അച്ഛന്റെ കയ്യിലേക്ക് പിറന്നു വീണമകളും ഭര്‍ത്താവിന്റെ കൈ പിടിച്ച് പ്രസവിച്ച ഭാര്യയും

#രജി ആര്‍. നായര്‍
ആംസ്ട്രോങ്ങ്, ഭാര്യ ജീബ, മക്കള്‍ റോസ്, ആന്‍, ഡൊമിനിക്ക് എന്നിവര്‍ക്കൊപ്പം
ആംസ്ട്രോങ്ങ്, ഭാര്യ ജീബ, മക്കള്‍ റോസ്, ആന്‍, ഡൊമിനിക്ക് എന്നിവര്‍ക്കൊപ്പം

ആദ്യത്തെ കണ്‍മണിക്കുവേണ്ടി രാവിലെ ആറു മണിമുതല്‍ ലേബര്‍ റൂമിന് പുറത്ത് കാത്തുനില്‍പ് തുടങ്ങിയതാണ് ആംസ്‌ട്രോങ്. ഇടയ്ക്കിടെ നഴ്‌സിനോട് ചോദിക്കും, ''എന്തായി?''. നഴ്‌സ് വലിയ വികാരമൊന്നുമില്ലാതെ മറുപടി പറയും. '' ഇപ്പൊഴൊന്നും ആവില്ല്യ..പറയാം ട്ടോ..'' അങ്ങനെ മണിക്കൂറുകള്‍ കടന്നുപോയി. അകത്ത് ഭാര്യ ജീബയുടെ അവസ്ഥയെന്താവും എന്ന ആധിയില്‍ ഭക്ഷണംപോലും കഴിച്ചിട്ടില്ല. ഒടുവില്‍ ആരൊക്കെയോ ഉന്തിത്തള്ളി ഭക്ഷണം കഴിക്കാന്‍ വിട്ടു. ഭക്ഷണം കഴിക്കാന്‍ പോയതും ജീബ പ്രസവിച്ചു. ''അന്ന് തീരുമാനിച്ചതാണ്, ഇനി ഭാര്യ പ്രസവിക്കുമ്പോ അടുത്തുണ്ടാവുമെന്ന്. രണ്ടു വര്‍ഷം കഴിഞ്ഞ് അടുത്ത പ്രസവത്തിന് ഞാന്‍ അവളുടെ അടുത്ത് നിന്നു; ലേബര്‍ റൂമില്‍ത്തന്നെ'' 19 വര്‍ഷം മുമ്പുള്ള കഥയാണ്. തൃശൂര്‍ സ്വദേശി ആംസ്‌ട്രോങ് ആ കഥ പറയുമ്പോള്‍ ഭാര്യ ജീബ അടുത്തിരിപ്പുണ്ടായിരുന്നു.
 
''രണ്ടാമത്തെ പ്രസവത്തിന് ലേബര്‍ റൂമില്‍ തുടക്കംമുതലേ ഞാനുണ്ട്. രാവിലെ എട്ടുമണിക്ക് കയറി. അവളുടെ വേദന ഞാന്‍ കാണുന്നുണ്ടായിരുന്നു. എന്നാലും കാര്യങ്ങള്‍ ഓരോന്നും ലേബര്‍ റൂമിലുള്ളവര്‍ പറഞ്ഞുതന്നിരുന്നു. കുട്ടി എവിടെയാണെന്ന് അവര്‍ വയറില്‍ മാര്‍ക്ക് ചെയ്യുന്നത് എനിക്ക് കാണാം. തൊട്ടുനോക്കാം. ഡോക്ടര്‍ പറഞ്ഞു, ''കുട്ടി വരാന്‍ മൂന്ന് മണിക്കൂെറങ്കിലും എടുക്കും. ആംസ്‌ട്രോങ് കഴിച്ചുവന്നോളൂ.'' ഞാന്‍ പുറത്തിറങ്ങി കൂള്‍ ആയി കഴിച്ചുവന്നു. പിന്നെയായിരുന്നു കഠിനവേദന. ഇവള് നഖംവെച്ച് ഒരു പിടുത്തം പിടിച്ചിട്ടുണ്ട്.'' ആംസ്‌ട്രോങ് കൈത്തണ്ട കാണിച്ചുതന്നു; ഇന്നലെ കഴിഞ്ഞപോലെ. 

