നോട്ടിഫിക്കേഷൻ വന്നാൽ ഫോൺ ഉടൻ എടുത്തുനോക്കാറുണ്ടോ? ഈ ശീലത്തിന്റെ കാരണമിതാണ്

ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ എടുത്തുനോക്കണം. പുതിയ മെസേജാണോ, ആരെങ്കിലും വിളിച്ചോ, സാമൂഹികമാധ്യമങ്ങളിൽ എന്തെങ്കിലും സംഭവിച്ചോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷ. ചിലപ്പോൾ പ്രധാനപ്പെട്ട ഒന്നുമുണ്ടാകില്ല. എന്നിട്ടും അടുത്ത നോട്ടിഫിക്കേഷനായി കാത്തിരിക്കും. പഠിക്കുന്നതിനിടയിലും ജോലി ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എന്തിനേറെ, ഉറങ്ങാൻ കിടക്കുമ്പോൾ പോലും ഫോൺ പരിശോധിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഫോണിലെ നോട്ടിഫിക്കേഷൻ അവഗണിക്കാൻ നമുക്ക് ഇത്ര ബുദ്ധിമുട്ട്?
ഇത് വെറും ആത്മനിയന്ത്രണമില്ലായ്മയുടെ പ്രശ്നമല്ലെന്നാണ് മനോരോഗ വിദഗ്ധർ പറയുന്നത്. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ് പല ഡിജിറ്റൽ സംവിധാനങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോണിലെ അറിയിപ്പുകൾ നിരന്തരം പരിശോധിക്കുന്ന ശീലത്തിന് പിന്നിലെ മനഃശാസ്ത്രവും അതിൽനിന്ന് പുറത്തുകടക്കാനുള്ള വഴികളും വിശദീകരിക്കുകയാണ് മാനസികാരോഗ്യ വിദഗ്ധൻ ഡോ. ആസ്തിക് ജോഷി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഫോൺ ശബ്ദിച്ചാൽ അവഗണിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?
ഒരു മെസേജോ പുതിയ നോട്ടിഫിക്കേഷനോ വരുമ്പോൾ ഫോണിലേക്ക് ശ്രദ്ധ തിരിയുന്നത് സ്വാഭാവികമാണ്. എന്നാൽ ഓരോ നോട്ടിഫിക്കേഷനും പരിശോധിക്കണമെന്ന തോന്നൽ ആവർത്തിക്കുമ്പോൾ അത് ഒരു ശീലമായി മാറാം. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ് ഫോണിലെ അറിയിപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡോ. ആസ്തിക് ജോഷി പറയുന്നു. മെസേജുകൾ, ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകൾ, പുതിയ വിവരങ്ങൾ തുടങ്ങിയവ ചിലപ്പോൾ സന്തോഷമോ കൗതുകമോ നൽകും. എന്നാൽ ഓരോ തവണ ഫോൺ പരിശോധിക്കുമ്പോഴും അങ്ങനെ എന്തെങ്കിലും ലഭിക്കണമെന്നില്ല.
എന്താണ് അടുത്തതായി ലഭിക്കുകയെന്ന് മുൻകൂട്ടി അറിയാൻ കഴിയാത്ത ഈ സാഹചര്യം വീണ്ടും വീണ്ടും ഫോൺ പരിശോധിക്കാനുള്ള പ്രവണതയെ ശക്തിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഒരു അറിയിപ്പ് വന്നപ്പോൾ സുഹൃത്തിന്റെ പ്രധാനപ്പെട്ട സന്ദേശമായിരിക്കാം ലഭിക്കുന്നത്. അടുത്ത തവണ അത്ര പ്രാധാന്യമില്ലാത്ത ഒരു അറിയിപ്പായിരിക്കാം. എങ്കിലും അടുത്തതായി എന്തെങ്കിലും രസകരമായ കാര്യമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഫോൺ പരിശോധിക്കുന്നത് തുടരും. ക്രമേണ ഇത് ബോധപൂർവമായ തീരുമാനമല്ലാതെ സ്വയമേവ ചെയ്യുന്ന പ്രവൃത്തിയായി മാറാം.
ബോറടിക്കുമ്പോഴും ഫോൺ എടുക്കുന്നത് എന്തിന്?
ഒന്നും ചെയ്യാനില്ലാത്ത സമയത്തോ അസ്വസ്ഥത അനുഭവപ്പെടുമ്പോഴോ പലരും അറിയാതെ ഫോണിലേക്ക് കൈ നീട്ടാറുണ്ട്. അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും സാമൂഹികമാധ്യമങ്ങൾ തുറന്നുനോക്കുക, മെസേജുകൾ പരിശോധിക്കുക, പുതിയ വിവരങ്ങൾ തിരയുക തുടങ്ങിയ പ്രവൃത്തികൾ ആവർത്തിക്കാം.ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ശീലമായി മാറുന്നതിന് പിന്നിൽ മനഃശാസ്ത്രപരമായ ഘടകങ്ങളുണ്ടെന്ന് വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ച് കൗമാരക്കാരിൽ പ്രതിഫലം പ്രതീക്ഷിക്കുന്നതുമായും ആവേശങ്ങളെ നിയന്ത്രിക്കുന്നതുമായും ശ്രദ്ധ നിലനിർത്തുന്നതുമായും ബന്ധപ്പെട്ട മസ്തിഷ്ക സംവിധാനങ്ങൾ വളർച്ചയുടെ ഘട്ടത്തിലായിരിക്കും. അതിനാൽ ഡിജിറ്റൽ അറിയിപ്പുകളോടുള്ള പ്രതികരണത്തിൽ പ്രായവും ഒരു ഘടകമായേക്കാം.
