചതുമാണ് വേണുഗോപാലിനെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടത്. യുഎഇയില്‍നിന്ന് കാസര്‍കോട്ടേക്ക് വരുമ്പോഴെല്ലാം വേണുഗോപാല്‍ ടിക്കറ്റ് വാങ്ങാറുണ്ട്. 15 വര്‍ഷമായുള്ള പതിവാണത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.  1999-ല്‍ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്ല്യണ്‍ ഡോളര്‍ നേടുന്ന 249-ാമത്തെ ഇന്ത്യക്കാരനാണ് വേണുഗോപാല്‍. 

പണം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാനായി കുറച്ച് മാസം ജോലിയില്‍നിന്ന് അവധിയെടുക്കുകയാണെന്നും യുഎഇയില്‍ സ്വന്തം സംരഭം തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും വേണുഗോപാല്‍ പറയുന്നു. യുഎഇ എന്റെ ഹൃദയത്തോട് അടുത്തതാണെന്നും മറ്റൊരു സ്ഥലത്ത് താമസിക്കുന്നത് ആലോചിക്കാന്‍പോലും പറ്റില്ലെന്നും അദ്ദേഹം പറയുന്നു. കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹമുണ്ടെന്നും വേണുഗോപാല്‍ ചിരിയോടെ പറയുന്നു. 


 

Content Highlights: dubai duty free lottery winner venugopal mullacheri says jackpot is a lifesaver after betrayal