ഡ്രൈവിങ് സീറ്റിലിരിക്കണമെന്ന ആഗ്രഹം സഫലമായി; ദിവ്യ ചക്രക്കസേരയിൽനിന്ന് കാറിലേക്ക്

കൺഗ്രാറ്റ്സ്.....കാറിന് വെളിയിൽ കൈയടി മുഴങ്ങി. നിറഞ്ഞ കണ്ണുകളുമായി ഡ്രൈവിങ് സീറ്റിലിരുന്ന് ദിവ്യ കൈകൂപ്പി. പയ്യന്നൂർ സബ് കോടതിയിലെ ജൂനിയർ സൂപ്രണ്ട് പി.ദിവ്യ ഇനി കാർ ഓടിക്കും. ശനിയാഴ്ച ലൈസൻസ് കിട്ടി. കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് ചക്രക്കസേരയിലായിട്ടും അതിജീവനത്തിന്റെ പോസിറ്റീവ് വൈബാണ് ചൂരൽ സ്വദേശിയായ പി.ദിവ്യ.
എല്ലുപൊട്ടുന്ന അവസ്ഥാവിശേഷം (ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്ട) ചെറുപ്പത്തിൽതന്നെ ദിവ്യയുടെ കാലിന്റെ ചലനശേഷിയെ ബാധിക്കുകയായിരുന്നു. പിന്നീട് ചക്രക്കസേരയിലായിരുന്നു. ചക്രക്കസേരയിൽനിന്ന് കാറിലേക്കുള്ള യാത്രയ്ക്ക് ആരും കൈയടിച്ചുപോകുന്ന പരിശ്രമമുണ്ട്.
അമ്മ പി.നിർമലയിൽനിന്ന് കാർയാത്ര തുടങ്ങാം. മകളെ സ്‌കൂളിൽ കൊണ്ടാക്കാൻ ആദ്യം അമ്മ കാർ ഓടിക്കാൻ പഠിച്ചു. ചൂരലിലും മാത്തിലുമുള്ള സ്‌കൂളുകളിൽ മകൾ നന്നായി പഠിച്ചു. പയ്യന്നൂർ കോളേജിലെത്താൻ അമ്മാവൻ പ്രകാശൻ കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്നു. പിന്നീട് ദിവ്യ സർക്കാർജോലി നേടി. ഓഫീസിലെത്താൻ കൂട്ടിന് ഭർത്താവ് എം.വി.രാജേഷുമുണ്ട്. കാറിന്റെ മുൻസീറ്റിൽനിന്ന് ഡ്രൈവിങ് സീറ്റിലെത്താനുള്ള ആശ അപ്പോഴും മനസ്സിലിരുന്ന് മുന്നേറി. ഒടുവിൽ അയൽവാസി ദിനുദാസ് പരിശീലകനായെത്തി. മാസങ്ങളുടെ കഠിന പരിശ്രമം. ഒരിക്കലും സാധ്യമാകില്ലെന്ന് പറഞ്ഞ അദ്ഭുതത്തോടടുക്കാൻ തളരാതുള്ള പരിശ്രമം.
ശനിയാഴ്ച രാവിലെ 10-ന് കാർ ഓടിച്ച് ലൈസൻസ് നേടി. കൈയടിക്കാൻ ഭർത്താവ് രാജേഷും മക്കളായ ദേവരാഗും രാഗസുധയും ഉൾപ്പെടെയെത്തി. പ്രാർഥനകളുമായി മാത്തിൽ ചൂരലിലെ വീട്ടിൽ അച്ഛൻ സി.കെ.പീതാംബരനും അമ്മ പി.നിർമലയുമുണ്ടായിരുന്നു.
മാറ്റം വരുത്തിയ വണ്ടി
എല്ലാവരുടെയും പ്രോത്സാഹനമാണ് തന്നെ ഡ്രൈവിങ് സീറ്റിലെത്തിച്ചതെന്ന് ദിവ്യ പറഞ്ഞു. മനസ്സ് നിറയെ സന്തോഷമുണ്ട്. ഓട്ടോമാറ്റിക് സാങ്കേതികയിലുള്ള കാറാണ് ഉപയോഗിക്കുന്നത്. അതിന് മലപ്പുറത്തുനിന്ന് അംഗീകൃത മാറ്റം വരുത്തി. കൈകൊണ്ട് നിയന്ത്രിക്കാൻ പറ്റുന്ന ബ്രേക്കും ആക്‌സിലേറ്ററും ഘടിപ്പിച്ചു. ഇനി കാറിനുള്ളിലേക്ക് ചക്രക്കസേര കയറ്റാനുള്ള റാംപ്, ചക്രക്കസേര ഉറപ്പിച്ചുനിർത്താനുള്ള സംവിധാനം ഉൾപ്പെടെ തൃശ്ശൂരിൽനിന്ന് ഒരുക്കും. റിമോട്ട് ഉപയോഗിച്ച് ചക്രക്കസേര ഡ്രൈവിങ് സീറ്റാക്കാം. റാമ്പ് വഴി പിറകുവശത്തുകൂടെ ഇറങ്ങാം.
Content Highlights: P. Divya, a junior superintendent, obtained her driving license despite physical disability., Utilized an automatic car with hand-controlled brakes and accelerators.,