എന്നേക്കാൾ പ്രായം കുറഞ്ഞയാളുടെ പ്രണയം; ഞാൻ ആർക്കും ശുപാർശ ചെയ്യില്ല, അയാളെന്നെ ഉപേക്ഷിച്ചു

പ്രായത്തെയും സാമൂഹിക സങ്കല്പങ്ങളെയും കാറ്റിൽപ്പറത്തി, സൗഹൃദത്തിനും പ്രണയത്തിനും പുതിയ ഭാഷ നൽകിയ 'ദിൽ ചഹ്താ ഹേ' എന്ന ബോളിവുഡ് ചിത്രം റിലീസ് ചെയ്തിട്ട് കാൽനൂറ്റാണ്ട് തികയുകയാണ്. 2001-ൽ തിയേറ്ററുകളിലെത്തി സമകാലിക ഭാരതീയ സിനിമയുടെ ഗതിതന്നെ മാറ്റിയെഴുതിയ ഈ മാസ്റ്റർപീസിന്റെ ഇരുപത്തഞ്ചാം വാർഷിക ആഘോഷവേളയിൽ, ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത നടി ഡിംപിൾ കപാഡിയ പങ്കുവെച്ച രസകരമായ ഓർമ്മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മുംബൈയിൽ സംഘടിപ്പിച്ച പ്രത്യേക വാർഷിക സംഗമത്തിൽ ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, സംവിധായകൻ ഫർഹാൻ അക്തർ, നടി സൊണാലി കുൽക്കർണി, നിർമ്മാതാവ് റിതേഷ് സിദ്ധ്വാനി എന്നിവരൊപ്പമാണ് ഡിംപിൾ കപാഡിയ പഴയ ഓർമ്മകൾ പുതുക്കിയത്.
'എന്നേക്കാൾ പ്രായം കുറഞ്ഞ ചെറുപ്പക്കാരൻ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.’ പുരുഷ സൗഹൃദങ്ങളുടെയും ആധുനിക ജീവിതരീതികളുടെയും പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു ചിത്രത്തിൽ താൻ എന്തുകൊണ്ട് അഭിനയിക്കാൻ സമ്മതിച്ചു എന്ന ചോദ്യത്തിന് ഡിംപിളിന്റെ മറുപടി തികച്ചും ആത്മാർത്ഥവും അതേസമയം സദസ്സിനെ ചിരിപ്പിക്കുന്നതുമായിരുന്നു. 'ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾത്തന്നെ ഞാൻ അതിൽ പൂർണ്ണമായും ആകൃഷ്ടയായി. വളരെ മനോഹരമായ കഥയായിരുന്നു അത്. അതോടൊപ്പം, എന്നേക്കാൾ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരൻ എന്നെ പ്രണയിക്കുന്നു എന്ന ആശയം വലിയ കാര്യമായി തോന്നി. അതുകൊണ്ടാണ് ഞാൻ ആ കഥാപാത്രത്തിന് യെസ് എന്നു പറഞ്ഞത്.’- ഡിംപിൾ ഓർത്തെടുത്തു.
എന്നാൽ, ഇതിനുപിന്നാലെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഡിംപിൾ കൂട്ടിച്ചേർത്തു: 'പക്ഷേ, ഇത്തരമൊരു കാര്യം ഞാൻ ആർക്കും ശുപാർശ ചെയ്യില്ല. നിങ്ങൾ കണ്ടില്ലേ, ആ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധാർത്ഥ് (അക്ഷയ് ഖന്ന) പിന്നീട് തിരികെ വന്നിട്ടേയില്ല. അവൻ എന്നെ ഉപേക്ഷിച്ചു പോകുകയാണ് ചെയ്തത്.’
