ഡ്രസ് ഗിഫ്റ്റായി കിട്ടുന്നതാണ്, പണം കൊടുക്കാറില്ല; അഹാനയുടെ വിവാഹത്തിന് ധരിച്ച വസ്ത്രങ്ങളെക്കുറിച്ച് ദിയ കൃഷ്ണ

diya krishana|photo:instagram.com/_diyakrishna_/
diya krishana|photo:instagram.com/_diyakrishna_/

അഹാന കൃഷ്ണയുടെ വിവാഹത്തിന് ധരിച്ച വസ്ത്രങ്ങളെല്ലാം സൗജന്യമായി ലഭിച്ചതാണെന്നും ഡിസൈനർമാർക്ക് പകരമായി നൽകുന്നത് സോഷ്യൽ മീഡിയ പ്രമോഷനാണെന്നും സഹോദരി ദിയ കൃഷ്ണ. അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾക്കൊപ്പം അഹാനയുടെയും സഹോദരിമാരായ ദിയ കൃഷ്ണ ഉൾപ്പെടെയുള്ളവരുടെയും വസ്ത്രങ്ങളും മേക്കപ്പും ആഭരണങ്ങളുമെല്ലാം ചർച്ചയായി. എന്നാൽ വിവാഹത്തിന് അണിഞ്ഞ വിലപിടിപ്പുള്ള വസ്ത്രങ്ങൾ എങ്ങനെയാണ് സ്വന്തമാക്കുന്നതെന്നും ചടങ്ങുകൾ കഴിഞ്ഞാൽ അവ എന്തുചെയ്യുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ.

യൂട്യൂബ് വ്‌ലോഗിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ദിയ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ഡിസൈനർമാർ തങ്ങൾക്കായി പ്രത്യേകം തയ്യാറാക്കുന്ന വസ്ത്രങ്ങൾക്ക് പണം നൽകാറില്ലെന്നും പകരമായി സോഷ്യൽ മീഡിയയിലൂടെ പ്രമോഷൻ നൽകുകയാണ് ചെയ്യുന്നതെന്നുമാണ് ദിയയുടെ വെളിപ്പെടുത്തൽ. വിവാഹ ലുക്കുകളെക്കുറിച്ചുള്ള താരതമ്യങ്ങൾക്കും വിമർശനങ്ങൾക്കും ദിയ മറുപടി നൽകി.

പണം നൽകാറില്ല, പകരം സോഷ്യൽ മീഡിയ പ്രമോഷൻ

അഹാനയുടെ വിവാഹത്തിന് താൻ ധരിച്ച വസ്ത്രങ്ങൾ പണം കൊടുത്ത് വാങ്ങിയതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്കാണ് ദിയ മറുപടി നൽകിയത്. തങ്ങൾക്കുവേണ്ടി ഡിസൈനർമാർ പ്രത്യേകം തയ്യാറാക്കുന്ന വസ്ത്രങ്ങൾക്ക് പകരമായി സോഷ്യൽ മീഡിയയിൽ അവരെ പ്രമോട്ട് ചെയ്യുകയാണ് പതിവെന്ന് ദിയ വ്യക്തമാക്കി. വസ്ത്രങ്ങളുടെ ഡിസൈനും തിരഞ്ഞെടുപ്പുമെല്ലാം തങ്ങൾ തന്നെയാണ് തീരുമാനിക്കുന്നത്. എന്നാൽ അതിനുള്ള പണം നൽകുന്നതിനുപകരം സ്വന്തം സോഷ്യൽ മീഡിയ പേജുകളിലൂടെ ഡിസൈനർമാർക്ക് പ്രചാരണം നൽകുന്നു. വസ്ത്രങ്ങൾ ഉപയോഗിച്ചശേഷം വീട്ടിൽ സൂക്ഷിക്കണമെങ്കിൽ അതിനും സാധിക്കും. ഡിസൈനർമാർ സാധാരണയായി അവ തിരികെ ആവശ്യപ്പെടാറില്ലെന്നും ദിയ പറഞ്ഞു.

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വസ്ത്രം

അഹാനയുടെ വിവാഹത്തിലെ സംഗീത ചടങ്ങിന് ദിയ ധരിച്ച വസ്ത്രത്തിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കുമെന്നാണ് താരം പറഞ്ഞത്. എന്നാൽ പണം നൽകി വാങ്ങിയതല്ലാത്തതിനാൽ കൃത്യമായ വില അറിയില്ലെന്നും ദിയ വ്യക്തമാക്കി.വലിയ വിവാഹച്ചടങ്ങുകളിൽ ധരിക്കുന്ന വസ്ത്രങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരുമെന്ന് പലരും കരുതുമ്പോൾ, ബ്രാൻഡ് സഹകരണങ്ങളിലൂടെ ഇത്തരം വസ്ത്രങ്ങൾ ലഭിക്കുന്ന രീതിയാണ് ദിയയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. അതേസമയം, എല്ലാ വസ്ത്രങ്ങളും എല്ലാ ഇൻഫ്‌ളുവൻസർമാർക്കും സൗജന്യമായി ലഭിക്കണമെന്നില്ല. ബ്രാൻഡുമായുള്ള കരാറും സഹകരണത്തിന്റെ സ്വഭാവവും അനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാകും.

പിന്നീട് വസ്ത്രങ്ങൾ എന്തുചെയ്യും?

ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ഹെവി ഡിസൈനർ വസ്ത്രങ്ങൾ പിന്നീട് എന്തുചെയ്യുമെന്ന ചോദ്യത്തിനും ദിയ മറുപടി നൽകി. ഇത്തരം വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കാറില്ലെന്നാണ് താരം പറയുന്നത്. അഹാനയുടെ വിവാഹം പോലുള്ള പ്രത്യേക അവസരങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങൾ പിന്നീട് സൂക്ഷിക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യാറുണ്ട്.ചില വസ്ത്രങ്ങൾ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ സമ്മാനമായി നൽകും. ഡിസൈനർമാർ സാധാരണയായി വസ്ത്രങ്ങൾ തിരികെ ചോദിക്കാറില്ലെന്നും ദിയ വ്യക്തമാക്കി. എന്നാൽ ഇത്തവണത്തെ വിവാഹച്ചടങ്ങുകളിൽ ഉപയോഗിച്ച ചില വസ്ത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിനുപകരം ഡിസൈനർമാർക്ക് തിരികെ നൽകിയതായും താരം പറഞ്ഞു.

അഹാന- ദിയ വിവാഹ ലുക്ക് താരതമ്യത്തിനും മറുപടി

അഹാനയുടെ വിവാഹത്തിലെ വസ്ത്രധാരണവും ദിയയുടെ സ്വന്തം വിവാഹ ലുക്കും തമ്മിൽ സോഷ്യൽ മീഡിയയിൽ താരതമ്യം നടന്നിരുന്നു. അഹാനയുടെ വിവാഹ ലുക്ക് കണ്ടപ്പോൾ സ്വന്തം വിവാഹത്തിലെ വസ്ത്രധാരണത്തെക്കുറിച്ച് കുറ്റബോധം തോന്നിയോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാൽ ഈ ചോദ്യത്തെ മണ്ടത്തരമെന്നാണ് ദിയ വിശേഷിപ്പിച്ചത്.അഹാനയുടെ വിവാഹ ലുക്ക് തീരുമാനിച്ചത് അഹാന തന്നെയാണെന്നും അതിൽ അവൾ സുന്ദരിയായിരുന്നുവെന്നും ദിയ പറഞ്ഞു. അതുപോലെ സ്വന്തം വിവാഹത്തിന് തനിക്ക് ഇഷ്ടപ്പെട്ട ലുക്കാണ് തിരഞ്ഞെടുത്തത്. മറ്റുള്ളവർക്ക് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്വന്തം ലുക്കിൽ തനിക്ക് പൂർണ തൃപ്തിയുണ്ടെന്നും ദിയ വ്യക്തമാക്കി.''ഷീ മെയ്ഡ് മി ലുക്ക് ലൈക്ക് മീ ബട്ട് ബെറ്റർ'' എന്നായിരുന്നു സ്വന്തം വിവാഹ ലുക്കിനെക്കുറിച്ച് ദിയ പറഞ്ഞത്.

അതായത്, തന്റെ വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ മനോഹരമായി തോന്നുന്ന രീതിയിലാണ് ഡിസൈനർ വസ്ത്രം ഒരുക്കിയതെന്നാണ് ദിയയുടെ വിശദീകരണം.'അമ്മു അവളുടെ രീതിയിൽ പെർഫെക്ട്, ഞാൻ എന്റേതായ രീതിയിലും'എന്നും ദിയ പറഞ്ഞു.അഹാനയും താനും വ്യത്യസ്ത വ്യക്തിത്വങ്ങളുള്ളവരാണെന്നും അതിനനുസരിച്ചാണ് വിവാഹ ലുക്കുകൾ തിരഞ്ഞെടുത്തതെന്നും ദിയ വിശദീകരിച്ചു. അഹാനയെ സ്മാർട്ടും എലഗന്റും കാര്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന വ്യക്തിയുമായാണ് ദിയ വിശേഷിപ്പിച്ചത്. അഹാനയുടെ വിവാഹവും അവളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു.അതേസമയം, സ്വന്തം വിവാഹത്തിൽ തനിക്ക് ഇഷ്ടപ്പെട്ട രീതിയാണ് തിരഞ്ഞെടുത്തത്. അഹാന അവളുടെ രീതിയിൽ പെർഫെക്ടായിരുന്നുവെന്നും താൻ സ്വന്തം രീതിയിൽ പെർഫെക്ടായിരുന്നുവെന്നും ദിയ പറഞ്ഞു. വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്നത് വധുവിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് അതിനെ വിലയിരുത്തേണ്ടതില്ലെന്നും ദിയ കൂട്ടിച്ചേർത്തു.