''ഒന്നാലോചിച്ചു നോക്കൂ, ലേബര്‍ റൂമിന്റെ പുറത്ത് ഒരു ഗര്‍ഭിണിയുടെ മിനിമം അഞ്ച് ബന്ധുക്കളെങ്കിലും കാത്തുനില്‍ക്കുന്നുണ്ടാവും. അതില്‍ രണ്ടുപേരെങ്കിലും പ്രായമുള്ളവരാവും. ആ കാത്തുനില്‍പ്പില്‍ അവര്‍ക്ക് ഷുഗര്‍ കുറയാം, പ്രഷര്‍ കൂടാം. ഭര്‍ത്താവിനാണെങ്കില്‍ വെപ്രാളവും. അകത്തുകിടക്കുന്ന പെണ്ണിന് വേദന സഹിക്കാനും പറ്റുന്നുണ്ടാവില്ല. ഇതിേനക്കാള്‍ നല്ലത് ഭര്‍ത്താവ് ഭാര്യയുെട അടുത്ത് നിന്ന് പ്രസവം നോക്കുന്നതല്ലേ? കുഞ്ഞ് പുറത്തേക്ക് വരുന്ന സമയം ഒരു പതിനഞ്ച് മിനിറ്റേ ഉള്ളൂ. അന്ന് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ക്ലാംബ്  ചെയ്ത് കുഞ്ഞിെനയും അമ്മയെയും കൊണ്ടാണ് ഞാന്‍ പുറത്തുവന്നത് '' പഴയ അതേ ആവേശേത്താടെ ആംസ്‌ട്രോങ് പറഞ്ഞു. ''ഒരു കാര്യംണ്ട് ട്ടോ,ധൈര്യമില്ലാത്ത ഭര്‍ത്താക്കന്മാരെ കയറ്റരുത്. ചോര കണ്ട് അവര് തല കറങ്ങിവീണിട്ട് ആശുപത്രിയില്‍ കൊണ്ടോണ്ടി വരും.'' ഭര്‍ത്താവിന്റെ കമന്റില്‍ ഇരുവരും ഒന്നിച്ച് ചിരിച്ചു.

''അന്ന് എന്റെ പ്രസവസമയത്ത് ലേബര്‍ റൂമില്‍ മറ്റാരും പ്രസവിക്കാനില്ലായിരുന്നു. അതുകൊണ്ട് പ്രൈവസി കിട്ടി. എന്റെ അമ്മയ്ക്ക് പ്രസവം കാണാന്‍ ധൈര്യമില്ലായിരുന്നു. പക്ഷേ ആംസ്‌ട്രോങിന്റെ അമ്മ ലേബര്‍ റൂമില്‍ വന്നു.'' ജീബ സുഖമുള്ള ആ ഓര്‍മ്മയിലേക്ക് മടങ്ങി. തനിക്ക് കിട്ടിയത് ഒരു ഭാഗ്യമാണെന്ന് ജീബക്കറിയാം. അതിനേക്കാള്‍ ആഹ്ളാദത്തോടെ മറ്റൊരാള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു; അച്ഛന്റെ കൈയിലേക്ക് ആദ്യം പിറന്നുവീണ മകള്‍ ആന്‍! ആ ആനന്ദത്തിലേക്ക് അഞ്ചാം ക്ലാസുകാരന്‍ ഡൊമിനിക്ക് കൂടി ചേര്‍ന്നു. അച്ഛനാണ് അവനെയും ആദ്യം കണ്ടത്. ഹൃദയത്തില്‍നിന്ന് പിറന്ന മൂന്ന് കുഞ്ഞുങ്ങളെയും ആംസ്‌ട്രോങും ജീബയും ചേര്‍ത്തുപിടിച്ചതോടെ ആ കുടുംബചിത്രത്തില്‍ മിഴിവ് നിറഞ്ഞു.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: companionship during labour

Content Highlights: