ചൂണ്ടയിടരുത്, ചീട്ടുകളിക്കരുത്; അച്ഛന്‍ വിലക്കിയ രണ്ടിലും ഒരു പൊതുഘടകമുണ്ടായിരുന്നു

ഒട്ടേറെ കൊലപാതക കേസുകളില്‍ കോടതി മുമ്പാകെ സമര്‍പ്പിച്ച തെളിവുകളിലെ ശാസ്ത്രീയ സാന്നിധ്യമായി തിളങ്ങിയ, പാലക്കാട് ജില്ലാ പോലീസ് സര്‍ജനായി സര്‍വീസില്‍ നിന്നും വിരമിച്ച പ്രശസ്ത ഡോക്ടര്‍ പി.ബി. ഗുജ്റാള്‍ തന്റെ അച്ഛന്‍ പി.കെ. ബാലനെ കുറിച്ചോര്‍ക്കുന്നു. അച്ഛന്‍ എന്ന പദത്തിന്റെ അര്‍ഥവും പൊരുളും വ്യക്തമാവുന്ന കുറിപ്പ്
അച്ഛന്‍ എന്ന വാക്ക് ഓരോ വ്യക്തിക്കും ഉല്‍ഭവം, താങ്ങ്, തണല്‍ എന്ന മൂന്ന് വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. പകുത്തു നല്‍കപ്പെടുന്ന ജീനുകള്‍ക്കും പറക്കമുറ്റുന്നതുവരെ പകര്‍ന്നുനല്‍കുന്ന സ്നേഹത്തിനും, ആവശ്യങ്ങളെല്ലാം നിറവേറ്റി തരുന്ന അക്ഷയപാത്രമെന്ന സ്ഥാനത്തിനുമപ്പുറം ഒരു മാതൃകയാണ്. ഒരിക്കലും കൈവിടില്ലെന്നൊരു ഉറപ്പാണ്. പോയകാലത്ത് വളര്‍ന്ന ഞാനുള്‍പ്പെടെ ഓരോ വ്യക്തിയുടെയും സ്വഭാവവും രീതികളും ജീവിതം തന്നെ നിര്‍ണയിക്കുന്നതില്‍ അച്ഛനുള്ള സ്ഥാനം ഉയര്‍ന്നു നില്‍ക്കുന്നു. ഒരു കുറവും ഇല്ലാത്തൊരാളായിരുന്നു എന്റെ അച്ഛന്‍ എന്നൊന്നും അവകാശപ്പെടുന്നില്ല. പുകവലിയൊഴിച്ചാല്‍ മറ്റു ദുശീലങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നത് ഒരു വലിയ പ്ലസ് പോയിന്റ് തന്നെയാണ്. അച്ഛന്റെ കുറ്റങ്ങളും കുറവുകളും വിശകലനം ചെയ്യുക എന്നത് മകന്റെ ധര്‍മ്മമാണെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഒരു മകനെ രൂപപ്പെടുത്തുന്നതില്‍ അച്ഛന്റെ പങ്ക് എന്തായിരുന്നെന്ന തിരിച്ചറിവിന്റെ അടയാളപ്പെടുത്തലാണിത്. പലപ്പോഴും ഇത് മക്കള്‍ തിരിച്ചറിയുക മധ്യവയസ്സില്‍ എത്തുമ്പോഴായിരിക്കും.
Content Highlights: dr.pb gujral fathers day memoir