സ്ത്രീകൾ ആഗ്രഹിക്കുന്നത് രൺവീറിനെപ്പോലൊരു 'വൈഫ് ഗൈ'യെ; ചർച്ചയുമായി സോഷ്യൽ മീഡിയ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
രണ്‍വീര്‍ സിങ്ങും ദുവയും ദീപിക പദുക്കോണും, രണ്‍വീര്‍ സിങ്ങും ദീപികയും | Photo: Instagram/ Ranveer Singh
രണ്‍വീര്‍ സിങ്ങും ദുവയും ദീപിക പദുക്കോണും, രണ്‍വീര്‍ സിങ്ങും ദീപികയും | Photo: Instagram/ Ranveer Singh

വൈഫ് ഗൈ! ബോളിവുഡ് നടൻ രൺവീർസിങ്ങിനെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. കാരണം മറ്റൊന്നുമല്ല, ഭാര്യയായ ദീപിക പദുകോണിനോടുള്ള സ്‌നേഹവും ആരാധനയും പരസ്യമായി പ്രകടിപ്പിക്കാൻ ഒരുകാലത്തും രൺവീർ വൈമുഖ്യം പ്രകടിപ്പിച്ചിട്ടില്ല. രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരദമ്പതിമാർ, ഇതിനിടയിൽ കഴിഞ്ഞ ദിവസം ആദ്യകുഞ്ഞായ ദുവയുടെ രണ്ടാം പിറന്നാൾ ദിനത്തിൽ താരദമ്പതിമാർ മകൾക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടെ വീണ്ടും വൈഫ് ഗൈ എന്ന വാക്ക് വീണ്ടും സോഷ്യൽ മീഡിയ ചർച്ചചെയ്യുകയാണ്.

വൈഫ് ഗൈ എന്ന വാക്കിന്റെ ഉദയവും പതനവും

സ്വന്തം ഭാര്യയോടുള്ള അതിരറ്റ സ്‌നേഹവും ബഹുമാനവും ഇന്റർനെറ്റിലൂടെ പരസ്യമായി പ്രകടിപ്പിക്കുകയും, ഭാര്യയെക്കുറിച്ചുള്ള പോസ്റ്റുകളിലൂടെ സോഷ്യൽ മീഡിയയിൽ ജനപ്രീതി നേടുകയും ചെയ്യുന്ന പുരുഷന്മാരെ വിശേഷിപ്പിക്കാനാണ് വൈഫ് ഗൈ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രശസ്തരായ നടിമാരെ വിവാഹം കഴിച്ച വ്യക്തികളെയും ഈ ഗണത്തിൽ പെടുത്തി വിളിച്ച് തുടങ്ങിയതോടെയാണ് ഈ വാക്കിന്റെ യഥാർത്ഥ അർഥം നഷ്ടമാകാൻ തുടങ്ങി. മാത്രമല്ല തുടക്കത്തിൽ വൈഫ് ഗൈ എന്നത് ഒരു പോസ്റ്റീവ് വിശേഷണമായിരുന്നെങ്കിൽ വൈഫ് ഗൈ എന്ന് സ്വയം അവകാശപ്പെട്ട ചിലരുടെ പ്രവൃത്തികൾ ഈ പ്രയോഗത്തിന്റെ വിശ്വാസ്യത തകർത്തു. സ്വന്തം ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുക എന്നതിനേക്കാൾ, ലൈക്കുകളും ഫോളോവേഴ്സിനെയും നേടാനുള്ള ഒരു ബ്രാൻഡിംഗ് മാർഗ്ഗമായി പലരും ഇതിനെ ദുരുപയോഗം ചെയ്യാൻ തുടങ്ങി. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഭാര്യയെ വാനോളം പുകഴ്ത്തി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന പല പ്രശസ്ത വൈഫ് ഗൈമാരും വ്യക്തിജീവിതത്തിൽ വലിയ വഞ്ചനകൾ നടത്തിയത് പുറത്തുവന്നതോടെ സ്വാഭാവികമായും വൈഫ് ഗൈ എന്ന വാക്കിന്റെ അർഥം തന്നെ മാറി.

ട്രെൻഡാകുന്ന പല വാക്കുകളും കാലക്രമേണ അർത്ഥശൂന്യമായി മാറാറുണ്ടെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി വൈഫ് ഗൈ മാറിയിരുന്നു. ഇതിനിടയിലാണ് പുതിയ ഫോട്ടോഷൂട്ടുമായി രൺവീറും കുടുംബവുമെത്തിയത്. ഇതോടെ യഥാർഥ വൈഫ് ഗൈ കാലഘട്ടം തിരിച്ചുവന്നിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ഭാര്യമാരെ തമാശകളിൽ താഴ്ത്തിക്കെട്ടുന്ന പഴഞ്ചൻ പൗരുഷ സങ്കൽപ്പങ്ങളേക്കാൾ മനോഹരമാണ് ഭാര്യയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരം. ഇന്റർനെറ്റ് വിശേഷണങ്ങൾക്കപ്പുറം, സ്വന്തം ജീവിതപങ്കാളിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്.

സെലിബ്രിറ്റികൾക്കിടയിലെ വൈഫ് ഗൈ

ഓഫ്‌സ്‌ക്രീൻ-ഓൺസ്‌ക്രീൻ കെമിസ്ട്രിയിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന താരജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. സിനിമയിലെയും ജീവിതത്തിലെയും വിജയങ്ങൾ തലയ്ക്കു പിടിക്കാതെ, എന്നെ എപ്പോഴും ഭൂമിയിൽനിർത്തുന്നത് എന്റെ ഭാര്യയാണ്. അവളാണ് എന്റെ ജീവിതത്തിലെ ആങ്കർ. എന്നാണ് ഒരിക്കൽ ഒരു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് രൺവീർ പറഞ്ഞ്. പിന്നീട് പലപ്പോഴും പൊതുവേദിയിൽ ദീപികയുടെ നേട്ടങ്ങളെ അതീവസന്തോഷത്തോടെ ആഘോഷിക്കുന്ന രൺവീറിനെ ആരാധകർ കണ്ടിട്ടുണ്ട്. വലിയ താരമായി മാറിയ ദീപിക രൺവീറിനേക്കാൾ ശമ്പളം വാങ്ങുന്ന സമയത്താണ് ഇരുവരും വിവാഹം കഴിക്കുന്നത് പോലും.

virat kohli,anushka sharma|photo:AFP,ANI

റെഡ് കാർപെറ്റിൽ ഭാര്യ സെൻഡ്യ പ്രത്യക്ഷപ്പെട്ടപ്പോൾ അത്ഭുതത്തോടെ അതാസ്വദിച്ച ടോം ഹോളണ്ട് മുതൽ വിരാട് കോലിയും, നിക്ക് ജൊനാസും, റിതേഷ് ദേശ്മുഖുമെല്ലാം ആ പട്ടികയിൽ ഉണ്ട്. വിരാട് കോഹ്ലിയുടെ ജീവിതത്തിലെ ഏറ്റവും വലിയ 'ടേണിംഗ് പോയിന്റ്' ഏതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ നടി അനുഷ്‌ക ശർമ്മയുമായുള്ള കണ്ടുമുട്ടൽ. പ്രണയവും ദാമ്പത്യവും തന്നിലെ വ്യക്തിയെയും ക്രിക്കറ്ററെയും എങ്ങനെ മാറ്റിമറിച്ചു എന്ന് കോഹ്ലി ഒരിക്കൽ പങ്കുവെച്ചിട്ടുണ്ട്. താൻ വളർന്നുവന്ന ചുറ്റപാടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ജീവിത വീക്ഷണം തനിക്ക് നൽകിയത് അനുഷ്‌കയാണെന്ന് ഒരു പോഡ്കാസ്റ്റിൽ കോഹ്ലി വ്യക്തമാക്കിയിരുന്നു. 'ഒരാളുമായി പ്രണയത്തിലാവുമ്പോൾ, നമ്മൾ ആ വ്യക്തിക്കൊപ്പം മുന്നോട്ട് പോകാൻ നമ്മളിൽ തന്നെ പല മാറ്റങ്ങളും വരുത്താൻ തുടങ്ങും. നമ്മൾ സ്വയം തുറക്കുകയും, വ്യത്യാസങ്ങൾ അംഗീകരിക്കാൻ പഠിക്കുകയും ചെയ്യും. അനുഷ്‌കയെ കണ്ട് ഡേറ്റിംഗ് തുടങ്ങിയ ശേഷമാണ് ഞാൻ എന്ന വ്യക്തിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്.' തന്റെ കരിയറിലെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ അനുഷ്‌കയാണെന്നു കോഹ്ലി തുറന്നുപറഞ്ഞിരുന്നു.

ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും | Photo: ANI, AFP

അതുപോലെ ബോളിവുഡിലെ മാതൃകാ ദമ്പതിമാരായി പ്രേക്ഷകർ നെഞ്ചിലേറ്റിയ രണ്ട് താരങ്ങളാണ് റിതേഷ് ദേശമുഖും ജനീലിയ ഡിസൂസയും. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദവും 12 വർഷത്തിലേറെയായ ദാമ്പത്യജീവിതവും ഇന്നും തിളക്കം മങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്ന ദമ്പതിമാരാണ് ഇവർ. റീലുകളിലും പൊതുവേദികളിലും ഇവർ പങ്കുവെക്കുന്ന സ്‌നേഹം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പരസ്പരമുള്ള സൗഹൃദമാണ് ഒരു ബന്ധത്തെ ഏത് പ്രതിസന്ധിയിലും തളരാതെ നിർത്തുന്നതെന്നാണ് ഇവരുടെ ജീവിതം കാണിച്ചുതരുന്നത്. സോഷ്യൽ മീഡിയയിൽ റിതേഷും ജനീലിയയും പങ്കുവെക്കുന്ന രസകരമായ വീഡിയോകൾ അവരുടെ കെമിസ്ട്രിയുടെ തെളിവാണ്. ദാമ്പത്യത്തിൽ പ്രായവും ഉത്തരവാദിത്തങ്ങളും കൂടുമ്പോൾ ജീവിതത്തിലെ തമാശയും കുസൃതികളും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒന്നിച്ചിരുന്ന് ചിരിക്കാൻ സാധിക്കുന്നത് ബന്ധങ്ങളുടെ ഊഷ്മളത വർദ്ധിപ്പിക്കും. വ്യക്തിപരമായ കാര്യങ്ങളിലും കരിയറിലും പരസ്പരം പിന്തുണ നൽകാൻ ഇരുവരും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ജനീലിയ സിനിമാരംഗത്തേക്ക് തിരികെ എത്തിയപ്പോഴും നിർമ്മാണ സംരംഭങ്ങൾ തുടങ്ങിയപ്പോഴും ശക്തമായ പിന്തുണയുമായി റിതേഷ് ഒപ്പമുണ്ടായിരുന്നു. തങ്ങളുടെ ബന്ധത്തിൽ ഈഗോയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഇരുവരും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുകൾ പറ്റിയാൽ മാപ്പ് പറയാനും, പങ്കാളിയുടെ സന്തോഷത്തിനായി വിട്ടുവീഴ്ചകൾ ചെയ്യാനും ഇവർ മടിക്കാറില്ല.

Content Highlights: Ranveer Singh and Deepika Padukone's maternity photoshoot sparks fresh internet discussions about the 'Wife Guy' phenomenon., The evolution of the term 'Wife Guy' from a positive descriptor of supportive husbands to a misused branding tool., Celebrity couples like Virat Kohli-Anushka Sharma and Riteish Deshmukh-Genelia D'Souza exemplify genuine mutual respect and support in relationships.