ചിത്രത്തിൽ താര ശർമ്മ എന്ന മധ്യവയസ്‌കയായ, വിവാഹമോചിതയായ മദ്യപാനിയായ സ്ത്രീയായിട്ടാണ് ഡിംപിൾ കപാഡിയ വേഷമിട്ടത്. അക്ഷയ് ഖന്ന അവതരിപ്പിച്ച സിദ്ധാർത്ഥ് എന്ന യുവചിത്രകാരൻ പ്രായവ്യത്യാസങ്ങളെല്ലാം മറന്ന് താരയോട് പുലർത്തുന്ന ഗാഢമായ പ്രണയം ചിത്രത്തിന്റെ ഏറ്റവും വൈകാരികമായ ഭാഗമായിരുന്നു. എന്നാൽ, ഈ റോൾ ചെയ്യാനുള്ള ഭയം കാരണം ആദ്യം താൻ ഇതിൽനിന്നു പിന്മാറാൻ ശ്രമിച്ചിരുന്നുവെന്ന് ഡിംപിൾ വെളിപ്പെടുത്തി.
'കഥാപാത്രം വളരെ മനോഹരമായിരുന്നെങ്കിലും അത് ചെയ്ത് ഫലിപ്പിക്കുക അല്പം ബുദ്ധിമുട്ടായിരുന്നു. എന്റെ സ്വഭാവംവെച്ച് ആ ഉത്തരവാദിത്തത്തിൽനിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ വേഷം ചെയ്യാൻ മറ്റ് നായികമാരുടെ പേരുകൾ നിർദ്ദേശിക്കുന്ന തിരക്കിലായിരുന്നു ഞാൻ. ഈ കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാനുള്ള ധൈര്യം എനിക്കുണ്ടോ എന്ന് ഞാൻ സംശയിച്ചു. എന്നാൽ, ദൈവാനുഗ്രഹം കൊണ്ട് നല്ല ബുദ്ധി ഉദിക്കുകയും ഞാൻ ആ ഓഫർ സ്വീകരിക്കുകയും ചെയ്ത.' ഡിംപിൾ പറഞ്ഞു.
2001-ൽ പുറത്തിറങ്ങിയ 'ദിൽ ചഹ്താ ഹൈ' ഇന്ത്യൻ സിനിമയിൽ ഒരു പുതിയ തരംഗത്തിന് തുടക്കമിട്ടു. പരമ്പരാഗത പ്രണയ സങ്കല്പങ്ങളെയും സൗഹൃദ ചട്ടക്കൂടുകളെയും പൊളിച്ചെഴുതിയ ചിത്രം, അന്നത്തെ യുവതലമുറയുടെ ജീവിതരീതികളെയും ആശയക്കുഴപ്പങ്ങളെയും യാഥാർത്ഥ്യബോധത്തോടെയാണ് സ്‌ക്രീനിൽ എത്തിച്ചത്. സമൂഹത്തിന്റെ പൊതുധാരണകൾക്ക് അപ്പുറമുള്ള പ്രണയത്തെക്കുറിച്ചും തുറന്ന ചർച്ചകൾക്ക് ചിത്രം വഴിവെച്ചു.
ചിത്രത്തിന്റെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സെയ്ഫ് അലി ഖാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഈ വേളയിൽ ശ്രദ്ധേയമാകുന്നുണ്ട്. ഗോവയിലെ ചിത്രീകരണം തികച്ചും ആഘോഷഭരിതമായിരുന്നുവെന്നും, പുതുമുഖ സംവിധായകനായിരുന്നിട്ടും ഫർഹാൻ അക്തർ വളരെ ലളിതമായും സംഘർഷങ്ങളില്ലാതെയുമാണ് സെറ്റ് കൈകാര്യം ചെയ്തതെന്നും സെയ്ഫ് ഓർത്തെടുത്തു. ചിത്രീകരണത്തിന് ശേഷം ഗോവയിലെ കടൽത്തീരം വൃത്തിയാക്കി പൂർവ്വസ്ഥിതിയിലാക്കിയ ശേഷമാണ് സംഘം മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രീതി സിന്റ, അയൂബ് ഖാൻ, രജത് കപൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കാൽനൂറ്റാണ്ടിനു ശേഷവും സിനിമാസ്‌നേഹികളുടെ മനസ്സിൽ ആവേശമായി ഇന്നും നിലകൊള്ളുന്നു.
Content Highlights: Dil Chahta Hai completes 25 years in 2026 since its 2001 release., Dimple Kapadia shared hilarious memories of her romance with a younger co-star., The cast and crew reunited in Mumbai to celebrate the silver jubilee anniversary., Saif Ali Khan recalled fun memories from the Goa shoot.