സ്വർണം ഫ്രീയല്ല

ക്യു ആന്റ് എയിൽ അഹാന കൃഷ്ണയുടെ വിവാഹത്തിന് ധരിച്ച വസ്ത്രങ്ങളെക്കുറിച്ച് ദിയ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. തങ്ങൾ ധരിച്ച വസ്ത്രങ്ങൾ കൊളാബ് ആയിരുന്നുവെന്നാണ് ദിയ പറഞ്ഞത്. അതേസമയം സോഷ്യൽ മീഡിയ ദിയയുടെ വാക്കുകൾ മറ്റൊരു തരത്തിലാണ് പ്രചരിപ്പിച്ചത്. തങ്ങൾക്ക് എല്ലാം ഫ്രീയായി കിട്ടുന്നതാണെന്ന് ദിയ പറഞ്ഞുവെന്നായി പ്രചാരണം.

വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. തങ്ങൾക്ക് എല്ലാം ഫ്രീയായി കിട്ടുന്നതല്ലെന്നാണ് ദിയ പറയുന്നത്. സ്വർണമൊക്കെ ഫ്രീയായി കിട്ടണമെങ്കിൽ തന്റേത് അംബാനിയുടെ കുടുംബമായിരിക്കണമെന്നും ദിയ പറയുന്നു. ഇൻസ്റ്റഗ്രാം റിലിലൂടെയായിരുന്നു ദിയയുടെ പ്രതികരണം.

''ഞാനൊരു ക്യു ആന്റ് എ ഇട്ടതിന് അകത്ത് പറഞ്ഞിരുന്നു, ഞങ്ങൾ എല്ലാവരുടേയും ഡ്രസ് കൊളാബ് ആയിരുന്നുവെന്ന്. എല്ലാം എന്ന് ഞാൻ പറയുമ്പോൾ കൂടുതലും എന്നാണ് അല്ലാതെ എല്ലാം എന്നല്ല. അതൊന്ന് വിശദീകരിക്കണം എന്ന് തോന്നി. ഒരുപാട് പേർ ഹൻസികയുടേയും ഇഷാനിയുടേയുമൊക്കെ ഗോൾഡ് വാങ്ങിക്കുന്ന വീഡിയോയുടെ താഴെ ഇതും ഫ്രീ ആണല്ലേ എന്ന് ചോദിക്കുന്നത് കണ്ടു. അതിനാൽ വിശദീകരിക്കണമെന്ന് തോന്നി. സ്വർണമൊക്കെ ഫ്രീയായി തരണമെങ്കിൽ നമ്മൾ അംബാനിയുടെ കുടുംബം ആയിരിക്കണം. അല്ലാതെ സ്വർണമൊന്നും ആരും ഫ്രീയായി തരില്ല''- ദിയ പറയുന്നു.

സ്വർണവും മറ്റ് ആഭരണങ്ങളും എന്റെ കുടുംബം അവരവരുടെ സമ്പത്തായി വാങ്ങിക്കുന്നതാണ്. അതൊന്നും ആരും ആർക്കും ഫ്രീയായി കൊടുക്കത്തില്ല. എത്ര വർഷം പരിചയമുള്ള കടയാണെങ്കിലും ആരും ഫ്രീയായി കൊടുക്കില്ല. ഡ്രസ് ഇതുപോലെയുള്ള വലിയ പരിപാടികൾക്ക് ഫ്രീയായി കിട്ടും. തെറ്റിദ്ധരിച്ചവർക്ക് വിശദീകരണം നൽകണമെന്ന് തോന്നി. ഒരുപാട് പേർക്ക് കാര്യങ്ങൾ അറിയുമായിരിക്കും. പക്ഷെ ചിലർ ചൊറി കാരണം പറയുന്നതാണ്. അത് നമുക്ക് ഒഴിവാക്കാം'' -എന്നും ദിയ വ്യക്തമാക്കി.

Content Highlights: Ahaana Krishna's wedding outfits were received for free through designer collaborations., Instead of cash payment, social media promotions were provided to the designers., Diya Krishna addressed social media comparisons regarding wedding looks., Heavy designer outfits are either kept at home or gifted after the wedding.