കോക്പിറ്റ് 'കിടപ്പറ'യാക്കി; സൈനിക ഹെലികോപ്റ്ററിന്റെ അസാധാരണ ഇളക്കത്തിന് ഉത്തരമായി, രഹസ്യ രേഖ പുറത്ത്

ലോകത്തിലെ പല സൈനിക വിഭാഗങ്ങളുടെയും ഭാഗമായ 'പുലിക്കുട്ടി'യാണ് അപ്പാച്ചെ എ.എച്ച്-64 ഹെലികോപ്റ്ററുകൾ. അതുകൊണ്ടുതന്നെ ഇവ നിരന്തരം വാര്‍ത്തയില്‍ ഇടംപിടിക്കുകയും ചെയ്യുന്നു. സൈനിക വിഭാഗങ്ങളെല്ലാം പൊന്നുപോലെ പരിപാലിക്കുന്ന ഈ ഹെലികോപ്റ്ററിന്റെ മാനംകെടുത്തുന്ന ഒരു വാര്‍ത്തയാണ് ബ്രിട്ടനില്‍ നിന്ന് വരുന്നത്.
ബ്രിട്ടീഷ് സൈന്യത്തിലെ രണ്ട് ജീവനക്കാര്‍ അപ്പാച്ചയുടെ കോക്പിറ്റിൽവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലൈംഗിക ബന്ധത്തിനിടെ പിടിക്കപ്പെടുകയും ഇരുവർക്കുമെതിരേ കേസെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് സൈനികരായ പരുഷനും സ്ത്രീയ്ക്കുമെതിരേ ആണ് കേസെടുത്തത്. പിടിക്കപ്പെടുമ്പോള്‍ ഇവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പാച്ചെ ഹെലികോപ്റ്ററുകൾ സര്‍വീസിന് ശേഷം അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിടുന്നത് പതിവാണ്. പരിശോധനകള്‍ക്ക് ശേഷം ഹെലികോപ്റ്റര്‍ മഴക്കോട്ടിട്ട് മൂടാന്‍ ജീവനക്കാരന് എത്തിയപ്പോഴാണ് ഹെലികോപ്റ്റര്‍ ഇളകുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നുള്ള പരിശോധനയ്ക്കിടെ കോക്പിറ്റില്‍ അര്‍ധനഗ്നരായ നിലയില്‍ പുരുഷനേയും സ്ത്രീയേയും കണ്ടെത്തുകയായിരുന്നു. പുരുഷന് പട്ടാള വേഷത്തിലും സത്രീ സിവില്‍ വസ്ത്രത്തിലുമായിരുന്നു. ഉടന്‍ തന്നെ ഇവരോട് പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെടുകയും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.
കോക്പിറ്റില്‍ സൈനികര്‍ ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീരിച്ചിട്ടുണ്ട്. ഇവർക്കെതിരേ സൈനിക നടപടിയും ഉണ്ടായി. 2016-ല്‍ നടന്ന സംഭവം ഇതുവരെ അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, ഇത് സൈനിക രേഖയാക്കിയിരുന്നു. ഇത്തരം രേഖകൾ സൂക്ഷിക്കുന്ന കമ്പ്യൂട്ടർ ശൃംഖലയിലുണ്ടായ തകരാർ പരിശോധിക്കുന്നതിനിടെയാണ് പഴയ സംഭവത്തേക്കുറിച്ചുള്ള വിവരം പുറത്തായത്.
1986 മുതല്‍ യു.എസ് ആര്‍മിയുടെ ഭാഗമായി സര്‍വീസ് തുടങ്ങിയ അപ്പാച്ചെ ഹെലികോപ്റ്റര്‍ അറിയപ്പെടുന്നത് ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായാണ്. അതുകൊണ്ടുതന്നെ ലോകത്ത് പല സേനകളുടെയും ഭാഗമാണ് ഈ ഹെലികോപ്റ്റർ. മികച്ച മള്‍ട്ടി റോള്‍ ഹെവി അറ്റാക്ക് ഹെലികോപ്റ്റര്‍ കൂടിയാണ് അപ്പാച്ചെ എ.എച്ച്.64ഇ. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതില്‍ 16 എണ്ണത്തിനെവരെ ഒരേസമയം ആക്രമിക്കാനും ശേഷിയുണ്ട്. പൈലറ്റും കോപൈലറ്റ്/ഗണ്ണറും അടങ്ങിയ രണ്ട് പേരുള്ള ക്രൂവിന് വേണ്ടി വിപുലമായ ഡിജിറ്റല്‍ കണക്റ്റിവിറ്റിയുള്ള കോക്ക്പിറ്റ്, ടാര്ഗെറ്റിനും മികച്ച രാത്രി കാഴ്ചയ്ക്കുമായി സെന്‍സറുകള്‍ തുടങ്ങിയവ സജ്ജമാക്കിയ ഹെലികോപ്റ്റര്‍ ബോയിങ്ങാണ് നിര്‍മിച്ചത്.
Content Highlights: drunk soldiers caught having sex in army helicopter