12,000കോടിയുടെ സാമ്രാജ്യം 74 രൂപയ്ക്ക് വിൽക്കേണ്ടി വന്ന വ്യവസായി; ബിസിനസ്സിലെ വളർച്ചയും തകർച്ചയും

ആധുനിക ഇന്ത്യൻ വ്യവസായ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഒരുപക്ഷെ ഏറ്റവും നാടകീയത നിറഞ്ഞ കഥകളിലൊന്ന് ബിആർ ഷെട്ടിയുടെ ഉയർച്ചയും തകർച്ചയുമാണ്. 12,478 കോടി രൂപയുടെ സാമ്രാജ്യം വെറും 74 രൂപയ്ക്ക് വിൽക്കേണ്ടി വന്ന ഹതഭാഗ്യനായ ബിസിനസ്സുകാരനായിരുന്നു ഷെട്ടി. ബിസിനസ്സ് മേഖലയിലെ വിജയം എത്രമേൽ ക്ഷണികമെന്നുള്ളതിന്റെ നേർക്കാഴ്ചയായിരുന്നു ഷെട്ടിയുടെ പതനം. കഠിനാധ്വാനം കൊണ്ടും തന്ത്രങ്ങൾ കൊണ്ടുമാണ് വലിയൊരു ബിസിനസ് സാമ്രാജ്യം ഷെട്ടി കെട്ടിപ്പടുക്കുന്നത്.
1942ൽ കർണാടകയിലെ ഉഡുപ്പിയിലാണ് ഷെട്ടി ജനിക്കുന്നത്. 1973ലാണ് പോക്കറ്റിൽ ഏഴ് ദിർഹവുമായി പുതിയ അവസരങ്ങൾ തിരഞ്ഞ് ഷെട്ടി ദുബായിലെത്തുന്നത്. ഫാർമസിസ്റ്റായി പരിശീലനം നേടിയ ഷെട്ടി, യുഎഇയിലെ ആദ്യ മെഡിക്കൽ റെപ്രസൻന്റേറ്റീവായി കരിയർ ആരംഭിച്ചു. മരുന്നുകളുമായി ഓരോ വാതിലും മുട്ടി. 1975ലാണ് ലോണുകളുടെ സഹായത്തോടെ അബുദാബിയിൽ ഷെട്ടി ന്യൂ മെഡിക്കൽ സെന്റർ സ്ഥാപിക്കുന്നത്. ഭാര്യ ചന്ദ്രകുമാരി ഷെട്ടിയായിരുന്നു മെഡിക്കൽ സെന്ററിലെ ഏക ഡോക്ടർ. വർഷങ്ങൾ പിന്നിടുന്നതിനൊപ്പം ആ മെഡിക്കൽ സെന്ററും വളർന്നു. വിജയത്തേരിലേറിയ ബിസിനസുകാരൻ ഷെട്ടി ആഗോളതലത്തിൽ പ്രശസ്തനായി. വ്യാപാരത്തിലെ സംഭാവനകൾ മാനിച്ചുകൊണ്ട് 2009ൽ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
2018ൽ ഷെട്ടി തന്റെ ധനകാര്യ സേവന ബിസിനസുകൾക്കായി ഒരു ഹോൾഡിംഗ് കമ്പനിയായി ഫിനാബ്ലർ ആരംഭിച്ചു. ആഡംബര സ്വത്തുക്കൾ, ബുർജ് ഖലീഫയിൽ ഓഹരികൾ,സ്വകാര്യ ജെറ്റുകൾ, 2014 ൽ ഫോർബ്സിന്റെ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം എന്നിവയോടെ അദ്ദേഹത്തിന്റെ സമ്പത്ത് കുതിച്ചുയർന്നു.
2019ലാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മഡ്ഡി വാട്ടേഴ്സ് ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു റിപ്പോർട്ട് പുറത്തിറക്കി. 80 ബാങ്കുകളിലായി 48,967 കോടി രൂപയുടെ കടം ഷെട്ടിക്കുള്ളതായി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഈ വെളിപ്പെടുത്തലുകൾ ഷെട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. ലെൻഡേഴ്സ് പിന്മാറി, വൈകാതെ കമ്പനിയുടെ സാമ്പത്തിക അടിത്തറ തകർന്നു.
നിയമപരമായ കുരുക്കുകളും നിക്ഷേപകരുടെ കടുത്ത സമ്മർദ്ദവും കൂടിയായപ്പോൾ സ്ഥിതി കൂടുതൽ വഷളായി.സ്വത്തുക്കൾ ഭൂരിഭാഗവും വിറ്റു, അതിൽ പ്രധാനപ്പെട്ടതായിരുന്നു ഒരിക്കൽ 12,478 കോടി രൂപയിലധികം വിപണി മൂല്യമുണ്ടായിരുന്ന ഫിനബ്ലർ 74 രൂപയ്ക്ക് വിൽക്കേണ്ടി വന്നത്.പ്രതീകാത്മകമായ അല്ലെങ്കിൽ നിയമപരമായ ബാധ്യതകൾ തീർക്കുന്നതിന്റെ ഭാഗമായുള്ള തുകയ്ക്ക് കമ്പനി കൈമാറാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു.
വിജയത്തിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴും ബിസിനസ്സ് രംഗത്ത് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അപ്രതീക്ഷിത വീഴ്ചകളുടെയും, തെറ്റായ സാമ്പത്തിക നീക്കങ്ങൾ ഒരു കമ്പനിയെ എങ്ങനെയെല്ലാം തകർത്തെറിയാം എന്നതിന്റെയും മുന്നറിയിപ്പാണ് ഈ സംരംഭകന്റെ അനുഭവം ലോകത്തിന് നൽകുന്നത്.
Content Highlights: BR Shetty's journey from a pharmacist in Udupi to a global billionaire., The establishment of the New Medical Centre (NMC) in Abu Dhabi., The 2019 Muddy Waters report that exposed massive financial irregularities., The collapse of the Finablr empire and the sale of assets for a symbolic 74 rupees., Lessons on financial management and the volatility of business success.