പഠനത്തെയും ജോലിയെയും ബാധിക്കുമോ?
ഫോണിലെ നിരന്തരമായ അറിയിപ്പുകൾ ഒരു കാര്യത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തടസ്സമാകാമെന്ന് ഡോ. ആസ്തിക് ജോഷി പറയുന്നു. ഉദാഹരണത്തിന്, ഒരു വിദ്യാർഥി പുസ്തകം വായിക്കുന്നതിനിടെ ഫോണിൽ മെസേജ് വരുന്നു. അത് പരിശോധിച്ചശേഷം സാമൂഹികമാധ്യമങ്ങളിലേക്ക് കടക്കുന്നു. കുറച്ചുസമയം അവിടെ ചെലവഴിച്ചശേഷമാണ് വീണ്ടും പഠനത്തിലേക്ക് മടങ്ങുന്നത്.ഇങ്ങനെ പഠനത്തിനും ഫോൺ ഉപയോഗത്തിനുമിടയിൽ ശ്രദ്ധ നിരന്തരം മാറിക്കൊണ്ടിരിക്കും. ജോലി ചെയ്യുന്നവരിലും സമാനമായ സാഹചര്യമുണ്ടാകാം. ജോലി, ഇമെയിൽ, സമൂഹമാധ്യമങ്ങൾ, കുടുംബകാര്യങ്ങൾ എന്നിവയ്ക്കിടയിൽ തുടർച്ചയായി ശ്രദ്ധ മാറുന്നത് ഉൽപാദനക്ഷമത കുറയ്ക്കുകയും മനസിന്റെ ക്ഷീണം കൂട്ടുകയും ചെയ്തേക്കാം. ഒരു കാര്യത്തിൽ മുഴുകിയിരിക്കുമ്പോൾ ഇടയ്ക്കിടെ ഫോൺ പരിശോധിക്കുന്നത് ആ പ്രവർത്തനത്തിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാക്കാനും ഇടയുണ്ട്.
ഉറക്കത്തെയും ബാധിക്കാം
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും ഫോൺ പരിശോധിക്കുന്ന ശീലം പലർക്കുമുണ്ട്. അവസാനമായി ഒരു സന്ദേശം കൂടി നോക്കാമെന്ന ചിന്തയിൽ തുടങ്ങുന്ന ഫോൺ ഉപയോഗം ചിലപ്പോൾ ഏറെനേരം നീണ്ടുപോകും. നിരന്തരമായ അറിയിപ്പുകൾ ദിവസാവസാനം മനസ്സിനെ ശാന്തമാക്കുന്നതിനും വിശ്രമത്തിലേക്ക് കടക്കുന്നതിനും തടസ്സമാകാമെന്ന് വിദഗ്ധൻ പറയുന്നു. ഉറക്കക്കുറവ് പിന്നീട് ശ്രദ്ധക്കുറവ്, അസ്വസ്ഥത, ഉത്കണ്ഠ, വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ക്ഷീണം അനുഭവപ്പെടുമ്പോൾ എളുപ്പത്തിൽ ലഭിക്കുന്ന ഡിജിറ്റൽ വിനോദങ്ങളെ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യവും ഉണ്ടാകാം. ഇതോടെ ഫോൺ ഉപയോഗവും ഉറക്കക്കുറവും പരസ്പരം സ്വാധീനിക്കുന്ന ഒരു ചക്രമായി മാറാൻ സാധ്യതയുണ്ട്.
ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ആറ് വഴികൾ
ഫോൺ ഉപയോഗം പൂർണമായി അവസാനിപ്പിക്കണമെന്നല്ല ഡോ. ആസ്തിക് ജോഷി നിർദേശിക്കുന്നത്. പഠനത്തിനും ജോലിക്കും ആശയവിനിമയത്തിനുമെല്ലാം സ്മാർട്ട്ഫോണുകൾ ആവശ്യമായ കാലമാണിത്. അതിനാൽ ഫോൺ ഉപയോഗത്തിൽ ആരോഗ്യകരമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്. അനാവശ്യ അറിയിപ്പുകൾ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. എല്ലാ ആപ്പുകളിൽനിന്നുമുള്ള അറിയിപ്പുകളും ഒരുപോലെ പ്രധാനപ്പെട്ടതല്ല. അത്യാവശ്യ സന്ദേശങ്ങളും വിളികളും ഒഴികെയുള്ള അറിയിപ്പുകൾ ഓഫ് ചെയ്യുന്നത് ഫോൺ പരിശോധിക്കാനുള്ള പ്രേരണ കുറയ്ക്കാൻ സഹായിക്കും.പഠനത്തിനും ജോലിക്കും ഫോൺ ഒഴിവാക്കുന്ന സമയം നിശ്ചയിക്കണം.
