10 മണിക്കും ഒഴിഞ്ഞുകിടക്കുന്ന കസേരകൾ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നത് ഉല്പാദനക്ഷമതയെ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Bala Panneerselvam/Linkedin
പ്രതീകാത്മക ചിത്രം | Photo: Bala Panneerselvam/Linkedin

രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പുതുമയുള്ള കാര്യമല്ല. ഇപ്പോഴിതാ രൂക്ഷമായ ഈ ഗതാഗതക്കുരുക്ക് ബെംഗളൂരുവിലെ തൊഴിൽ സംസ്‌കാരത്തെയും ഉൽപ്പാദനക്ഷമതയെയും ഒരുപോലെ തളർത്തുന്നു എന്ന ആരോപണമുയർത്തിയിരിക്കുകയാണ് ഒരു സംരംഭകനായ ബാല പനീർസെൽവം. രാവിലെ 10 മണിയായിട്ടും ഒഴിഞ്ഞുകിടക്കുന്ന ഓഫീസിലെ കസേരകളുടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ കാര്യക്ഷമതയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇയാൾ വ്യക്തമാക്കിയത്. അപ്ലൈഡ് എഐ സ്റ്റുഡിയോ, അപ്ലൈഡ് എഐ ക്ലബ് കമ്യൂണിറ്റി തുടങ്ങിയവയുടെ സ്ഥാപകനാണ് ബാല പനീർസെൽവം.

മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് കാരണം ജീവനക്കാർക്ക് കൃത്യസമയത്ത് ഓഫീസിലെത്താൻ സാധിക്കുന്നില്ല. ചുരുങ്ങിയ കിലോമീറ്ററുകൾ പിന്നിടാൻ പോലും ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ വേണം. ഇത് ജീവനക്കാരുടെ ഊർജ്ജം ചോർത്തിക്കളയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.' നാല് കിലോമീറ്റർ പിന്നിടണമെങ്കിൽ സ്‌കൂട്ടറിൽ 20 മിനിട്ട് സമയം എടുക്കും. കാറിലാണെങ്കിൽ 30 മിനിട്ട്. തിരക്കേറിയ സമയമാണെങ്കിൽ വീണ്ടും ഒരു പത്തുമിനിട്ട് കൂടി വേണ്ടി വരും. ഇങ്ങനെ ഓടിപ്പിടിച്ച് ഓഫീസിൽ വന്നെത്തുമ്പോൾ ഊർജമെല്ലാം നഷ്ടപ്പെട്ട് ഒട്ടും ഫ്രഷായിരിക്കില്ല ജീവനക്കാർ'. പനീർ സെൽവം ചൂണ്ടിക്കാട്ടുന്നു. ഓഫീസിലെത്താൻ മണിക്കൂറുകൾ നീളുന്ന യാത്ര വേണ്ടി വരുന്നതോടെ ദിവസത്തിന്റെ തുടക്കത്തിൽത്തന്നെ ജീവനക്കാർ മാനസികമായി തളരുകയാണ്. ഇത് അവരുടെ ജോലിയിലുള്ള ശ്രദ്ധയെയും കമ്പനികളുടെ മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു.

ഓഫീസ് വിട്ട് ആറുമണിക്ക് ഇറങ്ങിയാൽ വീട്ടിലെത്താൻ റോഡിൽ ഇതിന്റെ ഇരട്ടി സമയം ചെലവഴിക്കേണ്ടി വരും. സമാനമായ രീതിയിൽ ബാക്കിയുള്ള എനർജി റോഡിൽ കളയുന്നതിനാൽ വ്യക്തിപരമായ ജീവിതം ആസ്വദിക്കാനാവാതെ വരും. ഈ ലൂപ്പ് തുടർന്നുകൊണ്ടേയിരിക്കുമെന്നും ബാല ചൂണ്ടിക്കാണിക്കുന്നു. വൈറ്റ്ഫീൽഡിൽ നിന്ന് എച്ച്എസ്ആറിലേക്ക് എത്താനായി രണ്ടുമണിക്കൂർ താനെടുത്തു എന്നും ബാല പറയുന്നുണ്ട്.

ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു നഗരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വ്യവസായ മേഖല നേരിടുന്ന വലിയ തിരിച്ചടിയാണ് ഈ സംഭവം വെളിവാക്കുന്നത്.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. നിരവധി ഐ.ടി ജീവനക്കാരും സംരംഭകരും ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും വ്യാപകമാക്കണമെന്നും ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് നെറ്റിസൺസിന്റെ ആവശ്യം.

ഗതാഗതക്കുരുക്ക് മാത്രമല്ല തകർന്ന റോഡുകളും റോഡിലെ കുഴികളും വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നതെന്ന് ആളുകൾ പറയുന്നുണ്ട്.

Content Highlights: Bangalore's heavy traffic causes employees to arrive late with empty office desks at 10 AM., Long commutes drain employees' energy, directly reducing workplace productivity., Entrepreneurs and IT workers demand better infrastructure and a return to work-from-home options., Poor road conditions and potholes worsen the daily commute crisis in India's Silicon Valley.