പഠിക്കുമ്പോഴും പ്രധാനപ്പെട്ട ജോലികൾ ചെയ്യുമ്പോഴും നിശ്ചിത സമയത്തേക്ക് ഫോൺ മാറ്റിവയ്ക്കാം. ഇടയ്ക്കിടെയുള്ള തടസ്സങ്ങൾ ഒഴിവാക്കി ശ്രദ്ധ നിലനിർത്താൻ ഇത് സഹായിച്ചേക്കാം.ഭക്ഷണസമയത്തും സംസാരിക്കുമ്പോഴും ഫോൺ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കാം. കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കാം. മറ്റുള്ളവരുമായി സംസാരിക്കുന്ന സമയത്തും ഫോണിന് പകരം സംഭാഷണത്തിന് പ്രാധാന്യം നൽകാം.ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗം കുറയ്ക്കണം. ഉറങ്ങുന്നതിന് 30 മുതൽ 60 മിനിറ്റ് മുമ്പുവരെ ഫോണും മറ്റ് സ്ക്രീനുകളും ഒഴിവാക്കാൻ വിദഗ്ധൻ നിർദേശിക്കുന്നു.
ഉറക്കത്തിനായി മനസ്സിനെ തയ്യാറാക്കാനും രാത്രി വൈകിയുള്ള അനാവശ്യ ഫോൺ ഉപയോഗം കുറയ്ക്കാനും ഇത് സഹായിച്ചേക്കാം. കഴിയുമെങ്കിൽ കിടപ്പുമുറിയിൽ ഫോൺ വയ്ക്കരുത്. ഉറങ്ങുമ്പോൾ ഫോൺ കൈയെത്തുംദൂരത്ത് വയ്ക്കുന്നത് ഇടയ്ക്കിടെ പരിശോധിക്കാനുള്ള സാധ്യത വർധിപ്പിക്കാം. അതിനാൽ സാധ്യമെങ്കിൽ ഫോൺ കിടപ്പുമുറിക്ക് പുറത്തുവയ്ക്കാൻ ശ്രമിക്കാം.എന്തിനാണ് ഫോൺ പരിശോധിക്കുന്നതെന്ന് സ്വയം ചോദിക്കണം. ഫോൺ എടുക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുക. അത്യാവശ്യമായ എന്തെങ്കിലും കാര്യം ചെയ്യാനാണോ ഫോൺ എടുക്കുന്നത്? അതോ ഫോൺ പരിശോധിക്കാതിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതുകൊണ്ടാണോ?ഈ വ്യത്യാസം തിരിച്ചറിയുന്നത് അനാവശ്യ ഫോൺ ഉപയോഗം നിയന്ത്രിക്കാനുള്ള ആദ്യപടിയാകാം.
ഒരു മണിക്കൂർ ഫോൺ മാറ്റിവച്ച് പരീക്ഷിക്കാം
ഫോൺ ഉപയോഗശീലം മനസ്സിലാക്കാൻ ലളിതമായ ഒരു പരീക്ഷണവും ഡോ. ആസ്തിക് ജോഷി നിർദേശിക്കുന്നുണ്ട്.ആദ്യം അത്യാവശ്യമല്ലാത്ത അറിയിപ്പുകൾ ഓഫ് ചെയ്യുക. തുടർന്ന് ഒരു ദിവസം ഒരു മണിക്കൂർ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.ഈ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിലും മാനസികാവസ്ഥയിലും ശാന്തതയിലും എന്തെങ്കിലും മാറ്റമുണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാം.ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നുണ്ടോ എന്നും ഫോൺ പരിശോധിക്കാതിരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ എന്നും മനസ്സിലാക്കാനും ഈ പരീക്ഷണം സഹായിച്ചേക്കാം.
എപ്പോഴാണ് വിദഗ്ധസഹായം തേടേണ്ടത്?
ഫോൺ ഉപയോഗം ഉറക്കം, പഠനം, ജോലി, വ്യക്തിബന്ധങ്ങൾ, മാനസികാവസ്ഥ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് പരിഗണിക്കാമെന്ന് ഡോ. ആസ്തിക് ജോഷി നിർദേശിക്കുന്നു.സാങ്കേതികവിദ്യയെ ജീവിതത്തിൽനിന്ന് പൂർണമായി ഒഴിവാക്കുകയല്ല ലക്ഷ്യം. മറിച്ച് എപ്പോൾ, എത്രസമയം, എന്തിനുവേണ്ടി ഫോൺ ഉപയോഗിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള നിയന്ത്രണം വീണ്ടെടുക്കുകയാണ് പ്രധാനം.
Content Highlights: Unpredictable rewards from notifications trigger the urge to check phones constantly., Constant phone checking reduces productivity, hampers focus, and disturbs sleep quality., Practical tips include turning off non-essential notifications, keeping phones away from the bedroom, and setting aside phone-free times.